Monday
17 Dec 2018

പത്താംക്ലാസ്സ് – മലയാളം

By: Web Desk | Sunday 18 February 2018 6:57 PM IST

ചോ:1. ജീവിതത്തിന് എന്തെന്തു സംഭാവനകള്‍ ചെയ്ത ഒരു ജീവിതത്തിന്റെ അവസാനാധ്യായങ്ങളാണ് ഒരു കുറുകുറുപ്പോടെ അവിടെ വലിച്ചു കഴിയുന്നത്?. …. കോരന്റെ അച്ഛനെക്കുറിച്ചാണ് ഈ സൂചന. ആ വൃദ്ധന്‍ എന്തെല്ലാം സംഭാവനകളാണ് ജീവിതത്തിന് നല്‍കിയത്? ഇന്ന് അയാളുടെ അവസ്ഥയെന്ത്?
കുറിപ്പ് തയ്യാറാക്കുക (സ്‌കോര്‍-4)
ഉ: കോരന്റെയച്ഛന്‍ ചെറുപ്പകാലത്ത് നല്ലൊരു കര്‍ഷകതൊഴിലാളിയായിരുന്നു. പതിനായിപ്പറനിലം വര്‍ഷംതോറും കൃഷിചെയ്തിരുന്ന ഒരു ജന്മിയുടെ വേലക്കാരനായി എട്ടാം വയസ്സില്‍ കൂടിയതാണയാള്‍. നിലവുടമ ഇയാളുടെ അധ്വാനം കൊണ്ട് കോടീശ്വരനായി മാറി. അയാള്‍ കൊയ്തുമെതിച്ച നെല്ലുകൊണ്ട് അനേകം കോടി ഉദരങ്ങള്‍ നിറച്ചുണ്ടിട്ടുണ്ട്. എന്നാല്‍ അയാള്‍ക്ക് ധനവാനാകാന്‍ കഴിഞ്ഞില്ല. കാരണം അക്കാലത്തെ സാമൂഹ്യവ്യവസ്ഥിതി അതായിരുന്നു. എത്ര കഠിനാധ്വാനം ചെയ്താലും വേണ്ടത്ര കൂലി കിട്ടാത്ത അവസ്ഥ. കോടിക്കണക്കിന് പറനെല്ലുണ്ടാക്കിയെങ്കിലും അതില്‍ നിന്നും ഒരുമണി അരിേപോലും സ്വന്തം ഇഷ്ടപ്രകാരം എടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ജീവിതത്തിന്റെ അവസാനകാലത്ത് ഒരു നേരം വയറുനിറച്ചുണ്ണാന്‍ കൊതിച്ച് ആ വൃദ്ധന്‍ മകന്റെ അടുത്തെത്തിയിരിക്കുകയാണിന്ന്. ചൂഷണത്തിനു വിധേയമാകുന്ന ഒരു വിഭാഗത്തിന്റെ ജീവചരിത്രം കോരന്റെ അച്ഛനിലൂടെ തകഴി വരച്ചിടുകയാണിവിടെ.
ചോ: 2- ഇതു കഞ്ഞികുടിക്കുന്നെന്ന ഭാവമേ ഉള്ളൂ
നാളെ ഇച്ചതിരിഞ്ഞല്ലേ നാഴി കഞ്ഞോള്ളം കിട്ടുന്നെ. പാരയിടിക്കാനും മുങ്ങിക്കുത്താനുമുള്ളതല്ലോ?
അവളു മറ്റൊള്ളോരെ തീറ്റുകാ. എന്നിട്ട് അവള് ഒണങ്ങുക……. സൂചനകള്‍ പരിഗണിച്ച് ചിരുത എന്ന കഥാപാത്രത്തെക്കുറിച്ച് ഒരു കുറിപ്പു തയ്യാറാക്കുക.
