Wednesday
22 Aug 2018

കേരള ബാങ്ക്: വിശദമായ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ്

By: Web Desk | Saturday 10 February 2018 5:25 PM IST

കണ്ണൂര്‍: ത്രിതല സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന കേരള ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആശങ്കകള്‍ ദൂരീകരിക്കാന്‍ ജനങ്ങളും സഹകാരികളുമായി വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും നടക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എട്ടാമത് സഹകരണ കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ധരകാര്യസ്ഥാപനങ്ങളുടെ ഏകീകരണം സാധാരണക്കാര്‍ക്ക് അനുഗുണമാവില്ലെന്ന് എസ്.ബി.ടിഎസ്.ബി.ഐ ലയനം തെളിയിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പണമെടുക്കുന്നത് അവയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും ഗൗരവമായ ആലോചനകളുണ്ടാവണം. പ്രാദേശിക സഹകരണ സ്ഥാപനം വഴിയുള്ള കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണ പദ്ധതി എത്രമാത്രം വിജയിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേറ്റ് ശക്തികള്‍ക്ക് വേണ്ടിയാണ് പൊതുമേഖലാ ബാങ്കുകള്‍ നിലകൊള്ളുന്നത്. നിലനില്‍ക്കാന്‍ കഷ്ടപ്പെടുന്ന അവയെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നു ഘട്ടങ്ങളിലായി 70,000 കോടി രൂപയാണ് അവയ്ക്ക് നല്‍കിയത്. സാധാരണക്കാരന്‍ വായ്പ തിരിച്ചടക്കാത്തതു കൊണ്ടല്ല, കോര്‍പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ കാരണമാണ് അവ നഷ്ടത്തിലായത്. എന്നാല്‍ സാധാരണക്കാരനു വേണ്ടി നിലകൊള്ളുന്ന സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.