Thursday
18 Jan 2018

പാലക്കാട് മുന്നില്‍; ഇഞ്ചോടിഞ്ച് പോരാട്ടം

By: Web Desk | Saturday 21 October 2017 11:02 PM IST

പി കെ അജേഷ്
പാലാ: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇതുവരെ 42 ഇനങ്ങളില്‍ ജേതാക്കളെ നിശ്ചയിച്ചപ്പോള്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ എറണാകുളത്തെ പിന്നിലാക്കി പാലക്കാട് ഒന്നാം സ്ഥാനം സ്വന്തമാക്കി. സ്‌കൂളുകളില്‍ മാര്‍ ബേസിലിനെ പിന്തള്ളി പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്എസും മുന്നിലെത്തി.
13 സ്വര്‍ണവും ഏഴു വെള്ളിയും 11 വെങ്കലവുമായി 97 പോയിന്റ് നേടിയാണ് പാലക്കാട് പോയിന്റ് പട്ടികയില്‍ മുന്നില്‍ കയറിയത്. ആദ്യദിനം മുന്നിലായിരുന്ന എറണാകുളം 13 സ്വര്‍ണവും എട്ട് വെള്ളിയും ഏഴ് വെങ്കലവുമായി 96 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും 10 വെങ്കലവും നേടിയ തിരുവനന്തപുരം 60 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. രണ്ട് സ്വര്‍ണവും 11 വെള്ളിയും ഒരു വെങ്കലവും നേടി 43 പോയിന്റുമായി കോഴിക്കോടാണ് നാലാമത്.
മാര്‍ ബേസിലിന്റെ ആദ്യ ദിനത്തിലെ കുതിപ്പിന് തടയിട്ട് പാലക്കാട് കുമരംപുത്തുര്‍ കല്ലടി എച്ച്എസ്എസ് 37 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. 31 പോയിന്റുള്ള പറളിയാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം മാര്‍ബേസില്‍ 30 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
രണ്ടാം ദിനത്തില്‍ രണ്ട് റെക്കോഡുകളാണ് പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ മാതിരപ്പിള്ളി ജിവിഎച്ച്എസ്എസിലെ സാന്ദ്ര ബാബുവും ഡിസ്‌കസ് ത്രോയില്‍ നാട്ടിക ഗവ ഫിഷറീസ് എച്ച്എസ്എസിലെ പി എ അതുല്യയുമാണ് റെക്കോഡിന് ഉടമകളായത്.
സാന്ദ്ര ബാബുവും സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കല്ലടി സ്‌കൂളിലെ നിവ്യ ആന്റണിയും ആര്‍ഷ ബാബുവും ദേശീയ റെക്കോഡിനെ മറികടന്ന പ്രകടനങ്ങളാണ് നടത്തിയത്. മൂന്നാം ദിനമായ ഇന്ന് 31 ഇനങ്ങളില്‍ ജേതാക്കളെ നിശ്ചയിക്കും.