Monday
22 Oct 2018

അറുപതാണ്ടിലെ കേരള സ്ത്രീ

By: Web Desk | Saturday 4 November 2017 11:07 PM IST

കെ എ ബീന

അറുപതു വര്‍ഷങ്ങള്‍ക്കപ്പുറത്ത് കേരളത്തിലെ ഒരു തെരുവിന്റെ നിറം ഓര്‍ത്തെടുക്കുകയായിരുന്നു. അവിടത്തെ മനുഷ്യരുടെ വസ്ത്രങ്ങളുടെ നിറം പ്രത്യേകിച്ചും. അത് തീര്‍ച്ചയായും വെള്ളയോ വെള്ളയുടെ വകഭേദങ്ങളോ ആയിരിക്കും. പച്ചപ്പില്‍ മുങ്ങിനിന്ന കേരളത്തിലെ വസ്ത്രങ്ങള്‍ക്ക് അതല്ലാതൊരു നിറംവരിക അസ്വാഭാവികം. അവിടെ സ്ത്രീകളുടെ സാന്നിധ്യം എന്തായിരിക്കും? ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളു അത്. അവിടെ നിന്ന് ഇന്നത്തെ കേരളത്തിലേക്ക് എത്തുമ്പോള്‍ എന്തെല്ലാം നിറങ്ങളാണ്, എത്രയേറെ സ്ത്രീകളാണ് പൊതുയിടങ്ങളില്‍- മുണ്ടും മേല്‍മുണ്ടും അല്ലെങ്കില്‍ മുണ്ടും നേര്യതും എന്ന കേരളീയ വേഷത്തില്‍ നിന്ന് സാരിയിലേക്കും ചുരിദാറിലേക്കും പാന്റ്‌സു ഷര്‍ട്ടിലേക്കും നിരവധി ഫാഷന്‍ വേഷങ്ങളിലേക്ക് സ്ത്രീകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. വേഷത്തിലുണ്ടായ വിപ്ലവകരമായ മാറ്റത്തില്‍ ചുരിദാറിന്റെ പ്രാധാന്യം പറയാതെ വയ്യ. സ്ത്രീയെ ശരീരത്തിന്റെ തലത്തിലേക്ക് ചുരുക്കിയിരുന്ന ചലനസാധ്യതകള്‍ നിയന്ത്രിതമാക്കിയിരുന്ന സാരിയില്‍ നിന്ന് ചുരിദാര്‍ എന്ന സ്വാതന്ത്ര്യത്തിലേക്ക് കടന്നെത്തിയപ്പോള്‍ സ്ത്രീകള്‍ക്ക് സ്വന്തമായത് നിരവധി ആകാശങ്ങളാണ്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന്, വാഹനമോടിക്കുമ്പോഴുള്ള അസ്വസ്ഥതകളില്‍ നിന്ന് അങ്ങനെ ധാരാളം നിയന്ത്രണങ്ങളില്‍ നിന്ന് അവര്‍ മോചിതരായി. ഒപ്പം നിറങ്ങളുടെ മായാജാലം വേഷങ്ങളെയും പരിസരത്തെയും ജീവിതത്തെയും നിറച്ചു. വെള്ളയില്‍ നിന്ന് നിറങ്ങളിലേക്കുള്ള ആ പ്രയാണം കേരളീയ സ്ത്രീയുടെ ജീവിതത്തിന്റെ തന്നെ രേഖപ്പെടുത്തലാണ്. ആ കാലത്തെ ഓര്‍ക്കുമ്പോള്‍ മണ്ണെണ്ണ വിളക്കിന്റെ മുനിഞ്ഞുകത്തലും പുകനിറഞ്ഞ അടുക്കളയും കരിപുരണ്ട പാത്രങ്ങളും ഓര്‍മയിലെത്തിപ്പോകുന്നു. അടുപ്പില്‍ ഊതിതളരുന്ന ശ്വാസകോശങ്ങളും, പുകയടിച്ച് വെള്ളം നിറയുന്ന കണ്ണുകളും കരിപുരളുന്ന കൈകളും ഭൂരിപക്ഷത്തിന്റെയും കഥയല്ല ഇന്ന്. സാങ്കേതികവിദ്യ അടുക്കളയില്‍ സൃഷ്ടിച്ച വിപ്ലവം സ്ത്രീജീവിതങ്ങളുടെ തിരക്കഥ മാറ്റി. അമ്മിക്കല്ലും ആട്ടുകല്ലും തിരികല്ലും വിറകടുപ്പുമൊക്കെ ഇന്ന് കാഴ്ചവസ്തുക്കളായി തീരുന്നു. സ്ത്രീയുടെ ഖജനാവിലേക്ക് സമയം വന്നു ചേര്‍ന്നത് അടുക്കളയുടെ പൊളിച്ചെഴുത്തോടെയാണെന്നത് എതിരില്ലാത്ത വസ്തുതയാണ്. അടുക്കള മാറിയതോടെ ഭക്ഷണവും മാറി. രാവന്തിയോളം അടുക്കളയില്‍ പണിയെടുത്തുണ്ടാക്കുന്ന ആഹാരങ്ങള്‍ക്ക് പകരം ‘ഇന്‍സ്റ്റന്റ്’ ഭക്ഷണത്തിന്റെ വരവുണ്ടായി. പുട്ടുപൊടിയും