Thursday
24 Jan 2019

ശ്രീലങ്കന്‍ ടൂറിസം; അനുകരിക്കാവുന്ന മാതൃക

By: Web Desk | Saturday 5 May 2018 10:11 AM IST

ഷീലാ രാഹുലന്‍

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്‌ലൈനില്‍ അറിയപ്പെടുന്ന നമ്മുടെ കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ ഒരു മുഖ്യപങ്കുവഹിക്കുന്നത് ടൂറിസമാണ്. 1996 മുതല്‍ 2001 വരെ ഇ ചന്ദ്രശേഖരന്‍ നായര്‍ ടൂറിസം മന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് കേരളം ആ മേഖലയില്‍ ഒരു കുതിച്ചുചാട്ടം നടത്തിയതും ലോക ടൂറിസത്തിന്റെ ഭാഗമായതും. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ വിദേശികളും അന്യസംസ്ഥാനക്കാരുമായ വിനോദസഞ്ചാരികളുടെ ഒരു ഒഴുക്കുതന്നെ നമ്മുടെ നാട്ടിലേക്ക് സൃഷ്ടിച്ചു. അതിനുശേഷം വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയിരിക്കുന്നു. ഇന്ന് ഈ മേഖലയില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു. വിനോദസഞ്ചാരികളുടെ പറുദീസകള്‍ എന്നറിയപ്പെടുന്ന കോവളവും മൂന്നാറും കുമരകവും കുട്ടനാടുമൊക്കെ ഒന്നു സന്ദര്‍ശിച്ചാല്‍ ഈ സ്ഥലങ്ങളുടെ ഇന്നത്തെ ശോച്യാവസ്ഥ മനസിലാക്കാം. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, പൊതുശൗചാലയങ്ങളുടെ അഭാവം, പ്ലാസ്റ്റിക് കവറുകളിലും അല്ലാതെയും കൂട്ടിയിട്ടിരിക്കുന്ന ഖരജൈവമാലിന്യങ്ങള്‍, പൊട്ടിയൊഴുകുന്ന ഓടകള്‍ ഒരു പണിയുമില്ലാതെ വായിനോക്കാനും കമന്റടിക്കാനും അവസരം കിട്ടിയാല്‍ പീഡിപ്പിക്കാനും മടിക്കാത്ത കുറേ മനുഷ്യര്‍, പിന്നെ കൊതുക്, തെരുവുനായ്, യോഗ പിഴിയല്‍, തിരുമ്മല്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മറ്റെന്തൊക്കെയോ. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു പകരം അവരെ അകറ്റാനും ഓടിക്കാനുമുള്ള ചുറ്റുപാടുകളാണ് കൂടുതലും. എന്നിട്ടും ഈ സഞ്ചാരികള്‍ കൂട്ടത്തോടെ ഇങ്ങോട്ടു വരുന്നെങ്കില്‍ അവരുടെ മനസിനും ശരീരത്തിനും സന്തോഷവും സുഖവും നല്‍കുന്ന എന്തോ ഒന്ന് അവര്‍ക്കിവിടെനിന്നും ലഭിക്കുന്നതുകൊണ്ടാണ്. ആ എന്തോ ഒന്ന് വേറൊരു സ്ഥലത്തുനിന്നും ഇതിനെക്കാള്‍ ഭംഗിയായി സന്തോഷമായി അവര്‍ക്കു കിട്ടിയാല്‍ തീര്‍ച്ചയായും ഈ സന്ദര്‍ശകര്‍ അങ്ങോട്ടുപോകും. തിരുവനന്തപുരത്തു നിന്നും കേവലം 45 മിനിട്ടുകൊണ്ട് പറന്നെത്താവുന്ന ശ്രീലങ്ക എന്ന രാജ്യം ആ വഴിക്കാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. നമ്മള്‍ എത്രയും പെട്ടെന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല എങ്കില്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഏറിയാല്‍ നാലോ അഞ്ചോ വര്‍ഷം, ഇവിടെ വരുന്ന വിനോദസഞ്ചാരികള്‍ മാത്രമല്ല നമ്മളും അങ്ങോട്ടു പറക്കും. അതിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ അവിടെ നടക്കുന്നു. സഹായത്തിന് നിര്‍മാണമേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചൈനയും.
ശ്രീനാരായണഗുരു രണ്ടു പ്രാവശ്യം ശ്രീലങ്കയില്‍ പോയിട്ടുണ്ട്. 1918 ലും 1925-26 ലും. ഗുരുവിന്റെ ആദ്യയാത്രയുടെ നൂറാം വാര്‍ഷികം പ്രമാണിച്ച് ശിവഗിരി ആസ്ഥാനമായ ഗുരുധര്‍മ പ്രചരണസഭ സംഘടിപ്പിച്ച ഒരു ആത്മീയയാത്രയുടെ ഭാഗമായാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരത്തിനും അപ്പുറം അതൊരു തീര്‍ഥയാത്ര ആയിരുന്നു. മുപ്പതു വര്‍ഷത്തില്‍ ഏറെക്കാലം തുടര്‍ന്ന വര്‍ഗീയ ലഹളകളില്‍ തകര്‍ന്നടിഞ്ഞ ഒരു രാജ്യം. ഇന്നും ചെറിയ ചെറിയ ലഹളകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന രാജ്യം. അവിടെ പ്രശ്‌നങ്ങളാണ് അങ്ങോട്ടു പോകണോ? എന്നു ചോദിക്കുന്ന സ്‌നേഹിതരും ബന്ധുക്കളും… ഈയൊരു മാനസികാവസ്ഥയിലാണ് ഇവിടെ നിന്നും വിമാനം കയറിയത്. വെറും നാലുദിവസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ചെറിയ യാത്ര. കൂടുതലും ഗുരുവുമായും പിന്നെ രാമായണ കഥയുമായും ബന്ധപ്പെട്ട സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. തിരിച്ചു വിമാനം കയറുമ്പോള്‍ ഞാന്‍ ആ നാടിന്റെ ഒരു ആരാധികയായി മാറിയിരുന്നു.

