Thursday
22 Feb 2018

ഈ ഈണങ്ങള്‍ക്കെന്നും ഇരട്ടി മധുരം

By: Web Desk | Thursday 8 February 2018 10:33 PM IST

പതിനൊന്നാം വയസ്സില്‍ നൂറ് വേദികള്‍ പിന്നിട്ട് ഇരട്ട സഹോദരിമാര്‍

രമ്യ മേനോൻ 

നുഷ്യ ജീവിതത്തില്‍ സംഗീതം എന്ന കല ഗുണം ചെയ്യുന്നത് രണ്ട് വഴികളിലൂടെയാണ്. ചിലപ്പോള്‍ ഔഷധമായും മറ്റുചിലപ്പോള്‍ ആസ്വാദന രീതിയായും മാറുന്ന ആ അനുഭൂതിയുമായി നൂറ് വേദികള്‍ പിന്നിടുന്ന ഇരട്ട സഹോദരിമാരാണ് ഈയടുത്ത് താരങ്ങളായിരിക്കുന്നത്.
കുറഞ്ഞ പ്രായത്തില്‍ ഇത്രയധികം വേദികള്‍ പിന്നിട്ട പോരുവഴി സ്വദേശിനിമാരായ അദ്വൈതയും അദീതയും നാലാം വയസ്സിലാണ് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. ശാസ്താംകോട്ട പോരുവഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തിലാണ് നൂറാമത്തെ കച്ചേരി ഇവര്‍ അവതരിപ്പിക്കുക. ഇതോടെ നൂറ് വേദികളില്‍ കച്ചേരി അവതരിപ്പിക്കുന്ന ഇരട്ട സഹോദരിമാരെന്ന അപൂര്‍വ്വ നേട്ടത്തിന് ഇവര്‍ അര്‍ഹരാകും. ശാസ്താംകോട്ട സ്വദേശികളായ പാലാക്കുളങ്ങര രാജ്കുമാറിന്റെയും ദേവികാ രാജിന്റെയും മക്കളാണ് ഇവര്‍.

അദ്വൈതയുടെയും അതീതയുടെയും ജേഷ്ഠനായ അക്ഷയ് രാജാണ് ആദ്യം സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്. സര്‍വോദയയില്‍ പഠിക്കാന്‍ പോയ ജേഷ്ഠന്‍ പാതിവഴിയില്‍ ഉപേക്ഷിച്ച സംഗീതം പിന്നീട് അനുജത്തിമാര്‍ തുടരുകയായിരുന്നു. കര്‍ണാടക സംഗീതത്തിന്റെ ഈരടികള്‍ ചൊല്ലിനല്‍കി ആനയടി അനില്‍കുമാര്‍ എന്ന ഗുരു ഏഴു വര്‍ഷമായി ശിഷ്യകള്‍ക്ക് പിന്തുണ നല്‍കിവരുന്നു. 2015ലായിരുന്നു ഇവരുടെ അരങ്ങേറ്റം. നൂറ് വേദികളില്‍ കേരളത്തിന് പുറത്തുള്ള വേദികളും ഉള്‍പ്പെടുന്നുവെന്നതാണ് ഇവരുടെ നേട്ടങ്ങളുടെ മാറ്റുകൂട്ടുന്നത്.
വര്‍ണവും കീര്‍ത്തനങ്ങളും രാഗ വീസ്താരം, നിരവല്‍ സ്വരപ്രസ്താരം തുടങ്ങി എല്ലാ ശാസ്ത്രീയ വശങ്ങളും കോര്‍ത്തിണക്കി രണ്ട് മണിക്കൂര്‍ നിണ്ടുനില്‍ക്കുന്ന കച്ചേരിയാണ് ഇവര്‍ അവതരിപ്പിക്കുക.

നിരവധി ടിവി ചാനലുകളിലും ഇവര്‍ ഇതിനോടകം സംഗീത പരിപാടി അവതരിപ്പിച്ചു. കൂടാതെ ഭരതനാട്യത്തില്‍ അരങ്ങേറ്റവും കുറിച്ചു. കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി ആയോധന കല ഈ മിടുക്കികള്‍ കരസ്തമാക്കി. ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പാലാക്കുളങ്ങര സിസ്റ്റേഴ്‌സ് എന്ന ഈ കുട്ടിത്താരങ്ങള്‍.