Monday
19 Nov 2018

ശ്രീധരന്‍ പിള്ളയുടെ ആവശ്യം ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധം: കാനം

By: Web Desk | Monday 22 October 2018 10:04 PM IST

കോഴിക്കോട്: ശബരിമല വിഷയത്തില്‍ കേരള നിയമസഭ വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കണമെന്ന ബി ജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ ആവശ്യം ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

രാജ്യത്തെ പരമോന്നത നീതിപീഠം വിധി പ്രസ്താവിച്ച വിഷയത്തില്‍ നിയമസഭ വിളിച്ചുകൂട്ടി പ്രമേയം പാസാക്കുക എന്നത് അസാധ്യമാണ്. അദ്ദേഹത്തിനുള്ള നിയമ പരിചയക്കുറവായിരിക്കാം ഇങ്ങനെ പറയാന്‍ കാരണമെന്നും കാനം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ഇത്തരം ഒരു ഓര്‍ഡിനന്‍സിനും സാധുതയില്ല. ഏറെ കരുതലോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. സുപ്രിംകോടതി വിധി ചാടിക്കടക്കാന്‍ കഴിയില്ല. സുപ്രിം കോടതി വിധി നടപ്പിലാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്. ഈ വിഷയത്തില്‍ സിപിഐയും എല്‍ഡിഎഫും രാഷ്ട്രീയമായ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്ത് സ്വീകരിച്ചിട്ടുണ്ട്.

സമരരംഗത്തെത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രിം കോടതിവിധിക്ക് എതിരാണോ എന്ന് തുറന്നു പറയണം. ശബരിമലയിലെ പൊലീസ് നടപടികള്‍ സംബന്ധിച്ച് അവര്‍തന്നെയാണ് പരിശോധന നടത്തേണ്ടത്. ശബരിമലയില്‍ സന്ദര്‍ശനം നടത്താനുള്ള ഏതൊരുവിശ്വാസിയുടേയും ആവശ്യത്തെ പിന്തുണയ്ക്കുക തന്നെ ചെയ്യും. ബിജെപിക്കൊപ്പം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയാണ്. ഇതിന് രമേശ് ചെന്നിത്തല ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Related News