Wednesday
22 Nov 2017

റണ്‍മല കടക്കാനാവാതെ ലങ്ക തോറ്റമ്പി

By: Web Desk | Friday 1 September 2017 1:49 AM IST

കൊളംബോ: നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ റണ്‍മല കയറാനാവാതെ ലങ്കന്‍ താരങ്ങള്‍ കിതച്ചു വീണു. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ കൂറ്റന്‍ വിജയം.
അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ റണ്‍മല പടുത്തുയര്‍ത്തിയത്. എന്നാല്‍ തന്റെ മുന്നൂറാം ഏകദിന മത്സരത്തിനിറങ്ങിയ ധോണിയ്ക്ക് ഒരു റണ്‍സിന് അര്‍ധസെഞ്ചുറി നഷ്ടമായി. 42 പന്തില്‍ നിന്ന് ധോണി പുറത്താകാതെ 49 റണ്‍സ് സ്‌കോര്‍ ചെയ്തു. ധോണിക്കൊപ്പം ക്രീസില്‍ നിന്ന മനീഷ് പാണ്ഡെ അര്‍ധസെഞ്ചുറി 50 (42) കുറിച്ചു. രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്.
സെഞ്ചുറികളോടെ മുന്നില്‍നിന്നു നയിച്ച വിരാട് കോലി രോഹിത് ശര്‍മ കൂട്ടുകെട്ടിന്റെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 375/5 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ആറ് റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡില്‍ ഉള്ളപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.
വിരാട് കോലി (96 പന്തില്‍ 131), രോഹിത് ശര്‍മ (88 പന്തില്‍ 104) എന്നിങ്ങനെയായിരുന്നു മുന്‍നിരയുടെ സംഭാവന. 17 ബൗണ്ടറികളും രണ്ടു സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സെങ്കില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും നിറഞ്ഞതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്.
കോലിയുടെ കരിയറിലെ 29ാം സെഞ്ചുറിയും രോഹിത് ശര്‍മയുടെ കരിയറിലെ 13ാം സെഞ്ചുറിയുമാണ് കൊളംബോയില്‍ പിറന്നത്.പരമ്പരയിലെ മൂന്നാം ഏകദിനത്തിലും രോഹിത് ശര്‍മ സെഞ്ചുറി നേടിയിരുന്നു. ധോണിയുടെ 300ാം ഏകദിന മത്സരം, ലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ 300ാം വിക്കറ്റ് നേട്ടം തുടങ്ങിയ പ്രത്യേകതകളും കൊളംബോ ഏകദിനത്തിനുണ്ട്. കോലിയായിരുന്നു മലിംഗയുടെ 300ാം ഇര.
ഇന്ത്യയുടെ മധ്യനിര തകര്‍ന്ന ശേഷം ആറാം വിക്കറ്റില്‍ മനീഷ് പാണ്ഡെയും മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും ചേര്‍ന്ന് 101 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മനീഷ് പാണ്ഡെ 50 റണ്‍സോടെയും മികച്ച ഫോം തുടരുന്ന ധോണി 49 റണ്‍സുമായും പുറത്താകാതെ നിന്നു. ഇന്ത്യയെ രണ്ടാം വിക്കറ്റില്‍ 219 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കോലി രോഹിത് സഖ്യം കരകയറ്റുകയായിരുന്നു.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ പതിനൊന്നംഗ ടീമില്‍ ഇടം നേടി ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ്, യുസ്വേന്ദ്ര ചഹല്‍, എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു.

Related News