ഉ: പട്ടിണികൊണ്ടു വലയുമ്പോഴും ഭര്‍ത്താവിന് വയറുനിറയെ ഭക്ഷണം നല്‍കാന്‍ കാണിയുടെ നല്ലൊരുപങ്കും മാറ്റിവെയ്ക്കുന്ന ചിരുതയെ നാം ഈ നോവല്‍ഭാഗത്ത് കാണുന്നു. പകലന്തിയോളം അതി കഠിനമായി പണിയെടുക്കുന്ന തന്റെ ഭര്‍ത്താവ് കോരന് ഇല്ലായ്മകളെ മറികടന്ന് മുന്നോട്ടുപോകാന്‍ ധൈര്യം നല്‍കുന്നത് ചിരുതയാണ്. കോരന്‍പണിക്കുനപോകുമ്പോള്‍ ചിരുത കുടിലിലിരുന്ന് മുറമോ വട്ടിയോ നെയ്തുണ്ടാക്കി വില്‍ക്കുന്നു. അതുവിറ്റുകിട്ടുന്ന പണം അവരുടെ ജീവിതത്തിന് സഹായകമാവുന്നു. അതു മാത്രമല്ല കോരന്റെ അച്ഛനേയും ചിരുത സ്‌നേഹിക്കുന്നു. ആ വൃദ്ധനെ വേണ്ടത്രരീതിയില്‍ പരിചരിക്കുകയും ചെയ്യുന്നു. മറ്റുള്ളവരെ തീറ്റുക, എന്നിട്ട് അവള് ഒണങ്ങുകേം എന്ന കോരന്റെ വാക്കുകള്‍ ചിരുതയുടെ ത്യാഗപൂര്‍ണ്ണമായ പെരുമാറ്റത്തിന് തെളിവാണ്.
ചോ: 3- വീടുവിട്ട് മകനോടൊപ്പം നഗരത്തിലേക്കു പോകാന്‍ അമ്മ മടിക്കുന്നതിനു കാരണം എന്തായിരിക്കും (സ്‌കോര്‍-2)
ഉ: അച്ഛന്റെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന വീടാണിത്. മരിച്ചിട്ടും അച്ഛന്റെ സാന്നിദ്ധ്യം അമ്മ അറിയുന്നു. വീടുവിട്ട് പോയാല്‍ അച്ഛന്‍ തനിച്ചാവുമെന്ന ചിന്ത അമ്മയെ വേദനിപ്പിക്കുന്നു. അതുകൊണ്ടാണ് വീട് വിട്ട് മകനോടൊപ്പം നഗരത്തിലേക്ക് പോകാന്‍ അമ്മ മടിക്കുന്നത്.
ചോ: 4 അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഏതെങ്കിലും സന്ദര്‍ഭം എഴുതുക. (സ്‌കോര്‍-2)
ഉ: ഞാനെങ്ങനാമോനേ വര്യ? അച്ഛന്‍ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലെന്ന് വെച്ചാല്‍ എന്ന കഥാസന്ദര്‍ഭത്തില്‍ അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നു. അച്ഛനിപ്പോഴും തന്നോടുകൂടിയുണ്ട് എന്ന തോന്നല്‍ അവര്‍ തമ്മിലുണ്ടായിരുന്ന ദൃഢമായ ആത്മബന്ധത്തിന്റെ തുടര്‍ച്ചയാണ്.
