Thursday
24 Jan 2019

റബ്ബര്‍ റിപ്പബ്ലിക്ക്

By: Web Desk | Friday 6 April 2018 7:05 PM IST

ആന്‍പാലി

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു എന്റെ വല്യമ്മച്ചിക്ക് നാലാമത്തെ നെഞ്ച് വേദന വന്നത്, ഒരു കാറ്റും മഴയും ഉള്ള രാത്രിയുടെ തുടര്‍ച്ചയായി, അതിരാവിലെ പറമ്പിലേക്ക് നോക്കി നിന്നപ്പോളായിരുന്നു അത്. കാറ്റടിച്ചു താഴെ കിടക്കുന്ന റബ്ബറും, തെങ്ങും , വാഴയും നോക്കി നില്‍ക്കുന്നതിനിടയ്ക്കു ,പിറകുവശത്തെ തിണ്ണേല്‍ കാലുംനീട്ടിയിരുന്നു ‘ഇങ്ങോട്ടൊന്നു വന്നേ..’ എന്നും പറഞ്ഞും നീട്ടിയൊരു വിളി. അരമണിക്കൂറിനുള്ളില്‍ അമ്മച്ചി പാലാ മരിയന്‍ സെന്ററില്‍ അഡ്മിറ്റായി. അന്നൊക്കെ വീട്ടീന്ന് എപ്പോ വണ്ടി സ്റ്റാര്‍ട്ട് ആയാലും അതിലുടനെ സീറ്റ് പിടിക്കണം എന്ന മത്സരം ഉള്ളത് കൊണ്ട് ആ യാത്രയില്‍ ഞാനും, അനിയത്തിയും ഒക്കെയുണ്ട്. ആശുപത്രിയില്‍ എത്തി പരിശോധന ഒക്കെ കഴിഞ്ഞപ്പോള്‍ ചെറിയൊരു ബി പി പ്രശ്‌നം മാത്രമാണെന്നും, സാരമില്ല എന്നും ഡോക്ടര്‍ പറഞ്ഞെങ്കിലും അമ്മച്ചി ആശുപത്രീന്ന് പോരാന്‍ കൂട്ടാക്കിയില്ല, എന്നാല്‍ പിന്നെ ഒരു ദിവസം ‘ഒബ്‌സെര്‍വഷന്‍’ ആവാമെന്ന് സിസ്റ്റേഴ്‌സും, വീട്ടുകാരും കൂടി തീരുമാനിച്ചു. സംഭവം കോമഡി ആയതോണ്ട് മുറിയില്‍ കൂട്ടിരുത്തിയത് എന്നെയാണ്, എനിക്കതില്‍ സന്തോഷമേ ഉണ്ടായിരുന്നുളളൂ, വല്യമ്മച്ചിയുടെ ഇടയ്ക്കിടെയുള്ള വിസിറ്റ് കൊണ്ട് അവിടെ പലരെയും നല്ല പരിചയമായിരുന്നു.

