Monday
17 Dec 2018

കഥയാണ് പ്രധാനം 

By: Web Desk | Saturday 10 March 2018 8:52 PM IST

കൊച്ചി: വാക്കുകൾ കൊണ്ട് അനുവാചകനെ കുത്തിനോവിക്കുന്നത് പുത്തൻ കഥാകൃത്തുക്കൾക്ക് ഒരു രസമാണെങ്കിലും കഥയാണ് പ്രധാനം എഴുത്തുകാരനല്ല എന്ന നിലപാടിലായിരുന്നു കഥ ചർച്ച അരങ്ങേറിയ എം. പി. പോള്‍ വേദി ) കുട്ടികള്‍ക്കൊപ്പം രവി ഡിസി, ഗ്രേസി, സിതാര, വി. എം. ദേവദാസ്, ജോര്‍ജ് ജോസഫ് കെ. തുടങ്ങിയ പ്രമുഖരും കാണികളുടെ കസേരകളിലുണ്ടായിരുന്നു. വേദിയില്‍ ചര്‍ച്ച മോഡറേറ്റ് നയിച്ചത് നോവലിസ്റ്റും സ്‌പേസ് സയന്റിസ്റ്റും ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥനുമായ വി ജെ ജെയിംസ്. ഒപ്പം സുഭാഷ്ചന്ദ്രനും സോക്രട്ടീസ് വാലത്തും കെ. രേഖയും എസ് ഹരീഷും.

റിയലിസം, കാല്‍പ്പനികത, ആധുനികത, ഉത്തരാധുനികത തുടങ്ങിയ ഒരു കുടയും ചൂടാതെ, ഒരു പ്രത്യയശാസ്ത്രവും ഏറ്റുപിടിക്കാതെ ലളിതമായ ജീവിതമെഴുതുകയാണ് പുതിയ കഥാകൃത്തുക്കള്‍ എന്ന് പുതിയ തലമുറയിലെ വിവിധ തലമുറകളില്‍പ്പെട്ട ഈ കഥാകൃത്തുക്കള്‍ ധീരമായി പ്രഖ്യാപിച്ചപ്പോള്‍ തലകുലുക്കി അത് കേട്ടിരിക്കാനെ പ്രൗഡഗംഭീരമായ സദസ്സിനും തോന്നിയുള്ളു.

നോവലുകളെഴുതിയപ്പോള്‍ ലളിതസുന്ദരമായി എഴുതിയ മുകുന്ദനും കാക്കനാടനുമെല്ലാം ചെറുകഥകളെഴുതിയപ്പോള്‍ പലപ്പോഴും ദുര്‍ഗ്രഹരായി എന്ന് സുഭാഷ്ചന്ദ്രന്‍ പറഞ്ഞു. അതേസമയം ഇവര്‍ക്കു ശേഷം വന്ന ടി. വി. കൊച്ചുബാവയുടേയും എന്‍. പ്രഭാകരന്റേയും തലമുറ മികച്ച കഥകളെഴുതിയിട്ടും കൊണ്ടാടപ്പെടാന്‍ അവര്‍ക്ക് ഭാഗ്യം ലഭിച്ചില്ലെന്ന് കെ. രേഖ പറഞ്ഞു. ഇവര്‍ക്കു ശേഷം വന്ന താനും രേഖയുമുള്‍പ്പെട്ട തലമുറ ദുര്‍ഗ്രഹരീതി ഉപേക്ഷിച്ച് ആദ്യവാചകം മുതല്‍ വായനക്കാരനെ കൂടെക്കൂട്ടുകയെന്ന ലളിതമായ കഥനരീതിയുമായെത്തിയെന്ന് സുഭാഷ്ചന്ദ്രന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ പിന്‍ബലമില്ലാതെ പോയതുകൊണ്ട് വായിക്കപ്പെടാതെയും പ്രശസ്തരാകാതെയും പോയ ഒട്ടേറെ എഴുത്തുകാര്‍ ഉണ്ടായെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒന്നു രണ്ടു കഥകള്‍ കൊണ്ടു തന്നെ പലരേയും പൂമുഖത്ത് പ്രതിഷ്ഠിക്കേണ്ടി വന്നുവെന്നും വി. ജെ. ജയിംസ് പറഞ്ഞു. 1987 മുതല്‍ 1994 വരെ എഴുതി പിന്നീട് വായനക്കാരുടെ പ്രതികരണമില്ലായ്മ കാരണം വിഷാദമൗനത്തിലാണ്ട താന്‍ സോഷ്യല്‍ മീഡിയയുടെ തത്സമയ പ്രതികരണത്താല്‍ ഉത്തേജിതനായാണ് 12 വര്‍ഷത്തിനു ശേഷം വീണ്ടും സജീവമായതെന്ന് സോക്രട്ടീസ് വാലത്ത് പറഞ്ഞപ്പോള്‍ സദസ്സ് ഒരു വേള അത്ഭുതം കൂറി. പുതിയ തലമുറയിലെ ഓരോ എഴുത്തുകാരനും വ്യത്യസ്തനാണെന്നും കാരൂരിലും മറ്റും കണ്ട പ്രാദേശിക ജീവിതത്തിന്റെ സൂക്ഷ്‌സൗന്ദര്യമാണ് അവര്‍ എഴുതുന്നതെന്നും എസ് ഹരീഷ് പറഞ്ഞു. എന്നാല്‍ ഏറ്റവും പുതിയ കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ വന്‍പ്രതീക്ഷ ഉണര്‍ത്തുന്ന വനിതാ എഴുത്തുകാരില്ലാത്തതാണ് കേള്‍വിക്കാരില്‍ ഒരാള്‍ ചൂണ്ടിക്കാണിച്ചത്. 