ചോ: 4. ഇപ്പോള്‍ ഇതൊരു വീടല്ല. നീണ്ടവരാന്തകളും വെണ്മയാര്‍ന്ന ചുമരുകളും വലിയ ജനലുകളും വാതിലുകളുമെല്ലാം ഉണ്ടെങ്കില്‍പ്പോലും ഇതൊരു വീടാവുന്നില്ല. കഥ വിശകലനം ചെയ്ത് വീടിനെക്കുറിച്ചുള്ള കഥാകൃത്തിന്റെ സങ്കല്‍പ്പം വ്യക്തമാക്കുക (സ്‌കോര്‍-4)
ഉ: ശ്രീ. കെ.യു കുമാരന്റെ ഓരോ വിളുയുംകാത്ത് എന്ന കഥയിലെ അച്ഛന്‍ ആ വീടിന്റെ ജീവനായിരുന്നു. കിടപ്പിലായിരുന്നപ്പോഴും എല്ലാ കാര്യത്തിലും അച്ഛന്‍ ശ്രദ്ധിച്ചു. അച്ഛന്‍ മരിച്ചതോടെ വീട് നിശബ്ദമാകുന്നു. വീട്ടില്‍ താമസിക്കുന്നവരുടെ ശബ്ദവും ബന്ധവും സ്‌നേഹവുമൊക്കെയാണ് വീട് എന്ന സങ്കല്പ്പം പൂര്‍ണ്ണമാക്കുന്നത്. അല്ലെങ്കില്‍ അത് നാലു ചുവരുകളുമുള്ള വെറും കെട്ടിടം മാത്രം
എല്ലാ വീടിന്റേയും നെടുംതൂണ്, ആ വീട്ടില്‍ പാര്‍ക്കുന്ന മനുഷ്യര്‍ തന്നെയാണ്. അവരുടെ സാന്നിധ്യമാണ് വീടിന് ജീവന്‍ നല്‍കുന്നത്. ആകസ്മികമായുണ്ടാകുന്ന അവരുടെ വേര്‍പാട് ആ വീടിനെ നിശബ്ദമാക്കും. നീണ്ട വരാന്തകളും വെണ്‍മയാന്‍ന്ന ചുവരുകളും വലിയ ജനാലകളും വാതിലുകളുമെല്ലാം ഉണ്ടെങ്കിലും വീടിനെ വീടാക്കുന്നത് അവിടെ പാര്‍ക്കുന്ന മനുഷ്യരുടെ പാരസ്പര്യമാണ്.
ചോ: 5 പെറ്റുകിടക്കും തെരുവുപട്ടിക്കെന്തോ-
രൂറ്റം, കുരച്ചതു ചാടിക്കുതിക്കുന്നു – ഈ വരികള്‍ കവിതയുടെ പ്രമേയതലത്തെ ഭാവ തീവ്രമാക്കുന്നതെങ്ങനെ ? (സ്‌കോര്‍-6)
ഉ: വിജനമായ തെരുവ്. വലിയഷോപ്പിംഗ്മാളിനു സമീപം അമ്മയെ ഇറക്കിവിട്ടാലോ എന്നോര്‍ത്തപ്പോഴാണ് പെറ്റുകിടക്കുന്ന തെരുവുപട്ടി ഊറ്റത്തോടെ കുരച്ചുചാടിയത്. പെറ്റുകിടക്കുന്ന തെരുവു പട്ടിക്ക് എന്തൊരു ശൗര്യമാണ്. അതിന്റെ കുഞ്ഞുങ്ങളെ ആക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്ര ശൗര്യം കാട്ടുന്നത്. ഈ സംരക്ഷണത്തിന്റെ ഇടനേരം നോക്കി നായമ്മയ്ക്ക് ഇരതേടുകയും വേണം. ഇത്തരം അനശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ് ജീവിതം. ഉങ്ങനെതന്നെയാവണം കവിതയിലെ അമ്മ മകനെ വളര്‍ത്തിയത്. കഠിനമായ ജീവിതാവസ്ഥകളോടു പൊരുതി മക്കളെ വളര്‍ത്തുന്ന ഒരമ്മയുടെ ജീവിതമാണ് ഈ വരികരളിലൂടെ കവി റഫീഖ് അഹമ്മദ് നമുക്ക് വ്യക്തമാക്കി തരുന്നത്.
ചോ:6 സീറ്റിലുണ്ടമ്മ വലത്തോട്ടു പൂര്‍ണ്ണമായ്
ചാഞ്ഞ് മടങ്ങി മയങ്ങി ക്കിടക്കുന്നു
പീളയടിഞ്ഞ് നിറം പോയ കണ്ണുക-
ളെന്തേയടയ്ക്കാതെ വെച്ചമ്മ നിര്‍ദ്ദയം?
– അമ്മ കണ്ണുകള്‍ അടയ്ക്കാതെ വച്ചതെന്തിനാണ്? നിങ്ങളുടെ നിഗമനം എഴുതുക.