ദോശമാവും അപ്പം മാവുമൊക്കെ പാക്കറ്റുകളിലെത്തുമ്പോള്‍ അവ നിര്‍മിക്കാന്‍വേണ്ടി ചെലവഴിക്കേണ്ടിയിരുന്ന സമയവും ഊര്‍ജവും വേണ്ടാതായി. ഭക്ഷണം വീട്ടിലുണ്ടാക്കുന്നതുമാത്രമാണ് എന്ന് ‘യാഥാസ്ഥിതിക മനോഭാവം’ മാറി. സ്ഥിരമായി പുറത്തുകഴിച്ചാലും കുഴപ്പമില്ലെന്ന ചിന്ത വീട്ടിനുള്ളില്‍ നിന്ന് ഭക്ഷണത്തെ പുറത്തേക്ക് കൊണ്ടുവന്നു. സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമെന്ന നിലയില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കല്‍ പുരുഷനും കൂടി പങ്കുവയ്‌ക്കേണ്ട ജോലിയാണ് എന്ന നിലയിലേക്ക് മാറുന്നു എന്നതാണ് പുതിയ ട്രെന്റ്. സ്ത്രീക്ക് ഇതു നല്‍കുന്ന സ്വാതന്ത്ര്യം അളവറ്റതാണ്.
സ്ത്രീയുടെ സ്വാതന്ത്ര്യവും നിലയും വിലയും മാറ്റിയതിനുപിന്നില്‍ കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥയെ തന്നെ മാറ്റിമറിച്ച ഈ പ്രയാണം സ്ത്രീജീവിതങ്ങളിലാണ് ഏറ്റവും വ്യത്യാസമുണ്ടാക്കിയത്. അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിക്കാന്‍ നടന്ന സാമൂഹിക സമരങ്ങളുടെയൊപ്പം പുതിയ കുടുംബവ്യവസ്ഥയും സ്ത്രീകളുടെ സ്ഥാനം മാറ്റിയെഴുതി. വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് അവശ്യം വേണ്ടതായി നേരത്തെ ചിന്തിച്ചു തുടങ്ങിയത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വ്യത്യസ്തമാക്കി. സമ്പൂര്‍ണ സാക്ഷരതയും സ്ത്രീ വിദ്യാഭ്യാസവും പെണ്‍കുട്ടികള്‍ക്ക് ജോലി വേണമെന്ന നിര്‍ബന്ധവും വളരെ പെട്ടെന്നാണ് കേരളത്തെ ആഗോളമാനങ്ങളിലേക്ക് ഉയര്‍ത്തിയത്. ഇവിടുത്തെ പെണ്ണുങ്ങള്‍ക്ക് വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കാന്‍ നിഷ്പ്രയാസം കഴിഞ്ഞു. സ്ത്രീകള്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത മേഖലകളില്ലെന്ന് അവര്‍ തെളിയിച്ചു. സര്‍വകലാശാല തലത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ നിറഞ്ഞുനില്‍ക്കുന്നു. റാങ്കുകള്‍ നേടുന്നത് മിക്കപ്പോഴും പെണ്‍കുട്ടികള്‍ മാത്രമാണ്. പഠനം കഴിഞ്ഞ് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടി, ഔദ്യോഗികാവശ്യങ്ങള്‍ക്കും മറ്റും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ ഇന്ന് ധാരാളമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ ഇന്ന് അനഭിമതയൊന്നുമാവുന്നില്ല. ഒറ്റയ്ക്കും കൂട്ടുകൂടിയും നാടുകള്‍ കാണാന്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ നേടുന്നത് സ്വാതന്ത്ര്യത്തിന്റെ വിശാലചക്രവാളങ്ങളാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ക്കൊപ്പം സാധാരണക്കാരായ സ്ത്രീകളും പുരോഗതിയുടെ പാതയിലെത്തി എന്നത് മറ്റൊരു