Wednesday
12 Dec 2018

ഉദാദേവി: ആഘോഷിക്കപ്പെടാതെ പോയ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായിക

By: Web Desk | Thursday 8 February 2018 10:38 PM IST

വി മായാദേവി

ന്നാം സ്വാതന്ത്ര്യസമരത്തിലെ വനിതകളെക്കുറിച്ച് പറയുമ്പോള്‍ നാം ആദ്യം പറയുന്നത് റാണി ലക്ഷ്മിഭായ്, ബീഗം നസ്രത് മഹല്‍ തുടങ്ങിയവരുടെ പേരുകളാകും. എന്നാല്‍ അത്രയൊന്നും പ്രാധാന്യം ലഭിക്കാതെ പോയ ചിലരും ഈ പോരാട്ടങ്ങളില്‍ അടരാടിയെന്നത് നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.

താഴ്ന്ന കുലങ്ങളില്‍ ജനിച്ച ഈ സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് നാം അത്രയൊന്നും പ്രാധാന്യം കല്‍പ്പിക്കുന്നില്ല. കാരണം അവര്‍ സമൂഹത്തിന്റെ അരുകുകളില്‍ പെട്ടവരാണ്. അതു കൊണ്ട് അവരുടെ ത്യാഗങ്ങള്‍ നാം കൊട്ടിഘോഷിക്കുന്നുമില്ല. ഇതിന് പുറമെ നമ്മുടെ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകളെ പോരാളികളായി കാണാത്തതും ഇവര്‍ ആഘോഷിക്കപ്പെടാതിരിക്കാനുളള കാരണമാണ്. വിജയികള്‍ തങ്ങളുടെ സവര്‍ണ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് 1857ലെ വിജയചരിത്രം എഴുതി. അത് കൊണ്ട് തന്നെ സമരത്തില്‍ പങ്കെടുത്ത് ത്യാഗം സഹിച്ച അവര്‍ണരെ അവര്‍ അത്ര മഹത്വവത്ക്കരിച്ചില്ല.
ഇത്തരത്തില്‍ ആഘോഷിക്കപ്പെടാതെ പോയ ഒന്നാം സ്വാതന്ത്ര്യ സമര പോരാളികളില്‍ ഒരാളാണ് ഉദാ ദേവി. ഉത്തര്‍പ്രദേശിലെ ഔദ് എന്ന കുഗ്രാമത്തിലാണ് ഇവരുടെ ജനനം. ബ്രിട്ടീഷ് ഭരണത്തിനെതിരെ നാട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഇവര്‍ യുദ്ധത്തില്‍ അണിചേരാന്‍ ബീഗം ഹസ്രത് മഹലിനൊപ്പം ചേര്‍ന്നു. ഇവരുടെ നേതൃത്വത്തില്‍ ഒരു വനിത ബറ്റാലിയന്‍ രൂപീകരിക്കാന്‍ ബീഗം നിര്‍ദേശം നല്‍കി. ഉദാദേവിയും അവരുടെ ദളിത് സഹോദരിമാരുമായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിലെ വീരാംഗനമാര്‍.
ലഖ്‌നൗവിലെ സിക്കന്തര്‍ബാഗില്‍ 1857ലെ പോരാട്ടത്തിലെ ഈ നായികയുടെ ഒരു പ്രതിമയുണ്ട്. ഈ പോരാട്ടത്തിന് ശേഷം ഉത്തരേന്ത്യ അരാജകത്വത്തിലേക്ക് വഴുതി വീണു. ഡല്‍ഹി, ഝാന്‍സി, കാണ്‍പൂര്‍ തുടങ്ങിയ മേഖലകളില്‍ ബ്രിട്ടീഷുകാര്‍ അഴിഞ്ഞാടാന്‍ തുടങ്ങി. ലഖ്‌നൗവിലെ ഗോമതി നദീതീരത്തുളള ചെറിയ കോളനിയിലും ബ്രിട്ടീഷ് സൈന്യം അക്രമം അഴിച്ച് വിട്ടു. ബ്രിട്ടീഷുകാരോട് കൂറുപുലര്‍ത്തിയിരുന്ന ഇന്ത്യക്കാരായ സൈനികരും ഇതിലുണ്ടായിരുന്നു. സെപ്റ്റംബറില്‍ വീണ്ടും ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു പ്രക്ഷോഭം ഉയര്‍ന്നെങ്കിലും അത് വലിയ ഓളം സൃഷ്ടിക്കാതെ കെട്ടടങ്ങി. ഈ പോരാട്ടത്തില്‍ 2000 ജീവനുകള്‍ നഷ്ടമായി. സൈനികരിലും ചിലര്‍ മരിച്ചു.

