Tuesday
11 Dec 2018

ഞങ്ങള്‍ക്കും പറയാനുണ്ട്, സ്വന്തം ഡിജിറ്റല്‍ ചാനലിലൂടെ

By: Web Desk | Friday 8 December 2017 4:18 PM IST

വി മായാദേവി

ളിത് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിറന്ന ഡിജിറ്റല്‍ ചാനലാണ് ഖബര്‍ ലാഹരിയ. പ്രാദേശിക റിപ്പോര്‍ട്ടുകള്‍ക്കാണ് ഇവര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. വര്‍ത്തമാനപത്രമായി ആണ് തുടക്കം. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇത് ഡിജിറ്റല്‍ മാധ്യമമായി മാറി.
കുറഞ്ഞ കാലം കൊണ്ട് തന്നെ ലാഡിലി മീഡിയ പുരസ്‌കാരം, റാണി ലക്ഷ്മി പുരസ്‌കാരം, യുനെസ്‌കോയുടെ കിങ് സെജോങ് പുരസ്‌കാരംതുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഇവര്‍ സ്വന്തമാക്കി. യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഖബര്‍ ലാഹരിയയുടെ വാര്‍ത്തകള്‍ ലഭ്യമാണ്.
മഹിളദകിയ സംരംഭത്തിന്റെ നാല് പേജുളള ലഘുലേഖയിലൂടെയാണ് ഖബര്‍ ലാഹരിയ എന്ന ബൃഹത് മാധ്യമസംരംഭത്തിന് തുടക്കമിട്ടത്. പുതുതായി അക്ഷരം പഠിച്ച സ്ത്രീകളായിരുന്നു ഇതിന് പിന്നില്‍. എഴുത്തുകാരും വായനക്കാരും തമ്മിലുളള അന്തരമില്ലാതാക്കാനായി ഇവരെ നന്നായി എഴുതാന്‍ പരിശീലിപ്പിച്ചു. അവര്‍ക്കും അവരെപ്പോലെയുളളവര്‍ക്കും വേണ്ടി അവര്‍ എഴുതിത്തുടങ്ങി. പുരുഷന്‍മാര്‍ക്ക് വേണ്ടി മാറ്റി വച്ചിരുന്ന അച്ചടി മാധ്യമലോകത്തിലേക്കും അങ്ങനെ അവര്‍ പ്രവേശിച്ചു. ജാതി, ലിംഗ മതിലുകള്‍ ഇതിലൂടെ അവര്‍ തകര്‍ത്തെറിഞ്ഞു. പ്രാദേശിക ഭാഷകളിലുളള കൂടുതല്‍ വിഭവങ്ങള്‍ വായിക്കാന്‍ വേണ്ടി ആവശ്യക്കാര്‍ വന്നതോടെ ഇത് സ്ഥിരമായി തന്നെ ഇറങ്ങാനും തുടങ്ങി. ഇത് പഠനത്തിന്റെ പുതിയൊരു അന്തരീക്ഷം തന്നെ സൃഷ്ടിച്ചു.
1995ല്‍ മഹിളദകിയ അവസാനിക്കുമ്പോള്‍ സാക്ഷരതയും അറിയാനുളള ത്വരയും ഉളള ഒരു പറ്റം സ്ത്രീകള്‍ സമൂഹത്തിലുണ്ടായിക്കഴിഞ്ഞിരുന്നു. ഇത് സ്ത്രീ ശാക്തീകരണത്തിന്റെ മറ്റൊരു മാതൃകയായി. 2002ല്‍ ഖബര്‍ ലാഹരിയ പിറന്നു. ഏഴ് സ്ത്രീകളടങ്ങുന്ന ഒരു സംഘമായിരുന്നു ഇതിന് പിന്നില്‍. ദ്വൈവാരിക ആയി ആണ് തുടക്കം. ബുന്ദേലി, ഹിന്ദി ഭാഷകളിലാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. പ്രാദേശികം മുതല്‍ ആഗോളതലത്തില്‍ വരെയുളള വിഷയങ്ങള്‍ ഇത് കൈകാര്യം ചെയ്തു.
