Saturday
15 Dec 2018

മനസ്സിനെ ചിത്രങ്ങളാക്കുന്ന സാറാ ഹുസൈന്‍

By: Web Desk | Tuesday 9 October 2018 10:21 PM IST

ഷാജി ഇടപ്പള്ളി

കാലം തട്ടിപ്പറിക്കുന്ന പഴമയുടെ കാഴ്ചകള്‍ മനസ്സില്‍ നിറയെ വരച്ചിട്ട് അതു നിറങ്ങളിലൂടെ ക്യാന്‍വാസിലേക്ക് പകര്‍ത്തുകയാണ് സാറ ഹുസൈന്‍ എന്ന ചിത്രകാരി . മനസിലുണ്ടാകുന്ന ഭാവങ്ങള്‍ ചിലപ്പോള്‍ കാഴ്ച്ചകളാകാം, അനുഭവങ്ങളാകാം, ഇതൊക്കെയാണ് ഈ യുവചിത്രകാരിയുടെ വരകളില്‍ വിരിയുന്നത്.

പൗരാണികത ജ്വലിക്കുന്ന കൊച്ചിയുടെ തെരുവ് കാഴച്ചകളാണ് സാറാ ഹുസൈന്‍ ചിത്രങ്ങളുടെ പ്രധാന സൗന്ദര്യം . ഗല്ലികളും ഇത്തിരിപ്പോന്ന ഇടറോഡുകളും വഴിയില്‍ അലയുന്ന മാടുകളും തലങ്ങും വിലങ്ങും കടന്നുപോകുന്ന വൈദ്യുതി കമ്പികളും ഓടുമേഞ്ഞ പഴഞ്ചന്‍ കെട്ടിടങ്ങളുമൊക്കെ നിറയുന്ന ചിത്രക്കാഴ്ചകള്‍ .ദിവസങ്ങള്‍ മാത്രം എടുത്ത് നൂറോളം ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് മട്ടാഞ്ചേരിയില്‍ ആര്‍ട്ട് ഗ്യാലറി നടത്തുന്ന പ്രശസ്ത ചിത്രകാരി പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനായി പുനര്‍നിര്‍മ്മിതി കൂട്ടായ്മയില്‍ പങ്കാളിയായത്. വരച്ച ചിത്രങ്ങളില്‍ വിറ്റത് അമ്പത്തിയൊന്ന് ചിത്രങ്ങള്‍ ഏകദേശം ഒറ്റക്ക് ശേഖരിച്ചത് ഒരു ലക്ഷത്തോളം രൂപ.’കടുത്ത വര്‍ണ്ണ പ്രയോഗങ്ങള്‍ ഇല്ലാതെ ഒട്ടേറെ പ്രകൃതിചിത്രങ്ങളും മറ്റു കാഴ്ചകളുമാണ് വിറ്റഴിക്കപ്പെട്ട ചിത്രങ്ങളിലേറെയും .കേരള നവനിര്‍മ്മിതിയുടെ ധനശേഖരണാര്‍ത്ഥം കേരള ലളിത കലാ അക്കാദമിയും കലാകാര്‍ കേരളയും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിലാണ് സാറാ അങ്ങിനെ താരമായത്..ഒട്ടേറെ ചാരിറ്റി ക്യാമ്പുകളിലും ചിത്രം കൊടുത്തും വരച്ചും നടക്കുകയാണ് സാറാ ഹുസൈന്‍, നൂറുകണക്കിന് പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി സാറ വരകളുടെ ലോകത്ത് സജീവമാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സച്ചില്‍ ടെണ്ടുല്‍ക്കല്‍ സാറയുടെ ചിത്രങ്ങള്‍ കണ്ട് ഇഷ്ട്‌പെടുകയും അദ്ദേഹത്തെ ആകര്‍ഷിച്ച മൂന്ന് ചിത്രങ്ങള്‍ വാങ്ങുകയും ചെയ്തു.

അരൂകുറ്റി മുഹമ്മദിയ മന്‍സിലില്‍ ഹുസൈന്‍ സാജിദ ദമ്പതികളുടെ മകളായ സാറാ കുട്ടികാലം മുതല്‍ ചിത്രങ്ങള്‍ വരച്ചുതുടങ്ങിയതാണ്. ഇന്നിപ്പോള്‍ ലോകമറിയപ്പെടുന്ന ചിത്രകാരിയാണ്. ഇറ്റലി, യൂറോപ്പ്, യു കെ , ഫ്രാന്‍സ്, അങ്ങിനെ ഒട്ടുമിക്ക ആര്‍ട്ട് ഗാലറിയിലും സാറ വരച്ച ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയില്‍ സ്വന്തമായി സ്റ്റുഡിയോയും ഗ്യാലറിയും സാറക്കുണ്ട് . കലയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കുടുംബമായതിനാല്‍ മകളുടെ കലാ പഠന താല്പര്യത്തോട് പൂര്‍ണ മനസോടെയാണ് പിന്തുണച്ചത്. അങ്ങിനെ ചേര്‍ത്തലക്കടുത്ത് ‘ഗീത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്’ ല്‍ പി ജി ഗോപകുമാറിന്റെ ശിക്ഷണത്തില്‍ ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമയെടുത്തു. പ്രശസ്ത ശില്പിയും ചിത്രകാരനും മായ ഒണിക്‌സ് പൗലോസിനെ പരിചയപ്പെടുകയും അദേഹത്തിന്റെ ശിക്ഷണത്തില്‍ ചിത്രകലയെ കൂടുതല്‍ അറിയുവാനും പരിശീലിക്കാനുംകഴിഞ്ഞുവെന്ന് ചിത്രകാരി വെളിപ്പെടുത്തുന്നു.

ചിത്രകലാ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി പുതുതലമുറക്ക് അവ കൈമാറണമെന്നാണ് ആഗ്രഹമെന്ന് സാറ പറയുന്നു. ലോകരാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വിറ്റഴിക്കപ്പെട്ട ഒരു മലയാളി ചിത്രകാരിയെന്ന ബഹുമതിയും ഈ യുവചിത്രകാരിക്ക് സ്വന്തമാണ്.