ഉ: അമ്മയെ ഉപേക്ഷിക്കാന്‍ ഇടം തേടിനടന്ന് അതിനു കഴിയാതെ പിന്‍തിരിയുന്ന മകന്‍ പിന്‍സീറ്റിലേക്ക് നോക്കുന്നു. സീറ്റില്‍ അമ്മ വലത്തോട്ടു പൂര്‍ണ്ണമായി ചാഞ്ഞ് മടങ്ങിമയങ്ങി കിടക്കുകയാണ് .പ്രായാധിക്യംകൊണ്ട് അത്ര അവശയാണ് അമ്മ. എന്നിട്ടും അവര്‍ കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കുകയാണ്. മകന്റെ സുരക്ഷയ്ക്കു വേണ്ടിയാവണം ആ കണ്ണുകള്‍ ഇഅപ്പോഴും തുറന്നു പിടിച്ചിരിക്കുന്നത്. മകനെക്കുറിച്ചുള്ള അമ്മയുടെ കരുതല്‍ അവസാനം വരെ തുടരും എന്ന ശാശ്വതസത്യമാണ് കവി ഇവിടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ചോ: 7 മരവും മനുഷ്യനും തമ്മിലുള്ള കേവലമായ ബന്ധമാണോ കൊച്ചുചക്കരച്ചിയും അമ്മയും തമ്മിലുണ്ടായിരുന്നത്? പരിശോധിക്കുക (സ്‌കോര്‍-4)
ഉ: തറവാട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു മാവ്. മാവിന് കേടുവന്നു വീഴുമെന്നായപ്പോള്‍ അതു മുറിച്ചു മാറ്റാന്‍ ലേഖകന്‍ നിര്‍ബന്ധം പിടിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മ അതിനു സമ്മതിച്ചില്ല.കൊച്ചുചക്കരച്ചി വീണാലും അവള്‍ ആപത്തുകള്‍ വരുത്തുകയില്ലെന്നായിരുന്നു അമ്മയുടെ വിശ്വാസം. അമ്മയുടെ വിശ്വാസം പോലെ പിന്നെയും പത്തുകൊല്ലം കൂടി ആ മാവ് തലയുയര്‍ത്തിപ്പിടിച്ചു നിന്നു. ഒരു വൃശ്ചികം- ധനു മാസത്തില്‍ പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും മാവ് നിലം പൊത്തി. ആ വീഴ്ചയിലും തറവാട് വീടിന് യാതൊരു കേടും പറ്റിയില്ല. വീടിന്റെ മതില്‍ അല്പം പൊളിഞ്ഞു. തൈമാവിന്റെ ഒരു ശിഖരം ഒടിഞ്ഞു. കുളത്തിനരികിലെ പുളിമരത്തിന്റെ ചെറിയ കമ്പുകള്‍ ഒടിഞ്ഞു. അങ്ങനെ കൊച്ചുചക്കരച്ചി അപകടമൊന്നും വരുത്തില്ല എന്ന അമ്മയുടെ വിശ്വാസം ജയിച്ചു.
ചോ: 8- പുള്ളുവനായി മാറുന്ന കവി എന്തൊക്കെ ചെയ്യുമെന്നാണ് പറയുന്നത് ( സ്‌കോര്‍-2)
ഉ: പായും കുട്ടയും നെയ്യുന്നത് പുള്ളുവന്‍മാരാണ്. അതോടൊപ്പം മറ്റു കൈവേലകളും ചെയ്യും. പുഞ്ചപ്പാടത്ത് കൊയ്ത്തു നടക്കുമ്പോള്‍ കറ്റമെതിച്ച് മടുത്ത ഗ്രാമീണ കന്യകമാരുടെ മനസ്സില്‍ ആഹ്ലാദം നിറയ്ക്കാന്‍ അവരുടെ അധ്വാനത്തിന്റെ വേളകള്‍ ആഹ്ലാദകരമാക്കാന്‍ മനോഹരമായ നാടന്‍ പാട്ടുകള്‍ പാടി വീണയുമായി വയലിന്റെ അരികില്‍ ഇരിക്കും.
ചോ: 8- നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്‍മകളാന്‍ സമൃദ്ധം- കോഴിയും കിഴവിയും എന്ന കഥയിലെ ഏതെങ്കിലും ഒരു സന്ദര്‍ഭവുമായി ബന്ധപ്പെടുത്തി വരികള്‍ വ്യാഖ്യാനിക്കുക.
