Saturday
23 Jun 2018

ശ്രീ അരവിന്ദന്റെ പ്രബോധനങ്ങളുടെ നിസ്തുലവൈശിഷ്ട്യം

By: Web Desk | Sunday 27 August 2017 10:03 AM IST

ശ്രീ അരവിന്ദന്റെ അവശ്യഘടകം എന്താണ്? മനുഷ്യന്‍ ഒരു പരിവര്‍ത്തകജീവിയാണ്, പരിണാമത്തിന്റെ അന്തിമോല്‍പാദനമല്ല എന്നു അദ്ദേഹം പറയുന്നു. മനുഷ്യന്‍ തന്റെ ഇപ്പോഴത്തെ കഴിവുകളെ കവച്ചുവെക്കുകയും ചേതനയുടെയും ജ്ഞാനത്തിന്റയും ശക്തിയുടെയും ഒരു പുതിയ അവസ്ഥയിലേക്ക് ഉയരുകയും, വ്യക്തിപരമായി തന്റെ ഇപ്പോഴത്തെ പാതിമനുഷ്യന്‍, പാതിമൃഗം എന്ന പ്രകൃതത്തെ രൂപാന്തരപ്പെടുത്തുകമാത്രമല്ല, മാനവസമുദായത്തെ മുഴുവന്‍ ഒരു ദിവ്യജീവിതത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്യും. സ്വര്‍ഗ്ഗരാജ്യത്തെ ഭൂമിയിലേക്ക് ഇറക്കികൊണ്ടുവരത്തക്കവിധം അവന്‍ തന്റെ സാമൂഹ്യരാഷ്ട്രീയസാമ്പത്തിക ജീവിതത്തെ പുതുക്കിപ്പണിയും.
അങ്ങനെയുള്ള വിപുലവും ഭാവനാതീതവുമായ പരിവര്‍ത്തനം ഒരു ദിവ്യാത്ഭുതമെന്നപോലെ പെട്ടെന്നു പൊട്ടിവിരയുകയല്ല. മറിച്ച് വിടാതെ, നിരന്തരമായി പ്രകൃതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരിണാമപ്രക്രിയയുടെ യുക്തിസഹമായ പര്യവസാനമായി വന്നു ചേരുകയാണ് ചെയ്യുക.
പ്രപഞ്ചത്തിന്റെ മൂലോത്ഭവം നാം വിഭാവനം ചെയ്യുകയാണെങ്കില്‍, അതുമുഴുവന്‍ വാതകപദാര്‍ത്ഥമായിരുന്നുവെന്നും അതില്‍ നിന്ന് എണ്ണമറ്റ ആകാശഗംഗകള്‍, അവയുടെ താരങ്ങളോടും സൂര്യന്‍മാരോടും ഗ്രഹങ്ങളോടും കൂടി സൃഷ്ടിക്കപ്പെട്ടുവെന്നും നമുക്കു കാണാം. അതിനുശേഷം ജീവന്‍ പ്രത്യക്ഷപ്പട്ടു – തികച്ചും പുതുതായൊരു ഘടകം -, ആദ്യം സസ്യങ്ങളുടെ രൂപത്തിലും അതിനുശേഷം ജന്തുക്കിലും. ഒരൊറ്റ മനുഷ്യന്‍ ആ സമയത്ത് ഒരു നിരീക്ഷകനെന്ന നിലക്ക് വിശ്വത്തില്‍ സന്നിഹിതനായിരുന്നെങ്കില്‍, അവനു ജനനം, വളര്‍ച്ച, വികാരങ്ങള്‍, സംവേദനത്വം, ജീര്‍ണ്ണത, മരണം എന്നിവ പോലെയുള്ള തീരെ വ്യത്യസ്തമായ ഗുണങ്ങളുള്ള ജീവന്റെ ആവിര്‍ഭാവം, അത് തികച്ചും പുതുതായ സൃഷ്ടിയുടെ സാദ്ധ്യതയെ നിഷേധിക്കുന്ന ശാസ്ത്രീയസിദ്ധാന്തത്തിനുവിരുദ്ധമാണെന്നള്ളതുകൊണ്ട്, ദിവ്യാത്ഭുതമായി തോന്നുമായിരുന്നു. സാദ്ധ്യമായിട്ടുള്ളത്, അണുക്കളുടെ ഒരു പുനര്‍വിന്യാസമോ ഉണ്ടാവുകയാണ്: — തല്‍ഫലമായി ഭൗതികപദാര്‍ത്ഥത്തിന്റെ ഒരു പുതിയ രൂപം പുറത്തുവന്നേക്കാം; — അല്ലാതെ തികച്ചും പുതുതായ ഒരു തത്വമല്ല.
