Wednesday
12 Dec 2018

പഞ്ചരത്‌നങ്ങളുടെ വേറിട്ട മാതൃക

By: Web Desk | Thursday 8 February 2018 10:49 PM IST

മനു പോരുവഴി

തൃശൂര്‍ ജില്ലയിലെ നടത്തറ ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പൂച്ചട്ടി എന്ന ഗ്രാമത്തിലാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ കൂട്ടായ്മയില്‍ പിറന്ന
ജൈവകൃഷി ഇന്ന് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്

വാര്‍ധക്യത്തിന്റെ ഏകാന്തതയെന്നും വിശ്രമജീവിതത്തിന്റെ ആലസ്യമെന്നും പറഞ്ഞ് ജീവിതത്തെ വിരസമാക്കുന്നവര്‍ ഈ സ്ത്രീകളുടെ ജീവിതം കണ്ടു പഠിക്കണം. നരവീണ ശരീരത്തില്‍ ജരാനരകള്‍ ബാധിക്കാത്ത മനസ്സുകളുമായി ഈ ഐവര്‍ സംഘം മണ്ണില്‍ പൊന്നു വിളയിക്കുകയാണ്. നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമെന്ന ആശയമൊന്നു മാത്രമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന തിരിച്ചറിവിലാണ് ഇവര്‍ കൃഷി തിരഞ്ഞെടുത്തത്. നേരമ്പോക്കിനായി തുടങ്ങിയ ഇവരുടെ കൃഷി കൂട്ടായ്മയില്‍ പിറവിയെടുത്ത അന്‍പതില്‍പരം ഉല്‍പ്പന്നങ്ങള്‍ ഇന്ന് ചിരപ്രചാരം നേടിക്കഴിഞ്ഞു. ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ നേരിട്ടെത്തിക്കുന്ന വിപണന തന്ത്രം ഫലംകണ്ടു. അധ്വാനത്തിന്റെ കുറച്ചു സമയം നാട്ടില്‍ കൃഷിയെ പരിപോഷിപ്പിക്കാന്‍ കൂടി മാറ്റി വച്ചപ്പോഴാണ് കൃഷിയോടുള്ള ഈ ഐവര്‍ സംഘത്തിന്റെ മണ്ണില്‍ തീര്‍ത്ത കാര്‍ഷിക വിപ്ലവത്തിന്റെ കഥകള്‍ നാട്ടിലറിഞ്ഞു തുടങ്ങിയത്.
തൃശൂര്‍ ജില്ലയിലെ നടത്തറ ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പൂച്ചട്ടി എന്ന ഗ്രാമത്തിലാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ കൂട്ടായ്മയില്‍ പിറന്ന ജൈവകൃഷി ഇന്ന് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. മാഹി ജവഹര്‍ നവോദയ വിദ്യാലയയില്‍ നിന്നും ഇരുപത്തിനാല് വര്‍ഷത്തെ സേവനത്തിനു ശേഷം ജോലി രാജി വെച്ച സന്ധ്യ ടീച്ചറാണ് കൃഷി എന്ന ആശയവുമായി ആദ്യം മുന്നിട്ടിറങ്ങിയത്.ഭര്‍ത്താവിന്റെ സഹോദരിമാരായ ബാങ്ക് മാനേജര്‍മാരായി വിരമിച്ച ഇന്ദിരയേയും, മീരയേയും, മറ്റൊരു സഹോദരി ശോഭയേയും ജ്യേഷ്ഠത്തി ഗീതയേയും ഒപ്പം ചേര്‍ത്ത് എല്ലാവരുടേതുമായി കിടന്ന മൂന്നേക്കര്‍ പറമ്പില്‍ കൃഷിയിറക്കാന്‍ ആലോചിച്ചു.വിഷരഹിതമായ പച്ചക്കറികള്‍ക്കായാണ് കൃഷി തുടങ്ങിയതെങ്കിലും ഇന്ന് ഇവര്‍ക്ക് നല്ല വരുമാനം ഇതില്‍ നിന്നും ലഭിക്കുന്നു. തെങ്ങും, വാഴയും,കവുങ്ങും, കുരുമുളകും, ജാതിയും, മരച്ചീനി, ചേന, ചേമ്പ്, എന്നിവയടക്കമുള്ള കാര്‍ഷികവിഭവങ്ങളും വിവിധ തരത്തിലുള്ള പയര്‍, ചീര, ഉള്‍പ്പെടെ ഇരുപതിലധികം പച്ചക്കറികളും അവരുടെ കൂട്ടായ അധ്വാനത്തില്‍ വിളഞ്ഞു.ഇന്ന് ഇവരുടെ കൃഷിയിടത്തില്‍ ഒരു വിധം എല്ലാ കാര്‍ഷിക വിളകളും കൃഷി ചെയ്യുന്നുണ്ട്. പൂര്‍ണ്ണമായും ജൈവ കൃഷി രീതി പിന്‍തുടരുന്നതിനാല്‍ ഇതിനു വേണ്ടി പശു, ആട്, കോഴി എന്നിവയെയും വളര്‍ത്താന്‍ തുടങ്ങി. വിഷം തളിയ്ക്കാത്ത നാടന്‍ വിഭവങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യത കണ്ടറിഞ്ഞാണ് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കണമെന്ന തീരുമാനത്തിലെത്തിയത്. ഇത് വിജയിക്കുകയും ചെയ്തു.

