Monday
17 Dec 2018

സംസ്ഥാന ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും

By: Web Desk | Saturday 24 February 2018 7:38 PM IST

പയ്യന്നൂര്‍: കുന്നരു കുറുങ്കടവ് പുഴയുടെ ഇരുകരകളിലും ആവേശം വിതറിയ മിന്നല്‍ കുതിപ്പുകളുമായി ഇന്ന് തുടങ്ങിയ സംസ്ഥാന ഡ്രാഗണ്‍ ബോട്ട് ചാമ്പ്യഷിപ്പ് നാളെ സമാപിക്കും. ഇന്ന് നടന്ന 500 മീറ്റര്‍ തുഴച്ചിലിന്‍റെ മൂന്നിനം മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഓവറോള്‍ ചാമ്പ്യന്മാരായ ആലപ്പുഴയും ഒന്നില്‍ എറണാകുളവും വിജയിച്ചു.
വനിതകളുടെ 500 മീറ്റര്‍ തുഴച്ചിലിലും മിക്‌സഡ് മത്സരത്തിലുമാണ് ആലപ്പുഴ ജേതാക്കളായി തങ്ങളുടെ ആധിപത്യം നില നിര്‍ത്തിയത്. പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ എറണാകുളവും വിജയിച്ചു. ഇതില്‍ പുരുഷന്മാരുടെ മത്സരത്തിന്‍റെയും മിക്‌സഡ് മത്സരത്തിന്‍റേയും വിധിനിര്‍ണ്ണയം നടത്തിയത് വീഡിയോ പരിശോധനകളിലൂടെയാണ്. കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഡ്രാഗണ്‍ ബോട്ടുകള്‍ ഫിനിഷിംങ്ങ് പോയന്‍റ് കടന്നത്.

നാളെ രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ ആദ്യയിനം 2000 മീറ്റര്‍ തുഴച്ചിലാണ്. ഇതിന് ശേഷം 200 മീറ്റര്‍ തുഴച്ചില്‍ നടക്കും. രണ്ടിനങ്ങളിലും പുരുഷന്മാരുടേയും വനിതകളുടേയും മിക്‌സഡുമായ മൂന്ന് വീതം മത്സരങ്ങളാണ് നടക്കുന്നത്. ഉച്ചയോടെ കനോയിംങ് ആന്‍റ് കയാക്കിംങ് ഇനത്തിലെ പ്രദര്‍ശന മത്സരം അരങ്ങേറും. ഉച്ചക്ക് ശേഷം രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും സമ്മാനദാനവും കനോയിംങ് ആന്‍റ് കയാക്കിംങ് സംസ്ഥാന പ്രസിഡന്റും ഗോകുലം ഗ്രൂപ് ഓഫ് കമ്പനി ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍ അജിത അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യ സാംസ്‌കാരികരാഷ്ട്രീയ നേതാക്കള്‍ സംസാരിക്കും.
തോണിയുടെ അണിയ (തോണിയുടെ മുന്‍ഭാഗം) ത്തിരിക്കുന്നയാള്‍ ഡ്രമ്മിലുയര്‍ത്തുന്ന താളത്തിനൊപ്പം തുഴയെറിയുന്ന പുതുമയുള്ള കാഴ്ച കാണാന്‍ നിരവധിയാളുകളാണ് കുറുങ്കടവ് പുഴക്കരയിലെത്തിയത്.

ജലകായിക മേളയിലെ വേഗത കൂടിയ ഈ മത്സരയിനം ആദ്യമായാണ് കണ്ണൂര്‍ ജില്ലയില്‍ നടത്തുന്നത്. ഇന്റര്‍ നാഷണല്‍ കാനോ ഫെഡറേഷന്‍റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായ ജില്ലാ കനോയിംങ് ആന്റ് കയാക്കിംങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ഡ്രാഗണ്‍ ബോട്ട്, കനോയിംങ് ആന്റ് കയാക്കിംങ് എന്നീ വിഭാഗങ്ങളില്‍ കുറുങ്കടവ് പുഴയില്‍ തുടര്‍ പരിശീലന പരിപാടികളും ആരംഭിക്കുകയാണ്. വാട്ടര്‍ സ്‌പോര്‍ട്‌സില്‍ കണ്ണൂര്‍ ജില്ലക്കും ഇടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന അസോസിയേഷന്‍ അനുമതി നല്‍കി. ഇതേ തുടര്‍ന്ന് ഡിടിപിസി അനുവദിച്ച പന്ത്രണ്ട് പുതിയ ബോട്ടുകള്‍ ഇവിടെയെത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാന കായിക മത്സരവേദികളുടെ ഭൂപടത്തില്‍ കുന്നരുവും ഇടംപിടിക്കുകയാണ്.
മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ശ്രീറാം റിവര്‍വ്യൂവില്‍ തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. കുന്നരുവില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആരംഭിക്കാനുള്ള ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന്‍െ പരിശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം വി ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അന്താരാഷ്ട്ര ചാമ്പ്യന്മാരായ ദിലീപ്, ജോണ്‍സണ്‍, ടോമി മാത്യു, പൗലോസ്, കനോയിംങ് ആന്‍റ് കയാക്കിംങ് സംസ്ഥാന സെക്രട്ടറി ഡി വിജയകുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  ഡികെ വിനീഷ, എകെ ഷെരീഫ്, കെപി മധു, വിപി പവിത്രന്‍, ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Related News