സാഹിത്യ അക്കദമി അവാര്‍ഡിനും തൊട്ടുപിന്നാലെ തന്‍റെ രണ്ടു കഥകളെ അവലംബിച്ചെടുത്ത ആദം എന്ന സിനിമയ്ക്കു കിട്ടിയ അവാര്‍ഡുകളുടേയും പിന്നാലെ എത്തിയ എസ് ഹരീഷ് തനിയ്ക്കും പിന്നാലെ വന്ന ഏറ്റവും പുതിയ കഥാകൃത്തുക്കളെ പാനലില്‍ കാണാഞ്ഞതില്‍ പരിഭവിച്ചു. എസ്. ഹരീഷിന്റെ പുതിയ നോവല്‍ (മീശ) പ്രസിദ്ധീകരിക്കപ്പെടാന്‍ പോകുന്നതിന്റെ വാര്‍ത്ത പങ്കുവെച്ച ജയിംസ് നോവലെഴുത്ത് വലിയ പരിശ്രമം ആവശ്യമുള്ള ജോലിയാണെന്നു പറഞ്ഞു – ചോരശാസ്ത്രവും നിരീശ്വരനും അഞ്ചു വര്‍ഷം കൊണ്ടും ആന്റിക്ലോക്ക് 4 വര്‍ഷം കൊണ്ടും ആദ്യനോവലായ പുറപ്പാടിന്റെ പുസ്തകം 12 വര്‍ഷംകൊണ്ടുമാണ് എഴുതിയതെന്ന് ജയിംസ് പറഞ്ഞപ്പോള്‍ നേരത്തെ പ്രഖ്യാപിച്ച സമുദ്രശില എന്ന രണ്ടാം നോവല്‍ പൂര്‍ത്തിയാക്കാനായി താന്‍ ആറുമാസം ലീവെടുത്ത വിവരം സുഭാഷ്ചന്ദ്രനും കഥയെഴുത്തിലേയ്ക്ക് തിരിച്ചുവരാന്‍ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് ഈയിടെ താന്‍ കോളേജ് അധ്യാപികയായെന്ന് കെ. രേഖയും പറഞ്ഞു. മറൈന്‍ ഡ്രൈവിലെ പുസ്തകമേളയില്‍ നിന്ന് ഈ എഴുത്തുകാരുടെ പുസ്തകങ്ങളും വാങ്ങി ഇക്കരെ ബോള്‍ഗാട്ടിയില്‍ വന്ന് അവരുടെ ഒപ്പു വാങ്ങാനെത്തിയ സ്‌കൂള്‍ കുട്ടികളും സെല്‍ഫിയെടുക്കാന്‍ തിരക്കു കൂട്ടിയ ആരാധികമാരും ചേര്‍ന്നപ്പോള്‍ മലയാളകഥയുടെ പൂക്കാലം ഇനിയും ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയായിരുന്നു പിരിയാന്‍ മടിച്ചു നിന്ന എല്ലാവരുടേയും കണ്ണുകളില്‍.