പൊതിച്ചോര്‍ സംരംഭത്തിന്റെ ജോലികള്‍ക്കായി പുലര്‍ച്ചെ മൂന്നു മണിയ്ക്ക് ഉണരുന്ന ഇവര്‍ ജോലികളെല്ലാം തീര്‍ത്ത് പറമ്പിലേക്കിറങ്ങുന്നു . ഇവര്‍ തന്നെയാണ് കൃഷിയിടം നനയ്ക്കുന്നതും, നടുന്നതും, വിളവെടുക്കുന്നതുമെല്ലാം. പറമ്പു കൊത്താനും കിളയ്ക്കാനുമായി ഒരു സഹായിയുണ്ട് എന്ന തൊഴിച്ചാല്‍ എല്ലാ ജോലികളും ഇവര്‍ തന്നെയാണ് ചെയ്യുന്നത്.
ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ക്ക് വില ലഭിക്കുന്നില്ലെന്ന പ്രശ്‌നം ഇവര്‍ക്കില്ല.കൃഷിയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സ്വയം ഉണ്ടാക്കുകയും ഇതിനുള്ള വിപണി ഇവര്‍ സ്വയം കണ്ടെത്തുകയും ചെയ്യുന്നു. നാളികേര പാലില്‍ നിന്നുണ്ടാക്കുന്ന വെന്ത വെളിച്ചെണ്ണയാണ് ഇന്ന് ഇവരുടെ വിപണിയിലെ പ്രധാന ഇനം. ഔഷധഗുണം എറെയുണ്ടെന്നതും വിശ്വാസ്യതയുമാണ് ഇതിന്റെ പ്രിയം കൂടാന്‍ കാരണമായത്. നാളികേരത്തില്‍ നിന്നു തന്നെ ചമ്മന്തിപ്പൊടിയും അവലോസുപൊടിയും നിര്‍മ്മിക്കുന്നുണ്ട്. ചെമ്പരത്തി പൂവ്, വാഴപ്പിണ്ടി, ചീര, ജാതി തൊണ്ട്, ഇലുമ്പിപ്പുളി, എന്നിവയില്‍ നിന്നും നിര്‍മ്മിക്കുന്ന സ്‌ക്വാഷുകള്‍, ഇലുമ്പിപ്പുളി, വാഴപ്പിണ്ടി, നെല്ലിക്ക, വെളുത്തുള്ളി, മാങ്ങ, നാരങ്ങ ഉള്‍പ്പെടെയുള്ള അച്ചാറുകള്‍, തുടങ്ങിയവയും വിപണിയില്‍ നന്നായി ഇടം നേടിയിട്ടുണ്ട്. പപ്പായ പ്രഥമനും, കൊടംപുളിയില്‍ നിര്‍മ്മിക്കുന്ന പുളിയിഞ്ചിയും ഇവരുടെ ഏറ്റവും ശ്രദ്ധേയമായ ഇനങ്ങളാണ്.ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാര്‍ ചെയ്ത ബേക്കറി സാധനങ്ങളും ഇതിനോടകം വിപണി കീഴടക്കി കഴിഞ്ഞിട്ടുണ്ട്. മായം ചേരാത്ത മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, കറിമസാലകള്‍ ഉള്‍പ്പെടെ ഈ രംഗത്തും ഇവരുടെ സാന്നിധ്യമുണ്ട്. ചെറിയ തോതില്‍ മാത്രമേ മല്‍സ്യകൃഷി ആരംഭിച്ചിട്ടുള്ളൂവെങ്കിലും മീന്‍ അച്ചാറിന് വലിയ ഡിമാന്‍ഡുണ്ട്. സ്വന്തമായി കൃഷി ചെയ്ത മഞ്ഞളില്‍ നിന്നുണ്ടാക്കുന്ന മഞ്ഞള്‍പ്പൊടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓര്‍ഡര്‍ പ്രകാരം അയച്ചുകൊടുക്കുന്നുണ്ട്. സ്വന്തമായി വിളയിക്കുന്ന പച്ചക്കറികള്‍ ഉപയോഗിച്ച് തയാര്‍ ചെയ്യുന്ന ഇവരുടെ പൊതിച്ചോറിനും വലിയ പ്രചാരം ലഭിച്ചു കഴിഞ്ഞു.