സീത അഗ്നിശുദ്ധി വരുത്തി എന്ന് വിശ്വസിക്കുന്ന സ്ഥലത്തിനു സമീപം ലേഖിക

കേരളത്തിന്റെ അതേകാലാവസ്ഥയും പച്ചപ്പും ഫലവൃക്ഷങ്ങളും നദികളും മലകളും കുന്നുകളും മൂന്നാര്‍ പോലെയുള്ള ഹില്‍ സ്റ്റേഷനുകളും… നമ്മള്‍ കൊടുക്കുന്നതിനെക്കാള്‍ ആകര്‍ഷകമായി കൊടുക്കാന്‍ അവര്‍ പരിശ്രമിക്കുന്നു, കൊടുക്കുന്നു. അവിടെയാണ് വ്യത്യാസം. ഒരേ ഉല്‍പന്നം വൃത്തിയായും വെടിപ്പായും സന്തോഷത്തോടെയും കിട്ടുമ്പോള്‍ ആളുകള്‍ അങ്ങോട്ടേക്ക് ആകര്‍ഷിക്കപ്പെടുന്നത് സ്വാഭാവികം. അടിസ്ഥാന സൗകര്യങ്ങളായ റോഡ്, ശൗചാലയങ്ങള്‍, വൃത്തിയുള്ള മലിനമല്ലാത്ത അന്തരീക്ഷം, കഴിയുന്നതും അവരവര്‍ തന്നെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍.. ആ ലിസ്റ്റ് നീണ്ടതാണ്.
കൊളംബോ നഗരഹൃദയത്തിലെ റോഡുകള്‍ വീതികൂടിയവയാണ്. നഗരം വിട്ടുകഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെപോലെ വീതികുറഞ്ഞ ഡിവൈഡറുകളില്ലാത്ത അങ്ങോട്ടുമിങ്ങോട്ടും സമാന്തരമായി വണ്ടികള്‍ ഓടുന്ന റോഡുകളാണ്. എന്നാല്‍ റോഡ് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്ന ബോധത്തില്‍ വണ്ടി ഓടിക്കുന്ന സാരഥികള്‍, ഹോണടിച്ചു ബളമുണ്ടാക്കാതെ, അനാവശ്യ സ്പീഡും, ഓവര്‍ട്ടേക്കിങ്ങുമില്ലാതെ, ചുവപ്പുലൈറ്റ് കത്തിക്കിടക്കുന്ന സിഗ്നലുകളില്‍ വണ്ടികള്‍ കൊണ്ടു കുത്തിക്കയറ്റാതെ ഓടുന്ന വലതും ചെറുതുമായ വാഹനങ്ങള്‍, ഗട്ടറും കുഴികളും ബമ്പുകളുമില്ലാത്ത റോഡുകള്‍… വാഹനങ്ങള്‍ക്കൊപ്പം പറക്കുന്ന പ്ലാസ്റ്റിക്ക് കവറുകളോ പത്രക്കടലാസുകളോ കാണാനില്ല. അട്ടിയട്ടിയായി കൂട്ടി ഇട്ടിരിക്കുന്ന മാലിന്യകൂമ്പാരങ്ങളില്ല, കത്തിയമര്‍ന്നുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ മാലിന്യങ്ങളില്ല. നഗരത്തോടുതൊട്ടുകിടക്കുന്ന കടലോരത്തിനുപോലും എത്ര വൃത്തി. തൊട്ടപ്പുറത്ത് ചൈനക്കാര്‍ തകൃതിയായി ബഹുനില സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കുന്ന തിരക്കിലാണ്. എന്നാല്‍ അതിനോടു ചേര്‍ന്നു കിടക്കുന്ന കടല്‍ തീരം ശാന്തിയുടെയും സമാധാനത്തിന്റെയും തുരുത്താണ്. തെരുവുനായ്ക്കളില്ല, സദാചാര പൊലീസില്ല, കഴുകന്‍ കണ്ണുകൊണ്ട് അഴകളവുകള്‍ ആസ്വദിക്കുന്ന പുരുഷന്മാരുമില്ല… പണി നടക്കുന്ന ശ്രീലങ്കയുടെയും ചൈനയുടെയും സംയുക്ത സംരംഭങ്ങളെല്ലാം ബാക്കിസ്ഥലങ്ങളില്‍ നിന്നും വേര്‍തിരിച്ചിരിക്കുന്ന വേലികളില്‍ വലിയ പോസ്റ്ററുകളില്‍ ഭാവി ശ്രീലങ്കയുടെ ലക്ഷ്യങ്ങള്‍ കുറിച്ചിട്ടിരിക്കുന്നു. ലോകനിലവാരത്തിലുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അത്യാധുനിക ബസുകള്‍, ട്രെയിനുകള്‍, പ്രളയ നിയന്ത്രണം, ശ്രീലങ്കയെ ഒരു സാമ്പത്തിക ശക്തിയാക്കി, അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക ലക്ഷ്യം. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കത് നിഷ്പ്രയാസം സാധിക്കും. ലക്ഷ്യങ്ങള്‍ പരസ്യമായി എഴുതിവച്ചിട്ട് കൃത്യമായ സമയനിഷ്ടയോടുകൂടി പ്രവര്‍ത്തിക്കുന്ന ഭരണകൂടം. തുറമുഖവും, പഞ്ചനക്ഷത്ര ഹോട്ടലുകളും, അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പണികള്‍ നടക്കുന്നു.

