Friday
14 Dec 2018

അതിരുകളില്ലാത്ത സ്വപ്നങ്ങൾ ബാക്കി വെച്ച് മഹാ പ്രതിഭ വിട വാങ്ങി

By: Web Desk | Wednesday 14 March 2018 2:47 PM IST

സ്വപ്നങ്ങൾ ബാക്കി വെച്ച് മഹാ പ്രതിഭ വിട വാങ്ങി. അതിരുകളില്ലാത്ത  ആകാശത്തിലേക്കും ,ജീവന്റെ തുടിപ്പുകളിലേക്കും  സഞ്ചരിക്കാൻ മനുഷ്യന് അറിവിന്റ വെളിച്ചം നൽകി സ്റ്റീഫൻ ഹോക്കിങ് വിട പറയുന്നത്  തന്റെ സ്വപ്ന യാത്രകൾ ബാക്കി വെച്ചാണ്.

1942 ജനുവരി 8 ന് ഫ്രാങ്ക് ഹോക്കിൻസ് ,ഇസബെൽ ഹോക്കിൻസ് ദമ്പതികളുടെ മകനായി  ഓക്സ്ഫോർഡിൽ ആണ് ലോകം കണ്ടതിൽ വെച്ച് വിഖ്യാതനായ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ  സ്റ്റീഫൻ വില്യം ഹോക്കിങ്ങ്ന്റെ ജനനം. മകനെ ഡോക്ടർ ആക്കണം എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം എന്നാൽ കുട്ടിക്കാലത്തു തന്നെ ഹോക്കിൻസിനു താല്പര്യം ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും ആയിരുന്നു. പതിനേഴാം വയസ്സിൽ ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹത്തിനു  ഗവേഷണ പഠന സമയത്താണ് കൈ കാലുകൾ തളർന്നു പോകുന്ന തരത്തിൽ ഉള്ള നാഡി രോഗം ബാധിക്കുന്നത് . 1965 ൽ ജയിൻ വൈൽഡ് നെ വിവാഹം ചെയ്ത ഇദ്ദേഹം 1991 ൽ തന്റെ പരിചാരികയുമായുള്ള അടുപ്പത്തെ തുടർന്ന്  ആദ്യ ഭാര്യയുമായി വിവാഹ മോചനം നേടി.

എഴുപത്തി ആറാം വയസ്സിൽ സ്റ്റീഫൻ ഹോക്കിങ് ലോകത്തോട് വിട പറയുമ്പോൾ നഷ്ടമാകുന്നത് ഈ നൂറ്റാണ്ടിൽ  ലോകം കണ്ടതിൽ വെച്ച്  ഏറ്റവും പ്രമുഖനായ ശാസ്ത്രജ്ഞനെയാണ്. അറുപത് വര്‍ഷങ്ങളായി ശരീരം തളര്‍ന്ന നിലയില്‍ വീല്‍ ചെയറില്‍ കഴിയുന്ന അദ്ദേഹം ആ അവസ്ഥയില്‍ ജീവിച്ചാണ് ശാസ്ത്ര സംഭാവനകൾ നൽകിയത്. എ ബ്രീഫ് ഹിസ്‌റ്ററി ഓഫ് ടൈം (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം)’ എന്ന പുസ്തകമാണ്  ഹോക്കിങ്ങിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്‌.അതുകൊണ്ട് തന്നെ  ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഗത്ഭരായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്മാരില്‍ ഒരാളായി അറിയപ്പെടുന്നതും ഇദ്ദേഹമാണ്. 2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ സ്റ്റീഫൻ ഹോക്കിങ് അവതരിപ്പിച്ച പുതിയ സിദ്ധാന്തം ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. തമോഗർത്തങ്ങളെക്കുറിച്ച് (ബ്ലാക്ക് ഹോൾ) അന്നോളമുള്ള പല ധാരണകളെയും തിരുത്തിക്കുറിക്കുന്ന ഒന്നായിരുന്നു അത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി താൻ തന്നെ ശരിയെന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന സിദ്ധാന്തങ്ങളെ തിരുത്തിക്കുറിക്കുന്ന കണ്ടെത്തൽ.