വസ്തുതയാണ്. കുടുംബശ്രീ, തൊഴിലുറപ്പുപദ്ധതി, പഞ്ചായത്ത് തലത്തിലെ സ്ത്രീ സംവരണം തുടങ്ങിയവയൊക്കെ സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിച്ചു. വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിയുമായിരുന്ന സ്ത്രീകള്‍, സമൂഹനിര്‍മിതിയില്‍ ഇടപെടാനും ചുറ്റുപാടുള്ളവരുമായി ഒത്തുചേര്‍ന്നുപോകാനുമൊക്കെ അവസരം കിട്ടിയപ്പോള്‍ ഗ്രാമതലങ്ങളില്‍ പ്രസരിപ്പിക്കുന്ന ഊര്‍ജം ചെറുതല്ല. വികസന പ്രവര്‍ത്തനങ്ങളില്‍ അങ്കണവാടി പ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും തങ്ങളുടെ പങ്ക് സ്തുത്യര്‍ഹമായി നിറവേറ്റുന്നു. കേരളത്തിന്റെ പൊതുയിടത്ത് (കുറഞ്ഞപക്ഷം ഗ്രാമങ്ങളിലെങ്കിലും) സ്ത്രീകളുടെ ദൃശ്യത വ്യക്തമായിതന്നെയുണ്ട്.
സാമൂഹ്യ വികസനത്തിനൊപ്പം സ്വയം നിര്‍മിക്കാനുള്ള ശ്രമങ്ങളും സ്ത്രീകള്‍ നടത്തുന്നു എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. അവരവരെ കണ്ടെത്താനും എന്താണ് സ്വന്തം സംതൃപ്തിക്ക് വേണ്ടി ചേയ്യേണ്ടത് എന്നും തിരിച്ചറിയുന്ന ധാരാളം സ്ത്രീകളെ കണ്ടുമുട്ടാന്‍ കഴിയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ ആശയങ്ങളും ചിന്തകളും തുറന്നുപറയാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ എണ്ണവും ധാരാളമാകുന്നു. ഇവരില്‍ പലര്‍ക്കും പല തരത്തിലുള്ള അവഹേളനങ്ങളും അപമാനതയും നേരിടേണ്ടിവരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. പൊതുബോധം സ്ത്രീയുടെ മുന്നോട്ടുള്ള വരവിനെ അത്ര പോസിറ്റീവായല്ല കാണുന്നത് എന്ന് മനസിലാകുന്നത് ഇത്തരം ഇടപെടലുകളിലൂടെയാണ്.
മുന്നോട്ടുള്ള വഴി തെളിച്ചുള്ള സ്ത്രീയുടെ യാത്ര പൂര്‍ണമായെന്നോ, സുഗമവും തടസങ്ങളില്ലാത്തതെന്നോ പറയാനാവില്ല. എക്കാലത്തും രാത്രികളില്‍ സ്ത്രീ വീടിനകത്തുതന്നെയാണ്. രാത്രിയെന്നപോലെ പകലും പൊതുസ്ഥലങ്ങളും റോഡും സ്ത്രീക്ക് അപകടങ്ങള്‍ നല്‍കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യം കേരളത്തിലെ സ്ത്രീക്ക് ഇനിയും ഏട്ടിലെ പശു തന്നെ. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളിലുണ്ടാകുന്ന വര്‍ധന മറ്റൊരു വിഷയമാണ്. പെണ്‍കുഞ്ഞുങ്ങള്‍ വിഷയാസക്തിയുടെ ഇരകളാകുന്ന വന്‍ ദുരന്തകാലമാണിത്. അപമാനങ്ങള്‍, അക്രമങ്ങള്‍, കൊലപാതകങ്ങള്‍, നമ്മുടെ പെണ്‍കുട്ടികളുടെ നിലവിളികള്‍ ഉച്ചത്തിലാണ്, ഇക്കാലയളവില്‍ നിയമങ്ങളും സ്ഥാപനങ്ങളും ധാരാളം ഉണ്ടായി. പക്ഷെ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ പെരുകുന്നതേയുള്ളു. മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും വര്‍ധിക്കുന്നതിനോടൊപ്പം സ്ത്രീ ജീവിതങ്ങള്‍ ദുരിതമയമായിത്തീരുന്നു എന്നതാണ് കാണാന്‍ കഴിയുന്നത്. സ്ത്രീ നേടുന്ന പുരോഗതിക്കൊപ്പം നടക്കാനാവാത്ത ഒരു സമൂഹമാണ് നമ്മള്‍ എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. വിവാഹങ്ങളാണ് സ്ത്രീയുടെ പിന്നാക്കാവസ്ഥയുടെ ഒരു തെളിവ്. എത്ര വിദ്യാഭ്യാസം നേടിയാലും എത്ര വലിയ ജോലി നേടിയാലും സ്ത്രീധനം കൊടുക്കേണ്ടി വരുന്ന ദുരവസ്ഥ കേരളത്തിലെ പെണ്‍കുട്ടികളുടെ സമീപകാലദുരന്തമാണ്. കല്യാണച്ചന്തയില്‍ പുരുഷന്‍ സ്വയം വിലയിട്ട് നില്‍ക്കുമ്പോള്‍ സ്ത്രീക്ക് സ്വയം താഴ്ന്നുകൊടുക്കേണ്ടിവരുന്നത് ദുസ്സഹമാണ്. ‘പാട്രിയാര്‍ക്കി’യുടെ ദൃശ്യവും അദൃശ്യവുമായ കരങ്ങള്‍ ഇന്നും പല മേഖലകളിലും സ്ത്രീയുടെ അന്തസിനും സ്വാതന്ത്ര്യത്തിനും വിലങ്ങിടുന്നുണ്ട് എന്നത് കാണാതെ വയ്യ. പുതിയ തലമുറ ഇത്തരം പ്രതിബന്ധങ്ങളെ നേരിടാനുള്ള പ്രാപ്തി നേടുന്നുണ്ട് എന്നത് മാത്രമാണ് ആശ്വാസം നല്‍കുന്ന ഒരു കാര്യം. മറ്റെങ്ങുമെന്ന പോലെ മതബോധത്തിന്റെ ചട്ടക്കൂടുകളിലേക്ക് ഒതുങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതും കേരളം നേരിടുന്ന വെല്ലുവിളിയാണ്. വേഷത്തിലും ഭാഷയിലും ചിന്തയിലും മതം ആദ്യം പിടികൂടുന്നത് സ്ത്രീകളെയാണ്. മതാചാരങ്ങളുടെ മതില്‍ക്കെട്ടുകള്‍ സ്ത്രീജീവിതങ്ങളുടെ മേല്‍ വിലങ്ങുകള്‍ വീഴ്ത്തുന്നു എന്നത് ആശങ്കയുണര്‍ത്തുന്നു. മുമ്പൊരു കാലത്തുമില്ലാത്ത വിധം മതബോധം സംഘങ്ങള്‍ തീര്‍ക്കുകയാണ്- സ്ത്രീകള്‍ക്ക് അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നില്ല. രാഷ്ട്രീയരംഗം സ്ത്രീകള്‍ക്ക് ഇന്നും അപ്രാപ്യമായി തന്നെ നിലകൊള്ളുന്നു. പഞ്ചായത്തുതലത്തില്‍ സംവരണത്തിലൂടെ കടന്നെത്തുന്ന സ്ത്രീകള്‍ക്ക് നിയമസഭാ, ലോക്‌സഭാ പ്രാതിനിത്യം ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഇനിയും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്നില്ല. സ്ത്രീയെ രാഷ്ട്രീയ അധികാരവുമായി ബന്ധിപ്പിക്കാനുള്ള പൂര്‍ണ മനസ് ഇനിയും കൈവന്നിട്ടില്ല. അധികാരത്തില്‍ കടന്ന സ്ത്രീകളാകട്ടെ പുരുഷന്മാര്‍ തെളിച്ച വഴിയിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. ഒരു സ്ത്രീപക്ഷ രാഷ്ട്രീയ സങ്കല്‍പം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ അറുപതാണ്ടുകള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ മറ്റേതു നാടിനെക്കാളും കുതിപ്പ് പ്രകടമാക്കിയെന്ന് മറക്കാനാവില്ല. അതിനൊപ്പം സ്ത്രീയുടെ വളര്‍ച്ച ശരിയായ ദിശയിലായിരുന്നുവോ എന്നത് മാത്രമാണ് ചിന്തിക്കേണ്ടത്. മുന്നോട്ടു കുതിക്കുമ്പോഴും പിന്നോട്ട് വലിക്കാന്‍ ഇഷ്ടപ്പെടുന്ന, പിന്നിലേക്ക് വലിച്ച് മുന്നോട്ടുള്ള ഗതിയുടെ ആയം കുറയ്ക്കുന്ന ഏതോ ഒരു പ്രതിഭാസം നമ്മുടെ സമൂഹഘടനയിലുണ്ട് എന്ന് തോന്നിപ്പോകുന്നു.