അങ്ങനെ ഒരു പത്തു മണിയൊക്കെ കഴിഞ്ഞു ‘ബോബനും മോളിയും’ വായിച്ചിരിക്കുന്ന എന്നെ വല്യമ്മച്ചി വിളിച്ചു, ‘നീ ആ പത്രമൊന്നു വായിച്ചേ’. മനസില്ലാമനസോടെ ഞാന്‍ ഫ്രണ്ട് പേജിന്ന് തുടങ്ങി, എന്നാല്‍ ഉടന്‍ അടുത്ത നിര്‍ദ്ദേശമെത്തി, ‘അതല്ലെടി, നീയാ റബ്ബറിന്റെ വെല നോക്കിക്കേ…’ അങ്ങനെ റബ്ബറിന്റെ വിലയും കേട്ട് ‘ആ ..’ എന്ന് അമര്‍ത്തി മൂളി, തലേന്ന് രാത്രി പറമ്പില്‍ ഒടിഞ്ഞു വീണേക്കാവുന്ന റബ്ബര്‍ ചില്ലകള്‍ മുഴുവന്‍ നാട്ടുകാര് പെറുക്കിക്കൊണ്ടുപോവുമല്ലോ എന്ന് ടെന്‍ഷന്‍ അടിച്ച്, അപ്പൊ തന്നെ മകനെ ഫോണ്‍ ചെയ്ത്, വണ്ടി വരുത്തി അമ്മച്ചിയും, കൊച്ചുമകള്‍ അന്നാമ്മയും ഏതാണ്ട് ഉച്ചയ്ക്കുള്ള മീന്‍ വറുക്കുമ്പോളേക്കും, ഫ്‌ളാസ്‌കും, ബാഗും , ‘ബോബനും മോളിയും’ തൂക്കി വീട്ടിലെത്തി. അതാണ്, അത് തന്നെയാണ് ഞങ്ങടെ നാട്ടിലെ റബ്ബറിന്റെ ‘പവര്‍’, സാമാന്യപ്പെട്ട സങ്കടോം, പിണക്കോം, പനിയുമെല്ലാം ചില റബ്ബര്‍ ചിന്തകളങ്ങനെ മായ്ച്ചു കളയും.
കോട്ടയം ജില്ലയിലെ സാധാരണക്കാരോട് കല്‍പവൃക്ഷം ഏതാണെന്ന് ചോദിച്ചാല്‍ ‘റബ്ബര്‍ …’ എന്നേ പറയൂ. കാരണം വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് ജീവിക്കാനുള്ള വക തരുന്നത് ഈ മരമാണ്. ജന്മംകൊണ്ട് അങ്ങ് ആമസോണ്‍ മഴക്കാടുകളുടെ പുത്രനെങ്കിലും കര്‍മ്മംകൊണ്ട് ഇങ്ങു കേരളത്തിന്റെ, പ്രത്യേകിച്ച് കോട്ടയം ജില്ലയുടെ മാനസപുത്രനാണ് റബ്ബര്‍. ആ നില്‍പ്പ്, ആ ഉയരം, ഓരോ കാറ്റിലും ചാഞ്ചാടുന്ന ഇലകള്‍, അതിന്മേല്‍ വന്നു കൂടുകൂട്ടുന്ന പക്ഷികള്‍, അവയുടെ കളകൂജനം, എന്തൊരു ഫങ്ങിയാ… എന്ന് പാടാത്ത എന്റെ നാട്ടുകാരുണ്ടോ എന്നറിയില്ല.
അതുകൊണ്ടൊക്കെത്തന്നെയാ, നാലാം ക്ലാസില്‍ ‘എനിക്കു പ്രിയപ്പെട്ട മരം’ എന്ന വിഷയത്തില്‍ ഉപന്യാസം എഴുതാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ റബ്ബറിനെ പറ്റി ആത്മാര്‍ത്ഥമായി കുറിച്ചത്. ‘റബ്ബര്‍ നമുക്ക് പാല് തരുന്നു. റബ്ബറിന്റെ ചില്ലകളില്‍ പക്ഷികള്‍ കൂട് കൂട്ടുന്നു. റബ്ബര്‍ മരത്തിന്റെ ഒടിഞ്ഞ കമ്പുകള്‍ പെറുക്കി നമ്മള്‍ തീ കത്തിക്കുന്നു. റബ്ബര്‍ ഷീറ്റ് വിറ്റു കിട്ടുന്ന കാശു കൊണ്ട് നമ്മള്‍ ഉടുപ്പും, ചെരുപ്പും, ബാലരമയും മേടിക്കുന്നു. റബ്ബര്‍ ഒരു വരം, നമ്മുടെ ഐശ്വര്യം! എന്നാല്‍, ഈ ‘ഉത്കൃഷ്ട രചന’ തിരുത്തി വാഴയെപ്പറ്റി എഴുതി കൊണ്ടുവരാന്‍ ടീച്ചര്‍ പറഞ്ഞത് എന്തിനെന്നു എനിക്ക് അന്നും, ഇന്നും മനസിലായിട്ടില്ല.

കേരളത്തിലെ മറ്റു ജില്ലകളിലുള്ളവര്‍ ‘റബ്ബര്‍ക്കറ’ എന്ന് വിളിക്കുമെങ്കിലും ഞങ്ങള്‍ ‘റബ്ബര്‍പാല്‍’ എന്ന് മാത്രം പറയുന്ന ആ വെളുത്ത വസ്തുവാണ് പാലാ, കാഞ്ഞിരപ്പള്ളിയിലെ മിക്ക കുടുംബങ്ങളുടെയും, പിന്നെ ഒന്നുകൂടൊന്നു പോയാല്‍ ഇടുക്കി, ഇരുട്ടി തുടങ്ങിയ കുടിയേറ്റ കര്‍ഷകര്‍ക്കുള്ള സ്ഥലങ്ങളിലേയും ജീവിതനിലവാരം നിശ്ചയിക്കുന്നത്. ഒന്ന് ഒതുക്കി പറഞ്ഞാല്‍, അച്ചായന്മാരുടെ ഷര്‍ട്ട് ചിത്രശലഭത്തിന്റെ ചിറകുകള്‍ പോലെ പറന്നു നില്‍ക്കണോ, അതോ വാടിയ വാഴയില പോലെ കിടക്കണോ എന്നും, അച്ചായത്തികളുടെ ഷോപ്പിങ് എറണാകുളത്തു ബുട്ടീക്കില്‍ നിന്നും വേണോ, തൊടുപുഴയില്‍ പുളിമൂട്ടില്‍ നിന്നും വേണോ എന്നും, പെരുന്നാളിന് വെടിക്കെട്ട് അരമണിക്കൂറോ, അതോ ഒരു മണിക്കൂറോ എന്നും വരെ തീരുമാനിക്കുന്നത് ഈ റബ്ബര്‍വിലയാണ്.

റബ്ബര്‍ വില ഇങ്ങനെ ഉയര്‍ന്നു പോകുമ്പോള്‍ കോട്ടയം ജില്ലക്കാരുടെ മുഖത്ത് വരുന്ന ഒരു തെളിച്ചമുണ്ട്, ഒരൊന്നൊന്നര ആത്മവിശ്വാസം, മുറ്റത്തു തിളങ്ങുന്ന കാറ്, പെയിന്റടിച്ച വീട്, പശുക്കൂട്, കോഴിക്കൂട്, വീട്ടില്‍ കുരയ്ക്കുന്ന പട്ടി രണ്ടെണ്ണം, ഭംഗിക്കുവേണ്ടി ഒരെണ്ണം, പുരാതനവസ്തുക്കളായ കോളാമ്പി, കിണ്ണം, വെറ്റിലപാത്രം, തോക്ക്, കിണ്ടി ഇവയെല്ലാം സ്വര്‍ണപോളിഷുമായി ലിവിങ് റൂമില്‍, അടുക്കളയില്‍ പേരറിയുന്നതും, ഇല്ലാത്തതുമായ സകലവിധ കുന്ത്രാണ്ടങ്ങളും…

ഇനി ഇത് ഒന്ന് താഴോട്ടെത്തട്ടെ, മുഖമൊന്നു മങ്ങും, ചാറാപറാന്നുള്ള വണ്ടികളുടെ പോക്കൊന്നു കുറയും, ഞായറാഴ്ചത്തെ മൂന്നു കിലോയുടെ ബീഫ് ഫ്രൈ, ഒന്നരക്കിലോയില്‍ എത്തും. എന്നാലും മറ്റുള്ളോരുടെ മുന്‍പില്‍ ആ ജീവിതം കളറാട്ടോ, അവര് നോക്കുമ്പോള്‍ ഇവരൊക്കെ റബ്ബര്‍ നോക്കാന്‍ മാത്രമറിയുന്ന വലിയ ഇട്ടിക്കണ്ടപ്പന്മാര്, മുന്‍കോപികള്‍, ബട്ട് സത്യത്തില്‍ ഈ റബ്ബര്‍ കര്‍ഷകരും, മൊയലാളിമാരുമൊക്കെ ഉറക്കെ സംസാരിക്കുമെന്നേ ഉള്ളൂ, മനസിലൊന്നും വെച്ചോണ്ടിരിക്കില്ല, പാവത്തുങ്ങളാ, എത്ര നേരമായാലും തുപ്പിക്കളയാന്‍ വയ്യാത്ത ഒരു ബബിള്‍ഗം പോലെയാ ഞങ്ങള്‍ക്കീ റബ്ബര്‍. അതിങ്ങനെ വലിയുന്നതും, നീളുന്നതും, ഒട്ടിപ്പിടിക്കുന്നതും, കാണാന്‍തന്നെ ഒരു കുളിരാ…