ശ്രീലങ്കയുടെ ഭാവി അടയാളപ്പെടുത്തുന്ന കടല്‍ഭിത്തി
ശ്രീലങ്കക്കാര്‍ ചൈനയെക്കാള്‍ ഇന്ത്യയെ ഇഷ്ടപ്പെടുന്നു. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യത്ത് ക്രമസമാധാനം പാലിക്കണമെങ്കില്‍ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടുന്ന ഭാരിച്ച ചെലവുകള്‍ താങ്ങാനുള്ള സാമ്പത്തിക ശക്തി ആ രാജ്യത്തിന് ഇല്ലായിരുന്നു. അവര്‍ ആദ്യം സഹായത്തിനായി തിരിഞ്ഞത് ഇന്ത്യയിലേക്കാണ്. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ അവരുടെ ആവശ്യത്തിനെതിരെ മുഖംതിരിഞ്ഞുനിന്നപ്പോള്‍ ചൈന ആ ദൗത്യം ഏറ്റെടുത്തു. കൊളംബോ നഗരത്തെ ഹോങ്ങ്‌കോങ്ങിന്റെ ഒരു ചെറിയ പതിപ്പാക്കാനാണ് ചൈന പരിശ്രമിക്കുന്നത്.
ഈ ആധുനിക ശ്രീലങ്കയോടു മത്സരിക്കാന്‍ നമ്മള്‍ തയാറാവേണ്ടതുണ്ട്. നിരന്തരം ഉണ്ടാകുന്ന ഹര്‍ത്താലുകള്‍, സദാചാര പൊലീസിങ്ങ്, മായം കലര്‍ന്ന ഭക്ഷണങ്ങള്‍, വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങളുടെ അഭാവം, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, അവയിലെ ശബ്ദമലിനീകരണം, പരസ്പര സഹകരണവും ബഹുമാനവുമില്ലാത്ത ഡ്രൈവറന്മാര്‍ എല്ലാം ചേര്‍ന്ന് വളരെ വികൃതമാക്കപ്പെട്ട ഒരു ചിത്രമാണ് ദൈവത്തിന്റെ സ്വന്തം നാട് ചില ഭാഗങ്ങളില്‍ കാഴ്ചവയ്ക്കുന്നത്. വ്യവസായങ്ങള്‍ക്ക് പരിമിതികള്‍ ഉള്ള നമ്മുടെ സംസ്ഥാനം ഗള്‍ഫ് പണത്താലും ടൂറിസം മേഖലയും വഴിയാണ് പിടിച്ചുനില്‍ക്കുന്നതും, ജീവിതനിലവാര സൂചികയില്‍ ശരാശരിയിലും ഏറെ മുന്‍പില്‍ എത്തിയതും. ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ജോലി സാധ്യത കുറഞ്ഞാല്‍ ആളുകള്‍ക്കു മടങ്ങിവരാതെ വേറെ പോംവഴികളൊന്നുമില്ല. പക്ഷേ ടൂറിസത്തിന്റെ കാര്യം നമ്മള്‍ മാത്രം വിചാരിച്ചാല്‍ ശരിയാക്കാവുന്നതാണ്. നാടിന്റെ നിജസ്ഥിതി മനസിലാക്കി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാന്‍ തയാറായാല്‍ ശ്രീലങ്ക ലക്ഷ്യമിടുന്നതുപോലെ വിനോദസഞ്ചാര മേഖലകളില്‍ ശക്തമായ തീരിച്ചുവരവ് നടത്താന്‍ നമുക്ക് കഴിയും. പരിസ്ഥിതിക്ക് ഇണങ്ങുന്ന എന്നാല്‍ തികച്ചും ആകര്‍ഷണീയമായ വിനോദസഞ്ചാര മേഖല ലക്ഷ്യംവച്ച് നൂതന പരിപാടികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കേണ്ടതുണ്ട്. ശ്രീലങ്കയുടെ പ്രവര്‍ത്തനരീതികള്‍ മാതൃകയാക്കാവുന്നതാണ്.
Related News