Wednesday
23 Jan 2019

കരിന്തണ്ടന്റെ കഥ എഴുതപ്പെടാത്ത ചരിത്രം

By: Web Desk | Thursday 1 November 2018 9:27 PM IST

കോഴിക്കോട്: കരിന്തണ്ടന്റെ കഥ എഴുതപ്പെടാത്ത ചരിത്രമാണെന്ന് വയനാട്ടിലെ ഇതിഹാസമായ കരിന്തണ്ടനെ നായകനാക്കി സിനിമ ഒരുക്കുന്ന മലയാളത്തിലെ ആദ്യത്തെ ആദിവാസി സംവിധായിക ലീലാ സന്തോഷ് പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അവർ. അതിജീവനത്തിലൂടെയാണ് താൻ സിനിമയെ പറ്റി പഠിച്ചതെന്നും ആദ്യകാലത്ത് എല്ലാവരെയും പോലെ മോഹൻലാലും മമ്മൂട്ടിയുമായിരുന്നു തന്റെയും സിനിമ. എന്നാൽ കനിവിലെ പഠനകാലത്താണ് സിനിമയെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. കനവിലെ പഠനമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും ലീല പറഞ്ഞു. കരിന്തണ്ടൻ ഒരു എന്റർടെയിനറായിരിക്കും പക്ഷെ ഒരു മസാലയായിരിക്കില്ല. ചരിത്രത്തോട് നീതി പുലർത്തിക്കൊണ്ടായിരിക്കും ഗോത്രവർഗതലവനായ കരിന്തണ്ടന്റെ സിനിമ സ്ക്രീനിലെത്തുക. മീറ്റ് ദി പ്രസിൽ പ്രസ് ക്ലബ്ബ് സെക്രട്ടറി വിപുൽനാഥ്, ഫർദീസ് എന്നിവർ പങ്കെടുത്തു.

മണിയിൽ നിന്ന് വിനായകനിലേക്ക്

സിനിമയ്ക്കായി കഥ എഴുതുമ്പോൾ മണിയുടെ മുഖമായിരുന്നു തന്റെ മനസിലെന്ന് ലീല പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ മണിയുടെ മരണം തന്റെ മനസിൽ വലിയൊരു ഇരുട്ടുണ്ടാക്കിയെന്നും കമ്മട്ടിപാടത്തിലെ വിനായകന്റെ പ്രകടനം കണ്ടപ്പോഴാണ് മണിക്ക് പകരക്കാരനുണ്ടെന്ന് മനസിലായത്. മണ്ണിനെ അറിയുന്ന മണ്ണിന്റെ മണമുള്ള വിനായകന് കരിന്തണ്ടനെ അവിസ്മരണീയമാക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.