Sunday
22 Oct 2017

ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കി

By: Web Desk | Tuesday 8 August 2017 12:41 AM IST

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. ശ്രീശാന്തിനെതിരെ മതിയായ തെളിവില്ലാതെയാണ് ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
ഐപിഎല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിനു വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബിസിസിഐ അച്ചടക്ക നടപടിയെടുത്തത്. എന്നാല്‍ ഈ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കിയില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീശാന്തിനൊപ്പം അറസ്റ്റിലായ സുഹൃത്ത് ജിജു ജനാര്‍ദനനും വാതുവെപ്പുകാരനായ ചന്ദേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് കേസിലെ മുഖ്യ തെളിവായി ബിസിസിഐ ചൂണ്ടി കാട്ടുന്നത്. എന്നാല്‍ വാതുവെപ്പുമായി ശ്രീശാന്തിന് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഇതു മതിയായതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജിജു ജനാര്‍ദനന് വാതു വെപ്പ് സംഘവുമായി ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാണ്. ശ്രീശാന്തുമായുള്ള ചങ്ങാത്തം ദുരുപയോഗം ചെയ്ത് ജിജു പണമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ശ്രീശാന്ത് ഇതിനു കൂട്ടു നിന്നില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. ശ്രീശാന്തിന് വാതുവെപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. വാതുവെപ്പിനായി ശ്രീശാന്തിനെ ജിജു സമീപിച്ചോയെന്ന് തെളിവുകളില്‍ വ്യക്തമല്ല. ബിസിസിഐയുടെ അഴിമതി വിരുദ്ധ നടപടി ക്രമമനുസരിച്ച് ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടെന്ന വിവരം ലഭിച്ചാല്‍ കളിക്കാരന്‍ അക്കാര്യം അധികൃതരെ അറിയിക്കണമെന്നുണ്ട്. വാതുവെപ്പിനെക്കുറിച്ച് ശ്രീശാന്തിന് അറിയുമായിരുന്നു എങ്കില്‍പോലും ദേശീയ, അന്തര്‍ദേശീയ ക്രിക്കറ്റില്‍ നിന്ന് നാലു വര്‍ഷത്തെ വിലക്ക് അനുഭവിച്ചത് ഇതിനുള്ള മതിയായ ശിക്ഷയാണ്. സുഹൃത്തായ ജിജു വാതുവെപ്പ് വിവാദത്തിലേക്ക് തന്റെ പേരുകൂടി വലിച്ചിഴച്ചെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇയാളെ ശ്രീശാന്ത് പരസ്യമായി തള്ളിപ്പറയണമായിരുന്നു. ക്രിക്കറ്റിന്റെ മാന്യത ഉയര്‍ത്തി പിടിക്കാനും ഇതനിവാര്യമായിരുന്നു. ഇതു ചെയ്യാതിരുന്നതാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കിയത്. ഇക്കാര്യത്തില്‍ ശ്രീശാന്ത് കാട്ടിയ അലംഭാവം ശിക്ഷാര്‍ഹമാണ്. നാലു വര്‍ഷത്തെ വിലക്ക് അനുഭവിച്ചു കഴിഞ്ഞതിനാല്‍ കൂടുതല്‍ ശിക്ഷ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സ് ഇലവനും തമ്മിലുള്ള മത്സരത്തിലെ തന്റെ ഒരോവറില്‍ 14 റണ്‍സിനുമേല്‍ വഴങ്ങുമെന്ന് ശ്രീശാന്ത് വാതുവെപ്പ് സംഘവുമായി ധാരണയുണ്ടാക്കിയെന്നും പത്തു ലക്ഷം രൂപയാണ് ഇതിനു വാങ്ങിയതെന്നുമായിരുന്നു കേസ്. ഏത് ഓവറിലാണ് റണ്‍സ് വഴങ്ങുന്നതെന്ന് അറിയിക്കാനായി തന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ ടവല്‍ തിരുകി വെക്കും എന്നും ധാരണയുണ്ടാക്കിയെന്നാണ് പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. ഇതു തന്നെയാണ് ബിസിസിഐയും പരിഗണിച്ചത്.

Related News