ഉ: നഗരം നാട്യങ്ങളുടെ ലോകമാണെന്നും നിഷ്‌കളങ്കരും നന്മ മനസ്സില്‍ സൂക്ഷിക്കുന്നവരുമാണ് ഗ്രാമീണര്‍ എന്നുമാണ് കവി പറയുന്നത്. കാരൂരിന്റെ കോഴിയും കിഴവിയും എന്ന കഥ നടക്കുന്നത് നാട്ടിന്‍പുറത്തെ രണ്ടു വീടുകളിലാണ്. തലമുറകളായി താമസിച്ചു വരുന്ന മത്തായിയുടേയും മാര്‍ക്കോസിന്റേയും കുടുംബങ്ങള്‍. ഇരു വീട്ടുകാര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെങ്കിലും നന്‍മയുടെ വെളിച്ചം എല്ലാ അസ്വാരസ്യങ്ങള്‍ക്കും മീതേ പ്രകാശിച്ചു നില്‍ക്കുന്നത് ഈ കഥയില്‍ നാം കാണുന്നു. ഇരു വീട്ടിലേയും കുട്ടികള്‍ തമ്മിലുള്ള സൗഹൃദം രസകരമാണ്. മാര്‍ക്കോസ് സ്വന്തം മകനെപ്പോലെയാണെന്ന മത്തായിയുടെ അമ്മയുടെ മറുപടിയും കഥയെ കൂടുതല്‍ വെളിച്ചമുള്ളതാക്കുന്നു. ഒടുവില്‍ ബന്ധങ്ങള്‍ വഷളാകുന്ന അവസ്ഥയില്‍ മത്തായിയുടെ അമ്മ അവസരോചിതമായി ഇടപെടുന്നതുമെല്ലാം ഗ്രാമീണ നന്മയുടെ ലളിതമായ ചിത്രമാണ്.
ചോ : 10- മറ്റു സന്യാസിമാരില്‍ നിന്നും വ്യത്യസ്തനായി ശ്രീനാരായണഗുരുവില്‍ ലേഖകന്‍ കാണുന്ന പ്രത്യേകതകള്‍ എന്തെല്ലാം?
ഉ: പല യതിവര്യന്മാരും ചെയ്യാറുള്ളതുപോലെ സ്വന്തം മോക്ഷം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നില്ല ശ്രീനാരായണ ഗുരു. സമൂഹത്തിലെ അധ:കൃതരുടെ ഉന്നമനത്തിനു വേണ്ടിയാണ് അദ്ദഹം പ്രവര്‍ത്തിച്ചത്. എന്നാല്‍ അധ:കൃതവര്‍ഗോദ്ധാരകന്‍ എന്ന നിലയില്‍ മാത്രമല്ല അദ്ദേഹത്തെ കാണേണ്ടത്. മനുഷ്യജാതിയെന്ന വിശ്വവിശാലമായ ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി, മതത്തേയും ദൈവത്തേയും അദൈതദൃഷ്ട്യാ ഏകത്വത്തില്‍ വിലയിപ്പിച്ച തത്വദര്‍ശി, മൂഢമായ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളേയും ധീരതയോടെ എതിര്‍ത്ത് സാമൂഹിക ജീവിതത്തില്‍ വിപ്ലവം സഷ്ടിച്ച ഉല്‍പ്പതിഷ്ണു, മതാതീതനായ തത്വജ്ഞാനി തുടങ്ങിയ നിലകളിലെല്ലാം വ്യത്യസ്ഥനായിരുന്നു ശ്രീനാരായണ ഗുരു.
