Thursday
18 Oct 2018

മാതാജി കിഥർ ഹേ

By: Web Desk | Tuesday 31 October 2017 8:23 PM IST

ഗീത ഹരികുമാര്‍

കാലത്തേ ഒരു വറച്ചായ പോലും കുടിയ്ക്കാനാവാത്തതിന്റെ ഈര്‍ഷ്യ പല ഈണങ്ങളിലുള്ള മൂളലുകളും മുരളലുകളുമായി പ്രകടിപ്പിച്ച് തിണ്ണയിലെ ചാരുകസേരയില്‍ ഇരിക്കുകയാണ് ഗോപാലേട്ടന്‍. മുറ്റത്ത് ഇളവെയില്‍ പരന്നു കഴിഞ്ഞു. അച്ഛന്റെ രോഷപ്രകടനത്തോട് മുഖം തിരിച്ച് മുന്നില്‍ നിരത്തി വച്ച കുടുംബശ്രീ കണക്കുകളുമായി യുദ്ധം ചെയ്യുന്ന മകള്‍ ദമയന്തിയോട് പത്താമത്തെ പ്രാവശ്യവും ഗോപാലേട്ടന്‍ കലിപ്പോടെ ചോദിച്ചു ‘അമ്മ എവ്‌ടെപ്പോയടീ ഈ വെളുപ്പാങ്കാലത്ത്?’

‘നിങ്ങളിനോട് എത്ര പ്രാവശ്യം പറയണം അമ്മ അമ്പലത്തീപ്പോയീ, രാമായണം വായിക്കാന്‍ ന്ന് ‘. ദമയന്തി ക്രുദ്ധയായി അച്ഛനെ തറപ്പിച്ചു നോക്കി.

മകളോട് ദേഷ്യം ചിലവാകില്ല എന്ന് നന്നായി അറിയാവുന്ന ഗോപാലേട്ടന്‍ സ്വരത്തില്‍ ധാരാളം മധുരം ചേര്‍ത്ത് ചോദിച്ചു ‘ എയ്ക്ക് ത്തിരി ചായവെള്ളം താടീ തങ്കോ.’

പുസ്തകങ്ങളും കടലാസുകളും എടുത്ത് ചവുട്ടിക്കുതിച്ച് അകത്തേയ്ക്ക് പോവുന്നതിനിടയ്ക്ക് ദമയന്തി പറഞ്ഞു ‘എയ്ക്ക് വേറെ പണീണ്ട് ട്ടോളിന്‍. ”

കുടുംബത്തുള്ള പെണ്ണുങ്ങളെ വകതിരിവില്ലാത്തവരാക്കി മാറ്റിയ കുടുംബശ്രീയേയും അയല്‍ക്കൂട്ടത്തെയും തൊഴിലുറപ്പിനേയും ഗോപാലേട്ടന്‍ മനസ്സില്‍ പ്രാകി.

മുന്നിലെ നിരത്തിലൂടെ കുഞ്ചുമുത്തു റാവുത്തര്‍ രണ്ട് മാടുകളേയും കൊണ്ട് പോവുന്നു. പാടത്ത് കെട്ടാനാവും. പതിവിന് വിപരീതമായി തല കുമ്പിട്ട് കൈ രണ്ടും പിറകില്‍ കെട്ടി ഗഹനമായ ചിന്തയിലാണ് റാവുത്തര്‍ കടന്ന് പോയത്.തലേന്ന് വൈകീട്ട് നടന്ന സംഭവമോര്‍ത്ത് ഗോപാലേട്ടന്റെ വായില്‍ വീണ്ടും കയ്പ്പ് നിറഞ്ഞു. ‘കുഞ്ചുമുത്തുവോ നിനിക്ക് ഞാന്‍ ഇണ്ട് കെട്ടോ.’

കുഞ്ചുമുത്തുവിനെ മനസ്സാ ധൈര്യപ്പെടുത്തി വായിലെ കയ്പ്പുനീര്‍ തുപ്പിക്കളഞ്ഞ് ഗോപാലേട്ടന്‍ മുറുക്കാനാരംഭിച്ചു.

തലേന്ന് വൈകീട്ട് അയ്യപ്പന്റെ ചായപ്പീടികയില്‍ ഗോപാലേട്ടനും ആത്മസുഹൃത്ത് കുഞ്ചുമുത്തു റാവുത്തരും ഓരോ ചായയും കുടിച്ച് ഇരിക്കുമ്പോഴാണ് കുട്ടികൃഷ്ണന്‍ വന്നത്. അവന് പാലക്കാട് ടൗണിലാണ് ജോലി. എന്ത് ജോലി, പരട്ട, ഏതോ കുറിക്കമ്പനിയിയിലെ ചിട്ടിപ്പിരിവുകാരന്‍. പവറ് കണ്ടാ തോന്നും കളക്ടറാണ് എന്ന്.. അടയ്ക്ക തെരങ്ങ് കളയുന്നതിനിടെ ഗോപാലേട്ടന്‍ പുച്ഛിച്ചു.