പെട്ടെന്ന് കാണുന്ന പോലെ അത്ര എളുപ്പപണിയല്ല കേട്ടോ ഈ റബ്ബര്‍ പരിപാലനം. ആ മര്‍ഫി സായിപ്പ് നൂറ്റിപ്പതിനഞ്ചു വര്‍ഷം മുന്‍പ് പറഞ്ഞ രീതിയില്‍ നിന്നൊക്കെ കുറെ ശാസ്ത്രീയ മാറ്റങ്ങളും, ചിട്ടകളുമൊക്കെ ഈ കൃഷിക്ക് വന്നിട്ടുണ്ട്. എങ്കിലും ആസിഡ് മണമുള്ള വീടുകളും, തുരിശടിക്കുന്ന മരങ്ങളും, റബ്ബര്‍ പാല് വീണു ചുരുണ്ടു പോയ ഉടുപ്പുകളുള്ള, വീപ്പകളും, പുകപ്പുരയും, നിറഞ്ഞ പറമ്പുമുള്ള വലിയ ക്യാന്‍വാസ് ചിത്രങ്ങളാണ് അന്നത്തെ ലോകം. അതിലേയ്ക്ക് ചേര്‍ത്ത് വെയ്ക്കുന്ന ഓരോ മനുഷ്യരും അത്രമേല്‍ പ്രാധാന്യമുള്ളവരുമായിരുന്നു.
ഓരോ ഋതുക്കളിലും റബ്ബര്‍ മരങ്ങള്‍ക്കു ഓരോ ഭാവമാണ്. ഏഴ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു വേനല്‍ക്കാലത്ത് റബ്ബറില്‍ മാര്‍ക്കിടും, പതിയെ മാത്രം വെട്ടിത്തുടങ്ങുന്ന മരങ്ങളില്‍ മഴക്കാലമാകുമ്പോള്‍, പാവാട ഉടുപ്പിക്കും, ഓരോ മഞ്ഞുകാലത്തും തണുത്തു നില്‍ക്കുന്ന റബ്ബറില്‍ ടാപ്പര്‍മാര്‍ ശ്രദ്ധയോടെ കത്തി വരയും, പാല്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ചിരട്ടകള്‍ക്കടുത്തുകൂടെ ഓടുന്ന കുട്ടികളെ വഴക്കു പറയും, ഇലപൊഴിയുമ്പോള്‍ മുറ്റത്തും, പറമ്പിലും പരവതാനിവിരിച്ചതൊക്കെയും അടിച്ചു കൂട്ടും. മരുന്നടിക്കലും, നനയ്ക്കലുമൊക്കെയായി വീണ്ടും വസന്തവും, ഗ്രീഷ്മവുമെത്തും, മീനച്ചിലാറിലെ വെള്ളം വറ്റുകയും, നിറയുകയും, കര കവിയുകയുകയും ചെയ്യും, അടച്ചു വെച്ച വൈന്‍ ഭരണികള്‍ തുറക്കപ്പെടും, കടപ്പാട്ടൂരമ്പലത്തിലെ ഉത്സവത്തിന്റെ കൊടിയേറും, പാലായില്‍ വീണ്ടും രണ്ടില ചിഹ്നത്തിന്റെ പോസ്റ്ററുകള്‍ നിറയും, പക്ഷെ എല്ലാത്തിനും കാരണക്കാരനായ റബ്ബര്‍ നിശബ്ദനായി ഓരോ വീടിനു മുന്‍പിലും നെഞ്ചും വിരിച്ചു കാവല്‍ നില്‍പ്പുണ്ടാവും.
അങ്ങനെയങ്ങനെ, റബ്ബറിന് ചിരട്ടകള്‍ മാറി നിറമുള്ള പ്ലാസ്റ്റിക് പാത്രങ്ങളായി, റബ്ബര്‍ പാവാടയ്ക്കു നിറമുള്ള ഷെയ്ഡ് ആയി, (അതിനെപ്പറ്റി തമാശക്കഥകളായി), കെട്ട്യോനോട് വഴക്കിട്ടു ആസിഡ് കുടിച്ചു ആത്മഹത്യക്കു ശ്രമിച്ച ആന്‍സി ചേച്ചി മകളുടെ ഒപ്പം അയര്‍ലണ്ടില്‍ സസുഖം ജീവിക്കുന്നു, പണ്ടോടി നടന്ന കുട്ടിപ്പിള്ളേര്‍ രണ്ടാം പാലും, മൂന്നാം പാലും, പിണ്ടിപ്പാലും എടുത്തു തുടങ്ങി, പതിയെപ്പതിയെ മികച്ച റബ്ബര്‍ കര്‍ഷകരായി, വിപണിയെ കുലുക്കുന്ന, തളര്‍ത്തുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പുതുപുത്തന്‍ ആശയങ്ങള്‍ കൊണ്ട് വന്നു.

