Sunday
24 Sep 2017

ശ്രീലങ്കന്‍ ടീമിനെതിരെ ആരാധകരുടെ പ്രതിഷേധം

By: Web Desk | Tuesday 22 August 2017 1:00 AM IST

കൊളംബോ:

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തിലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ആരാധകരുടെ പ്രതിഷേധം.
ലങ്കന്‍ താരങ്ങളുടെ ബസ് തടഞ്ഞ് നിര്‍ത്തി ആരാധകര്‍ കൂവിവിളിച്ചു. തോല്‍വിയറിഞ്ഞ താരങ്ങളെ ഡ്രസിംഗ് റൂമിന് പുറത്തും താരങ്ങള്‍ കൂവി പരിഹസിച്ചിരുന്നു. അമ്പതോളം വരുന്ന ആരാധക സംഘം അര മണിക്കൂറോളം ബസ് തടഞ്ഞിട്ടു. ആരാധകരെ ശാന്തമാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഏകദേശം 30 മിനിട്ടോളം ശ്രീലങ്കന്‍ താരങ്ങള്‍ വാഹനത്തില്‍ കുടുങ്ങി. പിന്നീട് ബലം പ്രയോഗിച്ച് ആരാധകരെ നീക്കുകയായിരുന്നു.
ആദ്യ ഏകദിനത്തില്‍ ദയനീയമായി തോറ്റതാണ് ലങ്കന്‍ ആരാധകരെ ചൊടിപ്പിച്ചത്. ശ്രീലങ്കയുടെ 217 റണ്‍സ് ലക്ഷ്യം വെച്ച് ബാറ്റെടുത്ത ഇന്ത്യ 21 ഓവര്‍ അവശേഷിക്കെ 9 വിക്കറ്റിനാണ് ജയിച്ചത്. ലങ്കന്‍ ടീമിന്റെ പ്രകടനത്തില്‍ പരിശീലകന്‍ നിക് പോതസിനും അതൃപ്തിയുണ്ട്.
അതേസമയം, ടീമിന് പിന്തുണയുമായി മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര രംഗത്തെത്തി. തോല്‍വികളില്‍ ആരാധകര്‍ ഒപ്പം നില്‍ക്കണം. പ്രതിസന്ധി ഘട്ടത്തിലാണ് ആരാധകര്‍ ഒപ്പം നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.