ചോ: 11- ഗുരുദേവസന്ദേശങ്ങളെല്ലാം ഏകലോക സങ്കല്‍പ്പത്തിലേക്കുിഉി വഴികളായിരുന്നു… ഈ നിരീക്ഷണത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? സ്വാഭിപ്രായം സമര്‍ത്ഥിക്കുക
മതാതീതനായ ഒരു തത്വജ്ഞാനിയായിരുന്നു ശ്രീനാരായണഗുരു. ആധ്യാത്മിക ജീവിതവും ഭൗതിക ജീവിതവും അദ്ദേഹം സമന്യയിപ്പിച്ചു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സുപ്രസിദ്ധമായ ഗുരുവചനം മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം നല്‍കിയത്. പലമതസാരവുമേകുമെന്ന് അദ്ദേഹം വിളംബരം ചെയ്തു. അന്ധര്‍ ആനയെക്കാണുന്നതുപോലെ അജ്ഞര്‍ മതത്തെക്കാണുന്നു എന്ന് മതഭേദങ്ങളെ അദ്ദേഹം കളിയാക്കുക കൂടി ചെയ്യുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദര്‍ശനം എക്കാലത്തും ഏതുദേശത്തും പ്രസക്തമാണ്. ഭൂമുഖത്തെ വികൃതമാക്കുന്ന ജാതിമതവര്‍ഗ്ഗ ഭേദങ്ങള്‍ ഇല്ലാതാവണം. കേവലമായ മനുഷ്യത്വം എന്ന മഹത്തായ ആശയം പ്രാവര്‍ത്തികമാക്കണം. അങ്ങനെ ഏകലോകം എന്ന പരമമായ ലക്ഷ്യത്തിലേക്ക് ഉയരണം എന്നാണ് ഗുരു ആഗ്രഹിച്ചതത്., ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്, ഗുരുദേവ സന്ദേശങ്ങളെല്ലാം ഏകലോക സങ്കല്‍പ്പത്തിലേക്കുള്ള വഴികളായിരുന്നു.
ചോ : 12- ആറാട്ടുകുന്നില്‍ റേഡിയോയെ ഭയപ്പെടുന്ന അപൂര്‍വ്വം ചിലരായിരുന്നു അവരെല്ലാം. എന്തായിരുന്നു അവര്‍ റേഡിയോയെ ഭയക്കാന്‍ കാരണം
ഉ: ഇ. സന്തോഷ് കുമാറിന്റെ പണയം എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് ചാക്കുണ്ണി. ചാക്കുണ്ണി ആളുകള്‍ക്ക് തുണിതയ്ച്ചു കൊടുക്കും. എന്നാല്‍ തയ്യല്‍ കൂലി പലരും കടം പറഞ്ഞ് പോകും അത്ര ദരിദ്രമായിരുന്നു ആറാട്ടുകുന്നിലെ ആളുകള്‍. കുറേപ്പേര്‍ കാശു കൊടുക്കാതെയുമിരിക്കും. ചാക്കുണ്ണിയെക്കാണുമ്പോള്‍ അവരൊക്കെ മാറി നടക്കും. ചാക്കുണ്ണി റോഡിയോ പരിപാടി കേട്ടുകൊണ്ടാണ് വീട്ടിലേക്കു പേകുക. റോഡിയോവിലെ പാട്ടോ വാര്‍ത്തയോ അടുത്തുവരുമ്പോള്‍ പണം കൊടുക്കാനുള്ളവര്‍ക്ക് വഴിമാറാം. അവരാണ് റോഡിയോയെ ഭയക്കുന്ന ആറാട്ടുകുന്നുകാര്‍.
ചോ: 13- പട്ടണക്കോപ്പു നിറയ്ക്കയാലിച്ചില്ലു
പെട്ടികള്‍ തിങ്ങി നിന്നിഷ്ടമാണെന്റെയും
കാല്‍പ്പെട്ടിയില്‍ വച്ചു താഴിട്ടു പിന്നിലെ
ച്ചായ്പിലൊളിച്ചാലറിയില്ല കുട്ടികള്‍- പുതു തലമുറയുടെ എന്തുമനോഭാവമാണ് ഈ വരികളിലുള്ളത്? വിശകലനം ചെയ്യുക
പുതുതലമുറ പ്രദര്‍ശന പരതയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. വീട്ടിലെ ചില്ലലമാരയില്‍ പട്ടണക്കോപ്പുകള്‍ നിറയ്ക്കുന്നത് അതുകൊണ്ടാണ്. അമ്മ അയച്ച എഴുത്തുകള്‍ക്ക് അവിടെ സ്ഥാനമില്ല. പഴയതൊക്കെ അവയുടെ മൂല്യമറിയാതെ എടുത്തു മാറ്റുകയാണവിടെ. കുട്ടികളെ പാരമ്പര്യത്തില്‍ നിന്നും സംസ്‌ക്കാരത്തില്‍ നിന്നും ഒക്കെ മാറ്റി നിര്‍ത്തുന്നു. എഴുത്തുകള്‍ പെട്ടിയിലാക്കി ചായ്പിലൊളിപ്പിക്കുന്നത് ഈയൊരു മനോഭാനത്തിനു തെളിവാണ്.