ജീവന്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയാണ്, എവിടെനിന്നാണ്? ശാസ്ത്രത്തിന് അത് വിശദീകരിക്കാനാവില്ല. പരിണാമം വഴി എന്നാണ് അതിന്റെ മറുപടി. പഴയ ഭൗതീകപദാര്‍ത്ഥത്തില്‍ നിന്നൊരു പുതിയ ഭൗതികപദാര്‍ത്ഥത്തിനു പരിണാമരൂപേണ ആവിര്‍ഭവിക്കാന്‍ കഴിയും; ആ പ്രശ്‌നം അവശേഷിക്കുന്നു.
ഈ വിഷമപ്രശ്‌നത്തിന് ശ്രീ അരവിന്ദന്‍ ഒരു ഉത്തരം നല്‍കിയിട്ടുണ്ട്. ഭൗതികപദാര്‍ത്ഥത്തില്‍ നിന്നു ജീവന്റെ പരിണാമം സാദ്ധ്യമായതു ജീവന്‍ അതില്‍ മുമ്പേതന്നെ ഉള്‍ക്കൊണ്ടിരുന്നതുക്കൊണ്ടാണ് എന്ന്. അദ്ദേഹം പറയുന്നു. ഈശ്വരന്‍ തന്നെ ഭൗതികപദാര്‍ത്ഥമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളതിനാല്‍, ജീവന്‍ മാത്രമല്ല മനസ്സും അവ രണ്ടിനും ഉപരിയായതത്വങ്ങളും കൂടി ഭൗതികപദാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. നമ്മുടെ വേദപുസ്തകങ്ങളും ഈ സത്യം സ്ഥിരീകരിക്കുന്നു. സര്‍വ്വം ഖല്വിദം ബ്രഹ്മഃ , അതായതു എല്ലാം, മനുഷ്യനും ജന്തുക്കളും സസ്യങ്ങളും കല്ലുകള്‍ ലോഹങ്ങള്‍ മുതലായ ഭൗതിക സാധനങ്ങള്‍ പോലും ബ്രഹ്മമാണ്. ആധുനിക ശാസ്ത്രപ്രകാരം എലക്‌ട്രോണ്‍ പ്രോട്ടോണ്‍ മുതലായ ഭൗതിക പദാര്‍ത്ഥത്തിന്റെ ആത്യന്തികഘടകങ്ങള്‍ വൈദ്യുതോര്‍ജ്ജത്തിന്റെ വ്യത്യസ്തരൂപങ്ങള്‍ മാത്രമാണ്. അതുകൊണ്ട് ഭൗതിക പദാര്‍ത്ഥം ഊര്‍ജ്ജത്തിന്റെ ഒരു ഘനീകൃത രൂപമല്ലാതെ മറ്റൊന്നുമല്ല ഭൗതികപദാര്‍ത്ഥത്തിന്റെ കഠിനവും, ഭാരിച്ചതും, കര്‍ക്കശവുമായ രൂപം എലക്‌ട്രോണുകള്‍ പ്രോട്ടോണുകള്‍ മുതലായവയുടെ സ്പന്ദിക്കുന്ന പിണ്ഡത്തെ ഒളിക്കുന്ന ഒരു ബാഹ്യദൃശ്യം മാത്രമാകുന്നു.
രണ്ടു ശക്തികളുടെ സന്ധിക്കല്‍ വഴിയാണ് ജീവന്റെ ആഗമനം ഉണ്ടായത്; ഒന്ന് ഭൗതികപദാര്‍ത്ഥത്തില്‍ കുടികൊളളുന്നതും പരിണാമത്തിനു തയ്യാറായിരിക്കുന്നതുമായ അന്തര്‍ലീനജീവശക്തിയും, മറ്റേതു മുകളില്‍ നിന്നു ഇറങ്ങിവരുന്ന ജീവശ്ശക്തിയും.
