Wednesday
23 May 2018

എസ്എസ്എല്‍സി വിജയശതമാനവും ഉന്നത പഠനസൗകര്യങ്ങളും

By: Web Desk | Friday 4 May 2018 10:50 PM IST

കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ മികച്ചതും ഏറ്റവും കൂടുതലുമായ വിജയശതമാനവുമായാണ് കഴിഞ്ഞ ദിവസം എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നത്. 97.84 ശതമാനം വിദ്യാര്‍ഥികളാണ് ഉന്നത പഠനത്തിന് യോഗ്യരായി പത്താംതരത്തിന്റെ പടി കടന്നത്. കഴിഞ്ഞ വര്‍ഷം 95.98 ശതമാനമായിരുന്ന വിജയമാണ് ഇത്തവണ ഉയര്‍ത്താനായത്. 4,41,103 പേര്‍ പരീക്ഷയെഴുതിയതില്‍ 4,31,162 പേരാണ് ഉന്നത വിജയത്തിന് അര്‍ഹരായത്. 34,313 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മോഡറേഷനോ മറ്റ് സൗജന്യ മാര്‍ക്കുകളോ നല്‍കാതെയിരുന്നിട്ടും ഇത്തവണ വിജയ ശതമാനം വീണ്ടും ഉയര്‍ത്താനായെന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഇത്തവണത്തെ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നൂറു ശതമാനം വിജയം നേടിയ 1565 വിദ്യാലയങ്ങളില്‍ 517 സര്‍ക്കാര്‍ വിദ്യാലയങ്ങളുണ്ടെന്നതാണ് അത്.
പൊതുവിദ്യാലയങ്ങളെ മികവുറ്റതാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഫലമായാണ് ഈ നേട്ടം ആര്‍ജിക്കാന്‍ സാധിച്ചത്. വിദ്യാഭ്യാസത്തെയും പഠനത്തെയും സൗഹൃദപരമാക്കാനുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. നേരത്തേയുണ്ടായിരുന്ന പരിമിതികള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായി. ലാഭനഷ്ടത്തിന്റെ കണക്കെടുപ്പിലൂടെ വിദ്യാഭ്യാസത്തെ കാണുന്ന രീതി അവസാനിപ്പിക്കാന്‍ സാധിച്ചത് അതില്‍ പ്രധാനമാണ്. അങ്ങനെയുള്ള കണക്കെടുപ്പിന്റെ ഫലമായി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും റിയല്‍ എസ്റ്റേറ്റുകാരുടെ കച്ചവടത്തിന് വിദ്യാലയങ്ങളെ എറിഞ്ഞുനല്‍കുകയും ചെയ്യുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. അത്തരത്തില്‍ നിര്‍ത്തലാക്കുവാന്‍ മാനേജ്‌മെന്റ് തീരുമാനിച്ച ചില സ്‌കൂളുകള്‍ ഏറ്റെടുത്ത പ്രശംസനീയമായ നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.
പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാലയവര്‍ഷാരംഭത്തിന് മുമ്പ് തന്നെ എത്തിക്കുന്നതിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികളെടുത്തു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും നിലവാരവും മെച്ചപ്പെടുത്തി. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിഗണന നല്‍കിയുള്ള വേറിട്ട പ്രവര്‍ത്തനങ്ങളും കാഴ്ച വച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കാളിത്തം നല്‍കി. ഇങ്ങനെ ബഹുവിധമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായത്. അതിന്റെ ഫലമായി കൂടിയാണ് പൊതുവിദ്യാലയങ്ങളിലെ വിജയ ശതമാനം ഉയര്‍ത്താനായത്. സര്‍ക്കാരിന്റെ ഈ ശ്രമങ്ങളില്‍ എകെഎസ്ടിയു ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.
എസ്എസ്എല്‍സിയെന്ന കടമ്പ കടക്കുക ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തെ സംബന്ധിച്ച് സുപ്രധാനമായൊരു ഘട്ടമാണ്. മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി അത് അനായാസകരവും സൗഹാര്‍ദപരവുമാക്കാന്‍ സാധിച്ചിട്ടുമുണ്ട്. പത്താം തരം പരീക്ഷയെന്നത് വലിയൊരു കടമ്പയായി മുന്നിലുണ്ടായിരുന്നൊരു കാലം അധികമൊന്നും പഴക്കമുള്ള കാര്യമല്ല. അതിനാണ് അധ്യാപകരുടെയും വിദ്യാഭ്യാസപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ശ്രമഫലമായി മാറ്റമുണ്ടാക്കുവാന്‍ കഴിഞ്ഞിരിക്കുന്നത്. ഈ സാഹചര്യം നിലനിര്‍ത്താനും മുന്നോട്ടു കൊണ്ടുപോകാനും ബോധപൂര്‍വമായ ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഇനിയുമുണ്ടാകണം. റാങ്കും ക്ലാസുകളും ഇല്ലാതാക്കി ഉന്നത പഠനത്തിന് അര്‍ഹത നേടുകയെന്നതാണ് ഇപ്പോഴത്തെ എസ്എസ്എല്‍സി വിജയത്തിന്റെ മാനദണ്ഡം. അതിന്റെയടിസ്ഥാനത്തില്‍ 4,31,162 പേരാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയിരിക്കുന്നത്. അവര്‍ക്കെല്ലാം ഉന്നത പഠനത്തിന് അവസരമൊരുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇനി മുന്നിലുള്ളത്. കേന്ദ്ര – സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കു കീഴില്‍ നിന്ന് ഉന്നത പരീക്ഷയ്ക്ക് യോഗ്യത നേടിയ അഞ്ച് ലക്ഷത്തോളം പേരാണ് കഴിഞ്ഞ അധ്യയന വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് പ്രവേശനത്തിന് അവസരം ലഭിക്കുക. കുറച്ചുപേരെങ്കിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുമെങ്കിലും ബാക്കിയുള്ള വലിയൊരു വിഭാഗത്തിന് സ്വകാര്യ – സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിന് പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. യോഗ്യത നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് പ്ലസ്‌വണിന്റെയും സമാന യോഗ്യതയുള്ള കോഴ്‌സുകളുടെയും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നടപടികളുണ്ടാകണം. ഇപ്പോള്‍ പൊതുവിദ്യാഭ്യാസത്തിന് പരിഗണന നല്‍കുന്നതുപോലെ അക്കാര്യത്തിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ തന്നെ പരിഗണിക്കുകയും വേണം. മനുഷ്യ വിഭവശേഷി വികസനത്തില്‍ പ്രധാനപ്പെട്ടതാണ് അതെന്നതിനാല്‍ അക്കാര്യത്തില്‍ സാമ്പത്തിക പ്രയാസം വിലങ്ങുതടിയാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Related News