Friday
22 Jun 2018

കടലിൽനിന്ന് പങ്ക്രാസ് രക്ഷപ്പെട്ടത് ജീവിതദുരിതക്കടലിലേക്ക്

By: Web Desk | Monday 15 January 2018 8:16 PM IST

തിരുവനന്തപുരം : ആഴക്കടല്‍ ദുരന്തത്തില്‍ നിന്നും പങ്ക്രാസ് എടുത്തെറിയപ്പെട്ടത്  ജീവിത ദുരിതക്കടലിലേക്കാണ്. തിരകളോട് മല്ലിട്ട് കുടുംബം നയിച്ചിരുന്ന കരുത്തനായ ഈ മനുഷ്യനെ ഇന്നുതിരിച്ചറിയില്ല, ചോദ്യങ്ങള്‍ക്കുമുന്നില്‍ വിതുമ്പിക്കരയാന്‍ മാത്രമറിയുന്ന ഒരു പടുവൃദ്ധനാണ് പൂന്തുറ സ്വദേശി പങ്ക്രാസ് (59) ഇപ്പോള്‍.

2011 നവംബര്‍ 26 നായിരുന്നു സംഭവം. കരയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരത്ത് മത്സ്യബന്ധനം നടത്തവെ ശക്തിയായി വീശിയടിച്ച ഓഖി പോലുള്ള മറ്റൊരു ദുരന്തത്തില്‍ നിന്ന് പങ്ക്രാസ് നീന്തി രക്ഷപ്പെട്ടിരുന്നു.

ജോണ്‍സണ്‍, റൈമണ്ട് എന്നീ തൊഴിലാളികള്‍ക്കൊപ്പം ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ കടല്‍ക്ഷോഭത്തില്‍ അകപ്പെടുകയായിരുന്നു. കടല്‍ പ്രക്ഷുബ്ധമെന്ന് മനസിലാക്കിയ ഇവര്‍, കരയിലേക്ക് രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഉള്‍ക്കടലില്‍ ഉണ്ടായ ശക്തമായ തിര മൂന്നുപേരെയും കടലിലേക്ക് എടുത്തെറിഞ്ഞു. കടലില്‍ അകപ്പെട്ട അവര്‍ വള്ളത്തിൽ തിരിച്ചുകയറാന്‍ ശ്രമിച്ചെങ്കിലും എഞ്ചിന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വള്ളം ദൂരേയ്ക്ക് ഓടിപ്പോവുകയായിരുന്നു. രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗമില്ലെന്ന് മനസിലാക്കിയ മൂന്നുപേരും മണിക്കൂറുകളോളും ഒഴുക്കിനെതിരായി നീന്തി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ജോണ്‍സണ്‍ പിന്നോട്ടുപോകുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. കൂട്ടത്തിലുള്ള സുഹൃത്തിനെ രക്ഷിക്കുവാന്‍ പങ്ക്രാസും റൈമണ്ടും തിരികെനീന്താന്‍ ശ്രമം നടത്തിയെങ്കിലും ”എനിക്ക് കഴിയില്ല, നിങ്ങള്‍ രക്ഷപ്പെട്ടോളൂ” എന്ന് പറയുകയായിരുന്നു ജോണ്‍സണ്‍. ഇതിനിടെ ശക്തമായ തിരമാലകള്‍ ജോണ്‍സനെ കടലിന്റെ അടിത്തട്ടിലേക്ക്  വലിച്ചുതാഴ്ത്തുന്നത്  ഇവര്‍ക്ക് കാണാമായിരുന്നു. കാണാതായ ജോണ്‍സനുവേണ്ടി കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
വര്‍ഷം ഏഴ് കഴിഞ്ഞിട്ടും യാതൊരു ആനുകൂല്യവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ജോണ്‍സനിന്റെ മരണത്തോടെ  ശാരീരികമായി അസ്വസ്ഥത അനുഭവപ്പെട്ട പങ്ക്രാസ് മൂന്ന് മാസങ്ങള്‍ക്കുശേഷം കിടപ്പിലാവുകയും ചെയ്തു. ആകെ 5000  രൂപ മാത്രമാണ് പങ്ക്രാസിനു കിട്ടിയത്. കടലിൽ നിന്നും രക്ഷപ്പെടുകയായിരുന്നില്ല തീരാ  ദുരിതത്തിന്റെ ആഴക്കയത്തിൽ പെടുകയായിരുന്നു ഈ മനുഷ്യർ .  വാടകവീട്ടിലാണ് പങ്ക്രാസിന്റെ കുടുംബം. ആശുപത്രിയിൽ പോകാൻപോലും മാർഗമില്ല.  ഒരുമാസം അയ്യായിരത്തിലേറെ രൂപ ചികിത്സാ ചിലവുണ്ട്‌.

ഇതുവരെയും ഇവരുടെ ഭവനങ്ങളിലെത്താത്ത സര്‍ക്കാരിന്റെ കനിവുതേടി പങ്ക്രാസിന്റെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ കാത്തിരിക്കുകയാണ്.

Related News