സൗഹൃദങ്ങള്‍ പങ്കുവയ്ക്കാനുള്ള ഇടങ്ങള്‍ മാത്രമല്ല നവ മാധ്യമരംഗം എന്ന തിരിച്ചറിവില്‍ നിന്നുമാണ് ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി ഫെയ്‌സ് ബുക്കിനെ തിരഞ്ഞെടുത്തത്.ഒന്നര ലക്ഷത്തില്‍പരം അംഗങ്ങളുള്ള ‘കാര്‍ഷിക വിപണി’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിനുകളില്‍ ഒരാളാണ് സന്ധ്യടീച്ചര്‍. കൂട്ടായ്മയില്‍ രൂപപ്പെട്ട ഉല്‍പ്പന്നങ്ങളെല്ലാം സന്ധ്യാസ് എന്ന പേരില്‍ വിപണിയില്‍ ഇറക്കാനുള്ള പരിശ്രമത്തിലാണിന്നിവര്‍. തങ്ങളോടൊപ്പം ചുറ്റുപാടുകളിലുള്ളവര്‍ക്കു കൂടി സാമ്പത്തിക പുരോഗതി ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട്. ഇതിനായി നാട്ടില്‍ സ്ത്രീകളുടെ പലവിധ കൂട്ടായ്മകളും സംഘടിപ്പിച്ചു കഴിഞ്ഞു. ആഴ്ചയിലൊരിക്കല്‍ തൃശ്ശൂരില്‍ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് സ്വന്തം വിളവുകള്‍ വില്‍പ്പന നടത്തുന്നതിനായി നാട്ടു ചന്ത സംഘടിപ്പിച്ചതിലും ടീച്ചറുടെ ഇടപെടലുകളുണ്ട്.നിരവധി കര്‍ഷകര്‍ക്ക് ഇന്ന് ഈ വിപണി പ്രയോജനം ചെയ്യുന്നുണ്ട്. സരയൂ എന്ന പേരില്‍ രൂപീകരിച്ച കുടുംബശ്രീ യൂണിറ്റ് കൃഷിയെ പ്രോത്സാഹിപ്പിക്കാനായുള്ളതാണ്.

ഏതൊരു സ്ത്രീക്കും സ്വന്തമായി വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് ഇന്ന് ഒരു ബുദ്ധിമുട്ടുമില്ലെന്നാണ് ഇവരുടെ പക്ഷം. മനസുണ്ടായാല്‍ ആര്‍ക്കും കൃഷി ചെയ്യാന്‍ കഴിയും.സര്‍ക്കാരിന്റെ ഒട്ടേറെ സഹായ പദ്ധതികള്‍ ഇന്ന് കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ലഭ്യമാണ്. ജീവിത സായാഹ്നത്തില്‍ കര്‍മോത്സുകതയുടെ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണ് ഈ പഞ്ചരത്‌നങ്ങള്‍.