Wednesday
12 Dec 2018

എഡിറ്റത്തോണിലെ എഴുത്തുകാരികള്‍

By: Web Desk | Thursday 8 February 2018 10:41 PM IST

ആഷ്‌ലി മേരി തോമസ്

വിരല്‍ത്തുമ്പില്‍ വിജ്ഞാനമെന്നതാണ് ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. വിരല്‍ത്തുമ്പിലാണെന്ന് പറയുമ്പോഴും ഇന്റര്‍നെറ്റിലെ എല്ലാ വിവരങ്ങളും നാം ഉള്‍ക്കൊള്ളാറില്ല. അതിലുമുണ്ട് ഔദ്യോഗികവും അനൗദ്യോഗികവുമെന്ന തരംതിരിവുകള്‍.
എല്ലാ ഭാഷകളിലും ലഭിക്കുന്ന സ്വതന്ത്രവും സമ്പൂര്‍ണവുമായ ഇന്റര്‍നെറ്റ് വിജ്ഞാനകോശമാണ് വിക്കീപീഡിയ. അല്ലെങ്കില്‍ ആര്‍ക്കും തിരുത്തി എഴുതാവുന്ന സ്വതന്ത്ര വിജ്ഞാനകോശം. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സന്നദ്ധ സേവന തല്‍പരരായ ഉപയോക്താക്കള്‍ സഹകരണത്തോടെ പ്രവര്‍ത്തിച്ചാണ് വിക്കീപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുന്നത്. ലേഖനങ്ങള്‍ എഴുതുവാനും മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും വിക്കീപീഡിയ അനുവദിക്കുന്നുണ്ട്.

വര്‍ഗ്ഗഭേദമന്യേ എല്ലാആളുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുമെങ്കിലും ധൈര്യപൂര്‍വ്വം ഇന്റര്‍നെറ്റില്‍ തിരുത്താനും സ്വന്തം സര്‍ഗ്ഗത്മക കഴിവുകള്‍ പ്രകടിപ്പിക്കാനും മുന്നിട്ട് വരുന്നത് പുരുഷന്മാര്‍ മാത്രമാണ്.

2011 ലെ പഠനപ്രകാരം, ലോകത്തിലെ ആകെ സ്ത്രീകളില്‍ 9% സ്ത്രീകള്‍ മാത്രമാണ് വിക്കീപീഡിയയില്‍ തിരുത്തുവരുത്തുകയും സൃഷ്ടികള്‍ അയക്കുകയും ചെയ്യുന്നത്. ഇന്ത്യയിലാകട്ടെ കേവലം 3% സ്ത്രീകളും.

ഇത്തരത്തില്‍ ഇന്റര്‍നെറ്റ് വിജ്ഞാനശാഖയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ പരിഹരിക്കുന്നതിനായി ”ഫെമിനിസം ഓഫ് ഇന്ത്യ” എന്ന സംഘടനയുടെ നേതൃത്വത്തില്‍ എഡിറ്റ് ഓണ്‍ ത്രോണ്‍ എന്ന എഡിറ്റിങ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരുകൂട്ടം സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരുന്നതിനെ ലക്ഷ്യമിട്ടാണ് ഇത് സംഘടിപ്പിച്ചത്.

ജനുവരിയില്‍ ”വുമണ്‍ ഇന്‍ടെക്” എന്ന വിഷയം തെരഞ്ഞെടുക്കുകയും എഫ്‌ഐഐ ഓഫിസില്‍ ഇന്ത്യന്‍ വുമണ്‍ ഇന്‍ ടെക് (സാങ്കേതിക വിദ്യയില്‍ സ്ത്രീകള്‍) എഡിറ്റത്തോണ്‍ രൂപീകരിച്ചു. വിക്കീപീഡിയ എഡിറ്റര്‍ മേഖലയില്‍ വേദി ലഭിക്കാത്ത സ്ത്രീകള്‍ക്ക് എഡിറ്ററായി മുന്നോട്ട് വരാനുള്ള ഒരവസരം കൂടിയായിരുന്നു ഇത്.
വളരെക്കുറച്ച് വിവരങ്ങള്‍ നല്‍കി എഡിറ്റത്തോണിന് മുമ്പായി വിക്കിപീഡിയയില്‍ ഒരു പേജ്

നിര്‍മ്മിക്കാനുള്ള അവസരമാണ് ആദ്യം ഇതില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ നേതൃസ്ഥാനത്തുള്ളവരെ ഞെട്ടിച്ചുകൊണ്ട് വെളിയില്‍ വന്നത് വിജ്ഞാനപ്രദമായ എഴുത്തുകളാണ്.

10 പേരടങ്ങിയ ഗ്രൂപ്പില്‍ വിക്കീപീഡിയയെ കുറിച്ച് ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കു ശേഷം, ഓരോ മത്സരാര്‍ത്ഥികളും ഒന്നോ അതിലധികമോ ഇന്ത്യന്‍ വനിതകളെ തെരഞ്ഞെടുത്തു. അവസാന ദിവസം ആയപ്പോഴേക്കും പങ്കെടുത്തവര്‍ വിക്കിപീഡിയയിലെ 13 വിക്കിപീഡിയ താളുകള്‍ എഡിറ്റുചെയ്തു.

”ഫെമിനിസം ഓഫ് ഇന്ത്യ” സംഘടിപ്പിച്ച വിക്കീപീഡിയ എഡിറ്റത്തോണിന്റെ ഭാഗമാകാന്‍ സാധിച്ചത് മികച്ച അനുഭവമായിരുന്നു. ഞങ്ങളുടെ ലക്ഷ്യം ലിംഗവിവേചനം കുറയ്ക്കുക എന്നതാണ്. അത് ഇവിടെ കാണാന്‍ സാധിച്ചു. ഇന്ത്യയിലെ ആദ്യ വനിതാ ശാസ്ത്രജ്ഞയായ രാജേശ്വരി ചാറ്റര്‍ജിയെ കുറിച്ചുള്ള വിവരങ്ങളാണ് ഞാന്‍ വിശദീകരിച്ചത്. മുമ്പൊരിക്കലും അറിയാത്ത കാര്യത്തെക്കുറിച്ച് ഇത്രയധികം വിശദീകരിക്കുകയും ഒരു ജോലി ചെയ്യുകയും ചെയ്തത് ആദ്യമായാണ്.

സമൂഹത്തില്‍ ഒട്ടനേകം സംഭാവനകള്‍ നല്‍കിയിട്ടും അറിയപ്പെടാതെ പോകുന്ന സ്ത്രീകളെക്കുറിച്ച് എഴുതാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.
ഇത്തരമൊരു സംരംഭം നടത്താന്‍ മുന്‍കൈ എടുത്തതിനും അതില്‍ പങ്കാളിയാവാന്‍ അവസരം നല്‍കിയിതിനും എഫ്‌ഐഐയോട് നന്ദി പറയുകയും എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു.” ക്യാമ്പില്‍ പങ്കെടുത്ത ശിവാങ്കിയുടേതാണ് ഈ വാക്കുകള്‍.