Saturday
16 Dec 2017

യമുനാ നദീതീരം നശിപ്പിച്ചതിന് ഉത്തരവാദി ആര്‍ട് ഒാഫ് ലിവിങ് ; ദേശീയ ഹരിത ട്രൈബ്യൂണല്‍

By: Web Desk | Thursday 7 December 2017 4:07 PM IST

ന്യൂഡല്‍ഹി:സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട് യമുനാ നദീതീരം നശിപ്പിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവി ശങ്കറിന്‍റെ ആര്‍ട് ഒാഫ് ലിവിങ് തന്നെയെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. എന്നാല്‍ കൂടുതല്‍ പിഴ ചുമത്താന്‍ ട്രൈബ്യൂണല്‍ തയാറായില്ല. നേരത്തെ ട്രൈബ്യൂണല്‍ 5 കോടി രൂപ പിഴ ചുമത്തിയിരുന്നു.

സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഡല്‍ഹി വികസന അതോറിറ്റിയോട് ആര്‍ട് ഒാഫ് ലിവിങ്ങ് അടച്ച പിഴതുക കൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്. പിഴ തുകയേക്കാള്‍ അധികം ചിലവ് ഇതിനായി വേണ്ടി വന്നാല്‍ ആ ചിലവും ആര്‍ട്ട് ഒാഫ് ലിവിങ്ങില്‍ നിന്നും ഈടാക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

കോടതി വിധിച്ച 5 കോടി രൂപ പിഴ ആര്‍ട് ഒാഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ അടച്ചിരുന്നു. എന്നാല്‍ ഈ തുകക്ക് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ആ ചെലവ് ആര് വഹിക്കുമെന്ന് ചോദിച്ചാണ് നഗരസഭാ അധികൃതര്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
സാംസ്കാരികോത്സവം യമുനാതീരം പൂര്‍ണമായി നശിപ്പിച്ചെന്ന്​ വിദഗ്ധസമിതി നേരത്തെ കണ്ടെത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്ബാകെ​ സമിതി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു​. തീരം പൂര്‍വസ്ഥിതിയിലേക്ക് മാറ്റുന്നതിനായി 13 കോടി രൂപ ചിലവ് വരുമെന്നും സമിതി കണക്കാക്കിയിരുന്നു.