ഇന്ന് ഉദാദേവി പിന്നാക്ക ജാതിയിലെ സ്ത്രീകളുടെ ഒരു വികാരമാണ്. അവര്‍ക്ക് പ്രചോദനമാണ്. നവംബര്‍ പതിനാറിന് ഇവരുടെ പ്രതിമക്കരികില്‍ പാസി ജാതിയില്‍ പെട്ടവര്‍ ഒത്തുകൂടാറുണ്ട്. കോളനി വിരുദ്ധ നായികയായി അവരെ ആഘോഷിക്കുന്നു. പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പോലും ആഘോഷങ്ങള്‍ക്കായി ആളുകള്‍ എത്തുന്നു. വളരെ ദൂരെയുളള ഗ്രാമങ്ങളില്‍ നിന്നുപോലും സ്ത്രീകള്‍ തനിയെ സഞ്ചരിച്ച് ഇവിടെ എത്തുന്നു.

പാരമ്പര്യമായി കള്ളു ചെത്ത് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിഭാഗമാണ് പാസികള്‍. ഉദാ ദേവി രക്തസാക്ഷിത്വ ദിനത്തില്‍ ഇവര്‍ ഒത്തുകൂടി ഉദാദേവിക്ക് മരണമില്ലെന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു. ഉദാദേവി മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അവരുടെ ത്യാഗോജ്വല ഓര്‍മകള്‍ ദളിത് സമൂഹത്തില്‍ ഇന്നും ജീവിക്കുന്നു.
പാസികളുടെ ചരിത്രം ലോകത്ത് നിന്ന് തന്നെ ഇല്ലാതായിരിക്കുന്നു. അവരുടെ സംഭാവനകളും രേഖപ്പെടുത്താതെ പോയി. വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് ജീവിച്ച ഇതുപോലുളള പല ദളിതുകളും രാജ്യത്തിന്റെ വികസനത്തില്‍ നല്‍കിയ സംഭാവനകള്‍ ബ്രിട്ടീഷുകാരും സവര്‍ണ മേധാവികളും ചേര്‍ന്ന് ചരിത്രത്തില്‍ നിന്ന് പാടെ നീക്കി.
ഇവരെ ചിലര്‍ ആഫ്രിക്കക്കാരെന്ന് വിളിച്ചു, ചിലരെ തൊട്ടുകൂടാത്തവരായും ദുര്‍ബലരായും കണ്ടു. ഇവരില്‍ പല സ്ത്രീകളും ഔദ് നവാബിന്റെ രാജസദസില്‍ ജോലി ചെയ്തിരുന്നു. ഇവര്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പാടെ ഇല്ലാതായി.

ഒന്നാം സ്വാതന്ത്ര്യസമരം രാജകുടുംബത്തില്‍ നിന്നുളളവരുടേത് മാത്രമായിരുന്നില്ല. അരിക്‌വത്ക്കരിക്കപ്പെട്ട സമൂഹങ്ങളിലെ സ്ത്രീകളും ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്വാതന്ത്ര്യസമരത്തില്‍ നിരവധി പേര്‍ പോരാടിയെങ്കിലും പ്രാധാന്യം ചിലര്‍ക്ക് മാത്രമായി നല്‍കപ്പെട്ടു എന്നതാണ് വാസ്തവം. ഉദാ ദേവിയെപ്പോലുളളവരെ ഓര്‍ക്കാനോ ആദരിക്കാനോ നാം തയാറാകുന്നില്ല എന്നത് തന്നെയാണ് ഇതിന്റെ തെളിവ്.