Monday
25 Jun 2018

സംസ്ഥാന ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പ്‌: ആലപ്പുഴക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

By: Web Desk | Sunday 25 February 2018 10:16 PM IST

സംസ്ഥാന ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ ആലപ്പുഴ ടീമിന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഗോകുലം ഗോപാലനും കണ്ണൂര്‍ എസ്പി ശിവ വിക്രമും ചേര്‍ന്ന് ട്രോഫി കൈമാറുന്നു

പയ്യന്നൂര്‍: കുന്നരു കുറുങ്കടവ് പുഴയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പിന്റെ മത്സരങ്ങള്‍ സമാപിച്ചു. 27 പോയിന്റ് നേടി ആലപ്പുഴ കഴിഞ്ഞ വര്‍ഷത്തെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയപ്പോള്‍ 21 പോയിന്റ് നേടിയ തിരുവനന്തപുരം രണ്ടാം സ്ഥാനവും 17 പോയന്റ് നേടിയ കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.
2000 മീറ്റര്‍,500 മീറ്റര്‍,200 മീറ്റര്‍ തുഴച്ചിലുകളിലെ മത്സരമാണ് ഇവിടെ നടന്നത്. 2000 മീറ്റര്‍ ദീര്‍ഘദൂര മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും കോട്ടയം രണ്ടാം സ്ഥാനവും നേടി.വനിതാ വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനവും തിരുവനന്തപുരം രണ്ടാം സ്ഥാനവും നേടി.മിക്‌സഡ് വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനവും ആലപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കയാക്കിംങ് വിഭാഗത്തിലെ പ്രദര്‍ശന മത്സരവും മലബാറിന് പുതുമയുള്ള ജലകായിക മേളയായിരുന്നു.ജില്ലാ കനോയിംങ് ആന്റ് കയാക്കിംങ് അസോസിയേഷനാണ് ജില്ലയില്‍ ആദ്യമായി നടന്ന മത്സരം കുന്നരുവില്‍ സംഘടിപ്പിച്ചത്.ഇന്നലെ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കനോയിംങ് ആന്റ് കയാക്കിംങ് സംസ്ഥാന പ്രസിഡന്റും ഗോകുലം ഗ്രൂപ് ഓഫ് കമ്പനി ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍ നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍.അജിത അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വിശിഷ്ടാതിഥിയായി സംബന്ധിച്ച കണ്ണൂര്‍ പോലീസ് ചീഫ് ജി.ശിവവിക്രം,ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മാനദാനം നിര്‍വ്വഹിച്ചത്.കനോയിംങ്് ആന്റ് കയാക്കിംങ് സംസ്ഥാന സെക്രട്ടറി ഡി.വിജയകുമാര്‍,അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.എം.സജീവന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ്,പി.സന്തോഷ്്, സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അന്താരാഷ്ട്ര ചാമ്പ്യന്മാരായ ജോണ്‍സണ്‍, ടോമി മാത്യു,പ്രജിത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Related News