ചോ:14- ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ക്കു മാത്രമായി സമയം നിശ്ചയിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ക്കുവേണ്ടി മാത്രമുള്ള ചാനലുകളുണ്ട്. എന്നിട്ടും ദിനപ്പത്രങ്ങളുടെ പ്രചാരണത്തില്‍ കുറവു വരുന്നില്ല. കാരണങ്ങള്‍ എഴുതി സമത്ഥിക്കുക ( സ്‌കോര്‍-4)
ഉ: ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ കടന്നുവരവോടെ പത്രം മരിച്ചു എന്നു പ്രവചിച്ചവര്‍ ഏറെയായിരുന്നു. കേള്‍ക്കുന്നതിനേക്കാല്‍ കാണുന്നതിന് താല്പര്യമുള്ള പൊതുജനം ചലിക്കാത്ത ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ പോകുമെന്ന ധാരണ പൊതുവേ ഉണ്ടായി. എന്നാല്‍ പത്രങ്ങളെ ഇല്ലാതാക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ആവില്ല., പല സുപ്രധാന സംഭവങ്ങളും ടെലിവിഷനിലൂടെ അറിഞ്ഞാലും പിറ്റേദിവസത്തെ പത്രത്തിനായി ആളുകള്‍ കാത്തിരിക്കുന്നു സൗകര്യത്തിനനുസരിച്ച് വായിക്കാന്‍, ചിന്തിക്കാന്‍, വിശകലനം ചെയ്യാന്‍ പത്രങ്ങള്‍ തന്നെ വേണം. ചലിക്കുന്ന ചിത്രങ്ങളേക്കാള്‍ ആയിരം വാക്കുകളേക്കാള്‍ ആഞ്ഞുകൊത്താനുള്ള ശക്തി പലപ്പോഴും നിശ്ചല ചിത്രങ്ങള്‍ക്കുണ്ടാകും. അതുകൊണ്ടു തന്നെ പത്രങ്ങളുടെ പ്രചാരം കുറയുകയില്ല. കൂടുകയാണ് ചെയ്തത്.
ചോ: 15- പല പത്രങ്ങള്‍ വായിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നാണ് സുകുമാര്‍ അഴീക്കോട് പറയുന്നത്.
ഉ: നമ്മള്‍ പത്രങ്ങള്‍ വായിക്കുന്നത് പുകവലിപോലെ ഒരു ദുശ്ശിലമായിതീര്‍ന്നതുകൊണ്ടാണ് എന്നാണ് സുകുമാര്‍ അഴീക്കോട് പറയുന്നത്. ശിലം മാറ്റാന്‍ പ്രയാസമുള്ളതുകൊണ്ടാണ് ഇന്നും പത്രങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. പല പത്രങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍ അത് അവയില്‍ വരുന്ന പലതോതിലുള്ള കള്ളങ്ങള്‍ താരതമ്യം ചെയ്ത് അവയെപ്പറ്റി ആലോചിച്ച് ഒടുവില്‍ എങ്ങനെയെങ്കിലും സത്യത്തിന്റെ സമീപത്ത് എത്തിച്ചേരാന്‍ വേണ്ടിയാണ് എന്നാണ് അഴീക്കോടിന്റെ അഭിപ്രായം.

ഡി,ബി. അജിത്കുമാര്‍
‘ സൗഹൃദ ‘- ആലപ്പുഴ

(അവസാനിക്കുന്നില്ല)