Monday
19 Nov 2018

വിശ്വപ്രസിദ്ധ കേരള മോഡല്‍ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത് ശ്രീനാരായണഗുരു: വിദ്യാഭ്യാസമന്ത്രി

By: Web Desk | Saturday 30 December 2017 10:42 PM IST

ശിവഗിരി: ലോകം മുഴുവന്‍ അംഗീകരിച്ച മതേതര ജനാധിപത്യ വിദ്യാഭ്യാസം കേരളത്തില്‍ നടപ്പിലാക്കാനായത് ഗുരുദേവ ദര്‍ശനങ്ങളുടെ സ്വാധീനം മൂലമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള ‘വിദ്യാഭ്യാസവും സംഘടനയും’ എന്ന വിഷയത്തില്‍ ആദ്യസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏവര്‍ക്കും വിദ്യാഭ്യാസം എന്ന ശ്രീനാരായണ ഗുരുവിന്റെ ആശയത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ വിദ്യാഭ്യാസ ബില്ല് പാസാക്കിയത്. എന്നാല്‍ പിന്നീട് നവ ലിബറല്‍ നയങ്ങളുടെ സ്വാധീനം മൂലം പൊതുവിദ്യാഭ്യാസ രംഗത്തിനു ചില തിരിച്ചടികള്‍ സംഭവിച്ചു. എന്നാല്‍ ഇന്ന് വീണ്ടും പൊതുവിദ്യാഭ്യാസ രംഗം ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രൊഫ.എം ജയരാജ് മോഡറേറ്റര്‍ ആയിരുന്നു. മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു.ജോയ് എംഎല്‍എ ,ടിവി രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.