സസ്യരാജ്യത്തിന്റെ സൃഷ്ടിയോടുകൂടി ശൂന്യവും പരുക്കനുമായ ഭൂമി വൃക്ഷങ്ങളോടും ചെടികളോടും അവയുടെ പച്ചിലകളോടും നാനാവര്‍ണ്ണങ്ങളിലുള്ള പുഷ്പങ്ങളോടും രസമൂറുന്ന ഫലങ്ങളോടും കൂടി ആശ്ചര്യജനകവും മനോഹരവുമായ ഒരു രൂപം ധരിച്ചു. പിന്നീട് ജന്തുക്കള്‍ വന്നു–ആദ്യം ചെറുത്, പിന്നീട് കൂടുതല്‍ വലുപ്പമുള്ളവ. ജന്തുക്കള്‍ക്ക് ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നീങ്ങാന്‍ കഴിഞ്ഞതു കൊണ്ടും, വികാരങ്ങളും സംവേദനങ്ങളും കൂടുതല്‍ പ്രകടമായി തീര്‍ന്നതുകൊണ്ടും സസ്യജീവന്റെ പരിമിതികള്‍ വലിയ ഒരു പരിധിയോളം അപ്രത്യക്ഷമായി.
ജീവന്‍ ജന്തുവില്‍ ഒരു പതറാത്ത ഉറച്ച കാല്‍വെപ്പു വളര്‍ത്തിയെടുത്തപ്പോള്‍ മനസ്സ് എന്നു പറയുന്ന ഒരു പുതിയ തത്വത്തിനു, ആവിര്‍ഭവിക്കാന്‍ മാത്രമല്ല ഇറങ്ങിവരാനുമള്ള സമയമായി. പ്രക്രിയ ഒന്നുതന്നെയായിരുന്നു. അങ്ങനെ ജന്തുവില്‍ നിന്നുള്ള തന്റെ വ്യത്യാസങ്ങള്‍ ഒന്നുകൂടി തെളിഞ്ഞുകാണുന്ന ഒരു തീരെ പുതിയ തരം ജീവിയായ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു.
ഇതേ പരിണാമപ്രക്രിയ തന്നെയാണ് പ്രാകൃതഗുഹാമനുഷ്യനെ രാജ്യതന്ത്രം, അത്ഥശാസ്ത്രം, സാഹിത്യം, കല, ശില്പവിദ്യ, എന്നിവയോടുകൂടിയ ഒരു സമൂഹവും ഭരണകൂടവും രൂപപ്പെടുത്തിയ ആധുനികപരിഷ്‌കൃതമനുഷ്യനായി മാറ്റിയത്, അവന്‍ പ്രകൃതിയെ തന്റെ അടിമയായി മെരുക്കിയെടുത്തിരിക്കുകയും ഒരു ഗ്രഹത്തില്‍നിന്നും മറ്റൊരുഗ്രഹത്തിലേക്കുള്ള യാത്രപോലും ഇന്നു അവന്റെവരുതിയിലായിരിക്കുകയുംചെയ്യുന്നു.
എന്നാലവന്റെ പരാജയങ്ങളും അവന്റെ വിജയങ്ങളോളം തന്നെ മുന്നിട്ടു നില്‍ക്കുന്നു. നാഗരികതയുടെ വ്യാപ്തിയുടെയും താന്‍ നേടിയ പുരോഗതിയുടേയുമൊപ്പം, അതെ സമയം തന്നെ, തനിക്ക് ഇനിയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അസംഖ്യം പ്രശ്‌നങ്ങളും അവന്‍ സൃഷ്ടിച്ചിട്ടുണ്ട്. അവന്റെ വമ്പിച്ച സമ്പത്തും, എല്ലാതരം ചരക്കുകളും ഉല്‍പ്പാദിപ്പിക്കാനുള്ള അവന്റെ അപരിചിതമായ കഴിവും ഉണ്ടായിരുന്നിട്ടും, കോടിക്കണക്കിലുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും പോലുള്ള തങ്ങളുടെ മൗലികാവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്നില്ല. ലോകത്തിനുമുഴുവന്‍ ഈ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റാന്‍ തനിക്കു തികച്ചും സാധിക്കുമെന്നിരുന്നിട്ടും, ഊരിപ്പോരാന്‍ വയ്യാത്ത വിധം താന്‍ സ്വയം കുടുങ്ങിപ്പോയിട്ടുള്ള സാമ്പത്തികവലയുടെ സ്വയംസൃഷ്ടിതസങ്കീര്‍ണതകള്‍ കാരണം അവനു അങ്ങനെ ചെയ്യാന്‍ കഴിയുന്നില്ല. തന്റെ നേട്ടത്തിന്റെ ഏതൊരു രംഗത്തും –രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും-അവന്‍ മറികടക്കാന്‍ വയ്യാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ജീവിതത്തിന്റെ ഏതൊരു രംഗത്തുമുള്ള, വളര്‍ന്നുകൊണ്ടിരിക്കുന്ന അനീതിയും മര്‍ദ്ദനവും അഴിമതിയും ആസന്നമായ ഒരു വിപത്തിനെ ചൂണ്ടിക്കാണിക്കുന്നു-സമൃദ്ധിയുടെ നടുവിലുള്ള അവന്റെ ദുര്‍ഭിക്ഷതക്കും യാതനക്കും അതിരില്ല.
