Tuesday
22 Jan 2019

അമാല്‍ കണ്ണടച്ചു, യെമനിലെ യുദ്ധയാതനകളില്‍ ഒരു രക്തസാക്ഷി കൂടി

By: Web Desk | Saturday 3 November 2018 10:27 AM IST

കയ്റോ:

അമാല്‍ ഹുസൈന്‍, യെമനിലെ യുദ്ധയാതനകളിലെ ഏറ്റവും അവസാനത്തെ രക്തസാക്ഷി. ഏഴുവയസ്സുകാരിയായ അമാല്‍ ലോകത്തിലെ നാനാജാതി മതസ്ഥരുടെ പ്രാര്‍ത്ഥനയില്‍ ഇടംപിടിച്ചവള്‍. യെമനിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുകയായിരുന്ന അമാലിന്റെ മരണം യെമനിലെ പട്ടിണിയുടെ നേര്‍ക്കാഴ്ചയാണ് വരച്ചുകാട്ടുന്നത്.

ദുരിതക്കിടക്കയില്‍ മരണവും കാത്തുകിടന്ന എല്ലുകള്‍ ഉന്തിയ ഏഴുവയസ്സുകാരി അമാലിന്റെ പട്ടിണിക്കോലം ന്യൂയോര്‍ക്ക് ടൈംസ് പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം യെമനിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പട്ടിണി അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതീകമാണ്.

ഒക്ടോബര്‍ 26 നാണ് അമാല്‍ മരണത്തിന് കീഴടങ്ങിയത്. “എല്ലായ്‌പ്പോഴും അമാലിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു, ഇപ്പോള്‍ മറ്റു മക്കളെ കുറിച്ച് ഓര്‍ത്ത് പേടിയാകുന്നു”, ഹൃദയം നുറുങ്ങുന്ന വേദനയോടെ മാതാവ് മറിയം അലി പറഞ്ഞു.

ഷിയാ വിമതരായ ഹൂതികള്‍ സര്‍ക്കാരിനെ അട്ടിമറിച്ചതു മുതല്‍ തുടങ്ങിയ പ്രശ്‌നം ആഭ്യന്തര യുദ്ധത്തിലേക്കും തുടര്‍ന്ന് സൗദി സഖ്യസേനയുടെ ഇടപെടലിലേക്കും നയിച്ചു. സൗദിയും യുഎഇയുമുള്‍പ്പെടുന്ന അറബ് സഖ്യസേന യമനില്‍ യുദ്ധം തുടങ്ങിയതോടെ ഗള്‍ഫിനെ അലട്ടുന്ന വിഷയമായി യമനിലേത് മാറി. ആഭ്യന്തര യുദ്ധം ശക്തി പ്രാപിച്ചതോടെ പതിനായിരത്തിലധികം ജനങ്ങള്‍ മരിച്ചു.

പട്ടിണിയും രോഗവും മൂലം യെമനില്‍ ഓരോ മിനിറ്റിലും ഒരു കുഞ്ഞു മരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് വ്യക്തമാക്കുന്നു.

Related News