നമ്മുടെ യാഥാര്‍ത്ഥ്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഭാഷ. അത് എഴുത്തായാലും വായ്‌മൊഴി ആയാലും. ഭാഷ രാഷ്ട്രീയമാണ്. ഇതിന് ഏറെ ശക്തിയുമുണ്ട്. ഭാഷയ്ക്ക് അതിന്റേതായ ശ്രേണിതലങ്ങളുണ്ട്. എഴുത്ത് ഭാഷയാണ് അതില്‍ ഏറ്റവും മുകളിലുളളത്. ഇത് കൊണ്ടൊക്കെയാണ് പ്രസിദ്ധീകരണത്തിന് പ്രാദേശിക ഭാഷ തിരഞ്ഞെടുത്തതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ഖബര്‍ ലാഹരിയയ്ക്ക് മുമ്പുണ്ടായിരുന്ന മഹിള ദക്കിയയ്ക്ക് ശക്തമായ ആശയ, രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നു. സ്ത്രീകളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ മാനിച്ച് കൊണ്ടുളളതായിരുന്നു അത്. സ്ത്രീകളുടെ ലോകം, അനുഭവങ്ങള്‍, ഭാവനകള്‍ എന്നിവ അതിമനോഹരമായി അവരുടെ പ്രാദേശിക ഭാഷയായ ബുന്ദേലിയിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടു. മഹിള ദാകിയയുടെ ആദ്യഘട്ടത്തില്‍ ബുന്ദേലിയോടൊപ്പം ഹിന്ദിയും ഉപയോഗിച്ചിരുന്നു. ബുന്ദേല്‍ഖണ്ഡിലെ സ്ത്രീകള്‍ക്ക് വാര്‍ത്തയാകട്ടെ, അപകടത്തെ കുറിച്ചുളള റിപ്പോര്‍ട്ടാകട്ടെ എന്തും കാവ്യാത്മകമായി എഴുതാനും സാധിച്ചിരുന്നു.
ബുന്ദേലിഭാഷയിലെ ചില വാക്കുകള്‍ സ്ത്രീകള്‍ക്ക് മാത്രമായി മാറ്റിവച്ചിരുന്നു. ഇതിന് പകരം വയ്ക്കാന്‍ ഹിന്ദിയില്‍ വാക്കുകളൊന്നും തന്നെ ഉണ്ടായിരുന്നുമില്ല.
ബുന്ദേലി മുഖ്യധാരാഭാഷകളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട ഒന്നായിരുന്നു. ഇത് ഹീനഭാഷയായി കണക്കാക്കിയിരുന്നു. ബുന്ദേലിയെ ശാക്തീകരണത്തിന്റെ ഭാഷയായി അംഗീകരിക്കാതെ അരിക്‌വത്ക്കരണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഭാഷയായി തന്നെ നിലനിര്‍ത്തി.
ഭാഷ ശക്തിയുടെയും നിയന്ത്രണത്തിന്റെയും മാധ്യമമാണ്. ജനങ്ങളുടെ ജീവിത രീതിയെയും സംസ്‌കാരത്തെയും ഇത് അടയാളപ്പെടുത്തുന്നു. ഒരാളുടെ ഭാഷ കുറഞ്ഞതാണെന്നും നല്ലതല്ലെന്നും ഉപയോഗശൂന്യമെന്നും ധരിച്ചാല്‍ ഇത് അവരുടെ ജീവിതം തന്നെ ഇരുളടഞ്ഞതാക്കും. ഇതാണ് പിന്നാക്കക്കാരെ വീണ്ടും വീണ്ടും അരിക്‌വത്ക്കരിക്കപ്പെട്ടവരായി തന്നെ നിലനിര്‍ത്തിയത്.
നൂറ്റാണ്ടുകളായുളള അടിച്ചമര്‍ത്തലും, പാര്‍ശ്വവത്ക്കരണവും ഇവരെ മുഖ്യധാരയിലേക്ക് കടന്ന് വരാന്‍ മടിയുളളവരാക്കി തീര്‍ത്തു. സ്ത്രീകളെ അവരുടെ ഭാഷയിലൂടെശാക്തീകരിക്കാന്‍ ശീലിപ്പിക്കണം. ഇത് എളുപ്പത്തില്‍ സാധിക്കുന്ന ഒന്നല്ല. ക്രമേണ ഇവരെ അതിലേക്ക് കൊണ്ടുവരാന്‍ മാത്രമേ സാധിക്കൂ. ബുന്ദേലി വായിക്കാനും എഴുതാനുമുളള കൂടുതല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഖബര്‍ ലാഹരിയ ഊന്നല്‍ നല്‍കുന്നത്.
