Saturday
18 Nov 2017

സംസ്ഥാനത്തെ ആയൂര്‍വ്വേദ നഴ്‌സുമാര്‍ പരാധീനതകളുടെ നടുവില്‍

By: Web Desk | Friday 10 November 2017 1:05 PM IST

ഡാലിയ ജേക്കബ്
ആലപ്പുഴ: ഭാരത പൈതൃകം നിലനിര്‍ത്തുന്ന സംസ്ഥാനത്തെ ആയൂര്‍വ്വേദ നഴ്‌സുമാര്‍ പരാധീനതകളുടെ നടുവില്‍. കാലഹരണപ്പെട്ട നിയമങ്ങളും നടപടി ക്രമങ്ങളുമാണ് ആയൂര്‍വ്വേദ മേഖലയിലെ നഴ്‌സുമാര്‍ക്ക് ഇപ്പോഴും പിന്തുടരേണ്ടിവരുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അലോപ്പതി നേഴ്‌സുമാരടക്കം എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ആയൂര്‍വ്വേദ നഴ്‌സുമാരുടെ ജോലി സമയം ഇപ്പോഴും 12 മുതല്‍ 20 മണിക്കൂര്‍ വരെയാണ്.

കേരളത്തില്‍ 125 സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രികളും അഞ്ച് ആയൂര്‍വ്വേദ എയ്ഡഡ് കോളജ് ആശുപത്രികളും നിലവിലുണ്ട്. 460 ആയൂര്‍വ്വേദ നഴ്‌സുമാര്‍ കേരളത്തിലെ വിവിധ ആയൂര്‍വ്വേദ ആശുപത്രികളിലായി ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 70 ശതമാനവും സ്ത്രീകളാണ്. 38 വര്‍ഷമായി ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്കുപോലും ഗ്രേഡ് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായിട്ടില്ല. പ്രമോഷന്‍ സാധ്യതയില്ലാത്ത വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഗ്രേഡ് വര്‍ധിപ്പിച്ചിട്ടും ആയൂര്‍വ്വേദ വിഭാഗത്തിലെ നഴ്‌സുമാര്‍ക്ക് അവഗണനയാണ് ഉണ്ടായിട്ടുള്ളത്. ഓരോ ജില്ലാ ആശുപത്രികളിലും നഴ്‌സിംഗ് സൂപ്രണ്ടിനെ നിയമിച്ചാല്‍ തന്നെ സാമ്പത്തിക ബാധ്യത ഇല്ലാതെ സര്‍ക്കാരിന് ഗ്രേഡ് വര്‍ധിപ്പിക്കാന്‍ സാധിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ അലോപ്പതിയിലും ആയൂര്‍വ്വേദത്തിലും ഹോമിയോയിലും നഴ്‌സുമാരുടെ സേവനം ഒ പി വിഭാഗത്തില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ആയൂര്‍വ്വേദ വിഭാഗത്തില്‍ ഐ പി വിഭാഗത്തില്‍ മാത്രമാണ് നഴ്‌സുമാരെ നിയമിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പിലും ആയൂര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പൊതു അവധിക്ക് പകരമായി 45 ദിവസത്തെ കോംപന്‍സേഷന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ആയൂര്‍വ്വേദ ചികിത്സാവകുപ്പിലെ നേഴ്‌സുമാര്‍ക്ക് 22 ദിവസത്തെ അവധിമാത്രമേ ഇപ്പോഴുള്ളൂ. ആയൂര്‍വ്വേദ വകുപ്പിലെ ഡിപ്പോര്‍ട്ട് മാന്വല്‍ പരിഷ്‌ക്കരിച്ചത് ജീവനക്കാരോട് ചര്‍ച്ച ചെയ്യാതെയും മേഖലയിലെ പ്രശ്‌നങ്ങളെപ്പറ്റി യാതൊരുവിധ പഠനങ്ങളും നടത്താതെയുമാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം ഈ മേഖലയിലെ നഴ്‌സുമാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്. 1975 ല്‍ തയ്യാറാക്കിയ നിയമങ്ങളാണ് ഇപ്പോഴും ഈ മേഖലയില്‍ തുടര്‍ന്ന് വരുന്നത്.

കേരളം ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അലോപ്പതി പരിശീലനം നേടിയ നഴ്‌സുമാരാണ് ആയൂര്‍വ്വേദ മേഖലയിലും പ്രവര്‍ത്തിക്കുന്നത്. ഈ നടപടി പൂര്‍ണ്ണമായും നിര്‍ത്തണമെന്നും ആയൂര്‍വ്വേദ മേഖലയിലെ ദ്രുതഗതിയിലെ വളര്‍ച്ചയ്‌ക്കൊപ്പം നഴ്‌സിംഗ് പരിശീലനം സാധ്യമാക്കണമെന്നും അതിന് വേണ്ടി നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും ആയൂര്‍വ്വേദ നഴ്‌സസ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അക്കാമ്മ പോള്‍ പറഞ്ഞു. കേരളത്തില്‍ പറശനിക്കടവ് ആയൂര്‍വ്വേദ ആശുപത്രിയില്‍ മാത്രമാണ് ഡിഗ്രി ലെവല്‍ നഴ്‌സിംഗ് കോഴ്‌സ് നടക്കുന്നത്. ആരോഗ്യവകുപ്പിലെ മറ്റ് എല്ലാ വിഭാഗത്തിലും ഉള്ളപോലെ ആയൂര്‍വ്വേദ നഴ്‌സുമാര്‍ക്കും അവരുടെ സേവനം അനുസരിച്ച് അവാര്‍ഡ് നല്‍കി പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.