ഈ ദുരിതത്തില്‍ നിന്നു പുറത്തുവരാന്‍ വൃഥാ അവന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു സ്ഥിതിവിശേഷം തരണം ചെയ്യാന്‍ പല വിപ്‌ളവങ്ങളും നടക്കുകയും പല രാജ്യങ്ങളിലും രക്തപ്രളയം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്; പക്ഷെ എന്ത് ഫലം? ഒരു ക്ലേശം നീക്കിയിട്ടുട്ടെങ്കില്‍ മറ്റൊന്ന് അതിന്റെ സ്ഥാനത്തു മുളച്ചിട്ടുണ്ട്. ഇതാണ്, ചുരുക്കത്തില്‍, അവന്റെ പുരോഗതിയുടെ ചരിത്രം, ഇതേ മങ്ങിയ ചേതനയുടെ തലത്തില്‍ കിടന്നുണ്ടുകൊണ്ടും കൂടുതലയര്‍ന്ന ഒരു തലത്തിലേക്കു ഉയരാന്‍ കഴിയാതെയും മനുഷ്യന്‍ മനുഷ്യനായിത്തന്നെ ഇരിക്കാന്‍ തുടരുകയാണെങ്കില്‍, അവന്റെ അസംഖ്യം പ്രശ്‌നങ്ങളില്‍ ഒന്നു പോലും പരിഹരിക്കപ്പെടാനിടയില്ല.
ഇവിടെ ശ്രീ അരവിന്ദന്‍ പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നു; തന്റെ ഇപ്പോഴത്തെ കഴിവുകളോടും കഴിവുകേടുകളോടും കൂടിയ മനുഷ്യന്‍ പരിണാമത്തിന്റെ പരമോന്നതോല്‍പന്നമാണോ അതല്ല, തന്റെ ഇപ്പോഴത്തെ എല്ലാ കഴിവുകേടുകളേയും അതിലംഘിക്കുകയും തന്റെ സ്വന്തം ജീവിതം ഒരു ദിവ്യജീവിതവും ലോകം മുഴുവന്‍ ഒരു സ്വര്‍ഗ്ഗരാജ്യവും ആക്കുകയും ചെയ്യത്തക്ക രീതിയില്‍ തന്നെത്തന്നെ പുനര്‍സൃഷ്ടിക്കാന്‍ അവനു കഴിയുമോ? നിശ്ചേതനമായ ഭൗതിക പദാര്‍ത്ഥത്തില്‍ നിന്നു തുടര്‍ച്ചയായ പടികളിലൂടെ മനുഷ്യനെ സൃഷ്ടിച്ച പരിണാമശക്തി ഇപ്പോഴത്തെ സൃഷ്ടിയോടുകൂടി അവസാനിച്ചിരിക്കുകയും അതിനു കൂടുതല്‍ സാദ്ധ്യതയെ#ാന്നും ഇല്ലാതിരിക്കുകയും ചെയ്യുകയാണോ? അങ്ങനെയല്ല എന്നു ശാസ്ത്രവും വിശ്വസിക്കുന്നു. അതേ ശക്തി ഇപ്പോഴും മനുഷ്യനില്‍ സജീവമായിരിക്കുന്നു-ത്വരിതതരമായലെങ്കിലും അതേ നിലയിലെങ്കിലും. പക്ഷെ അത് എവിടേക്കു നയിക്കും? ഏതു ലക്ഷ്യത്തിലേക്ക്? ശാസ്ത്രത്തിനു ഉത്തരമില്ല. എന്നാല്‍ ഈ പരിണാമശക്തി ഇപ്പോഴത്തെ മാനവസമുദായത്തെ കൂടുതല്‍ ഉയര്‍ന്ന ഒരു തലത്തിലേക്ക്, ഒരു അതിമാനുഷത്വചേതനയിലേക്ക് ഉയര്‍ത്തുമെന്നു ശ്രീ അരവിന്ദന്‍ പറയുന്നു. ഇത് ഇപ്പോഴത്തെ മാനവസമുദായത്തിന്റെ, അതന്റെ ദുര്‍ഗുണങ്ങളോടും കൂടിയ ഒരു വലുതാക്കിയ പതിപ്പ് ആയിരിക്കയില്ല, മറിച്ച് തീരെ വ്യത്യസ്ത തരത്തിലുള്ള ഒരു ചേതനയും ജ്ഞാനവും ശക്തിയും ഉള്ളതും, ഇപ്പോഴത്തെ മനുഷ്യനില്‍ നിന്നും അതിനുള്ള വ്യത്യാസം, മൃഗങ്ങളും മനുഷ്യനും തമ്മിലുള്ളതിനെക്കാള്‍ എത്രയോ അധികം പ്രകടമായതും ആയ, ഒരു തീരെ വ്യത്യസ്തതരത്തിലുള്ള ജീവിയായിരിക്കും.ഇപ്പോഴത്തെ മനുഷ്യന്റെ യാതൊരു വീഴ്ച്ചകളും കഴിവുകേടുകളും അവ്യക്തതകളും പരിമിതികളും അതിമാനുഷനെ തടസ്സപ്പെടുത്തുകയില്ല.