ഡിജിറ്റല്‍ മാധ്യമത്തിലേക്ക് മാറിയപ്പോള്‍ ഇന്റര്‍നെറ്റ് ഉളളവര്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ എന്ന അവസ്ഥയുണ്ടായി. ഇതോടെ ഗ്രാമീണ മേഖലയിലുളളവര്‍ക്ക് ഇതിന്റെ സേവനം അന്യമായി. ഇത്തരം പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഇവ എത്തിക്കാനുളള ശ്രമത്തിലാണ് ഖബര്‍ ലാഹരിയയുടെ അണിയറക്കാര്‍.
അച്ചടി മാധ്യമരംഗത്ത് നിന്ന് ഡിജിറ്റലിലേക്ക് മാറിയപ്പോള്‍ തങ്ങള്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു നിയമം തന്നെ നിലവിലില്ലെന്ന വിധത്തിലായിരുന്നു ജില്ലാ മജിസ്‌ട്രേസ്ട്രമജിസ്‌ട്രേറ്റിന്റെ നിലപാട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാര്യങ്ങള്‍ ഏറെ മാറിമറിഞ്ഞു. ഇലക്‌ട്രോണിക് ന്യൂസിന്റെ സാധ്യതകള്‍ വളരെ വലുതാണ്. ജനങ്ങള്‍ ഇത് പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്റര്‍നെറ്റില്‍ വിപുലീകരണത്തിന് ഏറെ മാര്‍ഗങ്ങളുണ്ട്. ഇത് തങ്ങള്‍ക്ക് മറ്റൊരു സ്വത്വം നല്‍കിയിരിക്കുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. മുഖ്യധാര മാധ്യമങ്ങള്‍ പോലും ഞങ്ങളെ കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു മാസം കൊണ്ട് പത്ത് ലക്ഷം പേരാണ് തങ്ങളുടെ ഇലക്‌ട്രോണിക് ന്യൂസ് കണ്ടത്.
പ്രാദേശിക എന്‍ജിഒകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണ് ഇവരുടെ റിപ്പോര്‍ട്ടര്‍മാരിലേറെയും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവരുടെ മാധ്യമജീവിതത്തിന് ഏറെ സഹായകമായിട്ടുമുണ്ട്. ഇവരുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ മാതൃകകളുമാണ്. ഇവര്‍ ഖബര്‍ ലാഹരിയയ്‌ക്കൊപ്പം ചേരാന്‍ ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്. നാട്ടുകാരായ സ്ത്രീകള്‍ക്ക് മികച്ച പരിശീലനവും ഇന്റേണ്‍ഷിപ്പും നല്‍കുന്നുമുണ്ട്. ഇതിന് ശേഷമാണ് ഇവരെ ഖബര്‍ ലാഹരിയയുടെ മുഴുവന്‍സമയ മാധ്യമ പ്രവര്‍ത്തകരായി നിയോഗിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഇവിടുത്തെ പുരുഷ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് തങ്ങള്‍ക്ക് കയ്‌പേറിയ അനുഭവങ്ങളുണ്ടായതായി ഈ സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. ദളിത് വിഭാഗത്തില്‍ നിന്നുളള വനിതാ മാധ്യമ പ്രവര്‍ത്തകരെ അംഗീകരിക്കാന്‍ ഇവര്‍ തയാറായില്ല. തങ്ങള്‍ക്ക് പ്രാദേശിക സംസ്‌കാരവും സ്ത്രീകളുടെ പ്രശ്‌നങ്ങളും മാത്രമേ റിപ്പോര്‍ട്ട് ചെയ്യാനാകൂ എന്ന് വരെ അവര്‍ ആരോപിച്ചു. ഇവരുടെ ഈ പ്രതികരണങ്ങള്‍ ഏറെ ഞെട്ടലുണ്ടാക്കുന്നവയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വളരെ മാറി മറിഞ്ഞിട്ടുണ്ട്. തങ്ങളെയും തൊഴില്‍ നൈപുണ്യമുളള മാധ്യമപ്രവര്‍ത്തരായി അംഗീകരിക്കുന്നു. തങ്ങള്‍ക്ക് പല സഹായങ്ങളും ചെയ്ത് തരുന്നുമുണ്ട്.
അടുത്ത അഞ്ച് കൊല്ലം കൊണ്ട് ഉത്തര്‍പ്രദേശിലാകെ തങ്ങളുടെ സാന്നിധ്യമറിയിക്കണമെന്നാണ് ഈ സ്ത്രീകളുടെ ആഗ്രഹം. ഇവരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ അത് അസാധ്യവുമല്ല.