ഇത്തവണ നാട്ടില്‍ ചെന്നപ്പോളാണ് മനസിലായത് മിക്കവരും റബ്ബറിന് പകരം മറ്റു പലതും കൃഷി ചെയ്യുന്നു, ചിലര് ജാതി, മറ്റു ചിലര് വാഴ, പൈനാപ്പിള്‍ , ഇതിനിടയില്‍ കുറച്ചധികം ധൈര്യമുള്ളവര്‍ വേറെ ചിലര്‍ പ്ലാവ് (വിദേശത്തേക്ക് അയയ്ക്കാന്‍ ചക്കയ്ക്കു ഇനി നല്ല ഡിമാന്‍ഡ് ആവുമത്രെ), ഈ പറഞ്ഞ കക്ഷികളോട് കുറെ കാലം മുമ്പ് ഉള്ള റബ്ബര്‍ മുഴുവന്‍ വെട്ടി’ ‘വാനില’ കൃഷി നടത്തിയിട്ട് എന്തുപറ്റി എന്ന് ഞാന്‍ ചോദിച്ചില്ല). കഴിഞ്ഞ കുറച്ചുനാളായിട്ടുള്ള റബ്ബറിന്റെ തുടര്‍ച്ചയായ വിലയിടിവാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത് . അതോടൊപ്പം പുതിയ തലമുറയിലെ പലരും ജോലിക്കായി മറ്റിടങ്ങളിലേക്ക് ചേക്കേറിയും കഴിഞ്ഞിരിക്കുന്നു. ആര്‍ക്കും ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല.

ഇനി അടുത്ത അവധിക്കു ചെല്ലുമ്പോള്‍ എത്ര പേര് റബ്ബറിനെ പൂര്‍ണ്ണമായും മായ്ച്ചു കളയും എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ പാലാ എന്ന് പറഞ്ഞാല്‍ മഴ തിമിര്‍ത്തു പെയ്യുന്ന റബ്ബര്‍കാടുകള്‍ ആണ്. അതിന്റെ ഇടയിലൂടെ ചിരിച്ചോടുന്ന ഞായറാഴ്ച കുര്‍ബ്ബാനയാണ്, ഒരു കാറ്റടിച്ചാല്‍ വീഴുന്ന ചില്ലകള്‍ പെറുക്കാന്‍ വരുന്ന അടുത്ത വീടുകളിലെ പാവം ചേച്ചിമാരാണ്, റബ്ബര്‍പിണ്ടി പെറുക്കി സൂക്ഷിച്ചു വിറ്റു ആ കാശു കൊണ്ട് പുതിയ കമ്മല്‍ മേടിക്കണ പെണ്ണുങ്ങളാണ്, റബ്ബര്‍നൂല്‍കൊണ്ട് പന്തുണ്ടാക്കി കളിക്കുന്ന ചെറിയ ചെക്കന്മാരാണ്, നാട്ടിലേക്ക് വിളിക്കുമ്പോള്‍ ‘റബ്ബറിന് ഈയാഴ്ച എന്നാ ഉണ്ട്?’ എന്ന് ചോദിക്കുന്ന ചേട്ടന്മാരാണ്, റബ്ബര്‍വില കൂടുമ്പോള്‍ പുണ്യാളന്‍ തേക്കിന്‍ തടിയിലൊരു കൂടും, പെരുന്നാളും, വേണെങ്കില്‍ ഒരു പുതിയ പള്ളി കൂടി കെട്ടി കൊടുക്കുകയും, വില കുറയുമ്പോള്‍’ എന്നാലും എന്റെ പുണ്യാളാ, വല്ലാത്തൊരു ചെയ്ത്തായിപ്പോയി’ എന്ന് പരിഭവിക്കലുമായി വൈകിട്ട് ഓരോന്നടിക്കുന്ന അച്ചായാന്മാരാണ്.

ആ പഴയ കോട്ടയംകാരി അന്നാമ്മ ഇന്ന്, ആന്‍പാലിയെന്ന പേരുമായി മറ്റൊരു നഗരത്തില്‍… എങ്കിലും ഹൃദയത്തില്‍ ഏറ്റവുമധികം പ്രകാശം പൊഴിക്കുന്ന ചിത്രങ്ങള്‍ , ‘റബ്ബര്‍ ഒരു വരം നമ്മുടെയൊക്കെ ഐശ്വര്യം’ എന്ന് മനസിന്റെ സത്യം മഷി പടര്‍ത്തിയ എന്റെ പാവാടക്കാലമാണ്, ആ തോട്ടത്തില്‍ നിന്നും മുഴങ്ങിത്തെറിച്ച ചിരികളാണ്, നടന്നിറങ്ങിയ ചുവന്ന മണ്‍വഴികളാണ് ,ഒന്ന് കണ്ണടച്ചാല്‍, ചെവിയോര്‍ത്താല്‍, തിരികെപ്പിടിച്ചു നുണയുന്ന മധുരമാണ്, അവയെല്ലാം തുന്നിച്ചേര്‍ത്ത ഒരു ഫയങ്കര നാടാണ്, ഞങ്ങളുടെ സ്വന്തം ‘റബ്ബര്‍ റിപ്പബ്ലിക്ക്.’