മാനവസമുദായത്തിന്റെ ഭാവിസാദ്ധ്യതകളെകുറിച്ച് നമുക്ക് ഒരു ശരിയായ സങ്കല്‍പ്പമുണ്ടാവാന്‍, മനസ്സിന്റെയും ജീവന്റെയും ശരീരത്തിന്റെയും മണ്ഡലങ്ങളിലെ അതിന്റെ പൂര്‍ണ്ണവികാസത്തെ ശുഷ്‌ക്കിപ്പിക്കുന്ന അതിന്റെ പരിമിതികളുടെ വ്യാപ്തി മനസ്സിലാക്കേണ്ടതു ആവശ്യമാണ്. നിരവധി പരിമിതികളില്‍ പ്രധാനപ്പെട്ട ചിലതുമാത്രം നമ്മുക്ക് നോക്കാം.
മനസ്സു ഒരു ജ്ഞാനോപകരണമല്ല അതിലൂടെ ശേഖരിക്കുന്ന ജ്ഞാനം, പരമാവധി, കണിശമല്ലാതതും എപ്പോഴും അടിമുടി സംശയങ്ങളും തെറ്റുകളും നിറഞ്ഞതുമായിരിക്കാനെ നിവൃത്തിയുള്ളു. സ്ഥൂലഭൗതികപദാര്‍ത്ഥത്തിന്റെ മണ്ഡലത്തില്‍ പോലും ഇത് സാധുവാണ്. മിനിഞ്ഞാന്നത്തെ കേവലസത്യങ്ങള്‍ ഇന്നലത്തെ സംശയാസ്പദങ്ങളായവയും, ഇന്ന് വ്യാജമെന്ന നിലയില്‍ വലിച്ചെറിയേണ്ടവയുമാണ്. ആത്മനിഷ്ടമണ്ഡലങ്ങളിലേക്കു കടക്കുമ്പോള്‍ ഇതു കൂടുതല്‍ മോശമാവുകപോലും ചെയ്യുന്നു. ഏതാണ് നമ്മുക്കു നല്ലത് ഏതാണ് നമ്മുക്കു ചീത്ത, എന്ന് നമ്മുക്ക് യഥാര്‍ത്ഥത്തില്‍ അറിയാമോ? എന്താണ് നാം ചെയ്യുന്ന പ്രവര്‍ത്തി, എന്താണ് അതിന്റെ ഫലങ്ങള്‍? നമ്മുടെ കുട്ടികള്‍ക്ക് പറ്റിയ ജീവനമോ തൊഴിലോ തിരഞ്ഞെടുക്കുന്നതു പോലുള്ള ലൗകികജീവിതത്തിന്റെ കാര്യങ്ങളില്‍ പോലും ഏതു വഴിയായിരിക്കും ഒരു പ്രത്യേകസ്ഥിതിയില്‍ ഏറ്റവും അനുയോജ്യമായിരിക്കുകയും, അവരുടെ അന്തര്‍ലീനമായ കഴിവുകളുടെ പൂര്‍ണ്ണവികാസത്തിലേക്കു നയിക്കുകയും ചെയ്യുക എന്ന് നമ്മുക്ക് തീര്‍ച്ചയായും അറിയില്ല. നാം തിരഞ്ഞെടുക്കുന്നതും, അവര്‍തന്നെ തെരഞ്ഞെടുക്കന്നനതു പോലും പലപ്പോഴും ആജീവനാന്തയാതനയില്‍ കലാശിക്കുന്നു: വിവാഹത്തില്‍ അടിക്കടി ഉണ്ടാകുന്നത് ഇതുപോലുള്ള സ്ഥിതിവിശേഷമാണ്.

Related News