ഗോപാലേട്ടന്റെ അമ്മാവന്റെ മകനാണ് കുട്ടികൃഷ്ണന്‍. അവര്‍ തമ്മില്‍ ഒരു കണ്ടുകൂടായ്മ പണ്ട് തൊട്ടേ നിലനിന്ന് പോരുന്നുണ്ട്. അമ്മാവന്‍ പെരട്ട്, മകന്‍ ഭൂലോക പെരട്ട് എന്നാണ് ഗോപാലേട്ടന്‍ പലരോടും രഹസ്യമായി പറയാറുള്ളത്.ഗോപാലേട്ടന്റെ ഈ രഹസ്യാഭിപ്രായം കുട്ടികൃഷ്ണനും അറിയാം. അസൂയ… മുഴുത്ത അസൂയ എന്നാണ് അയാള്‍ക്ക് അതിനെപ്പറ്റി പറയാനുള്ളത്.

സൈക്കിള്‍ സ്റ്റാന്‍ഡിലിട്ട് കുട്ടികൃഷ്ണന്‍ കയറി വന്ന് ഒരു ചായയും കുടിച്ച് പതിവിനു വിപരീതമായി മൗനിയായി ഇരുന്നു.

തന്റെ ചായക്കടയില്‍ ഒരു കാരണവശാലും മൗനം അനുവദിയ്ക്കാത്ത അയ്യപ്പന്‍ പണപ്പെട്ടിയ്ക്ക് മീതെ ചാഞ്ഞുകിടന്ന് കൊണ്ട് ചോദിച്ചു ‘എന്തൊക്കെ കുട്ടികൃഷ്ണാ വിശേഷങ്ങള്‍ പാലക്കാട്ടില് ?’

ഒരു രണ്ട് നിമിഷം കൂടെ മൗനമാചരിച്ച ശേഷം ചായക്കടയുടെ മുന്നില്‍ കൂട്ടിയിട്ടിരുന്ന എച്ചിലില തിന്നു കൊണ്ടിരുന്ന പശുവിനെ തൊട്ട് വണങ്ങി കുട്ടികൃഷ്ണന്‍ പറഞ്ഞു ‘ പശുവാണവേ ഹിന്തുക്കളിന്റെ അമ്മ.’

അസാധാരണമായ ആ പ്രവൃത്തിയും പറച്ചിലും അവിടെ ഉണ്ടായിരുന്നരെയൊക്കെ അന്ധാളിപ്പിച്ചു.

‘ കോമാത അങ്ങനെ വേണം പറയാന്‍. പശു എന്ന് പറയരുത്. എല്ലാ ഹിന്തുക്കളിന്റെയും അമ്മ കോമാതാവാണവേ.’പശുക്കളെ ആരും ഉപദ്രവിക്കാനോ ചന്തയില്‍ കൊണ്ട് വില്‍ക്കാനോ പാടില്ല.

‘പിന്നെ അമ്പലം കെട്ടി പൂജിക്കണോ?’ ഗോപാലേട്ടന് സഹിക്കാന്‍ പറ്റുന്നില്ല.പുതിയ പെരട്ടും കൊണ്ട് ഇറങ്ങിയിരിക്കുകയാണ് എരപ്പ.

‘ അമ്പലം കെട്ടി പൂജിക്കോ എന്തോ എയ്ക്കറിയൂല. പക്ഷേ പശൂനെ തൊട്ടൂ, എല്ലാവരും വിവരമറിയും. ഡെല്ലീന്ന് ആള് വന്ന് ങ്ങാണ്ട് തല്ലിക്കൊന്നളയും.’

അത് കേട്ടിരുന്നവരെല്ലാം ചിരിച്ചുപോയി.അപ്പോഴാണ് തികച്ചും പ്രസക്തമായ ഒരു ചോദ്യം അയ്യപ്പന്‍ ചോദിച്ചത്.

‘അല്ല കുട്ടികൃഷ്ണാ… പശു ഹിന്ദുക്കളുടെ അമ്മയാണെങ്കില്‍ അതിനെ എങ്ങനെ കുഞ്ചുമുത്തു റാവുത്തരുടെ തൊഴുത്തില്‍ കെട്ടും?’

ആ ചോദ്യം കേട്ട കുഞ്ചുമുത്തു റാവുത്തരുടെ മുഖം വിളറി. രണ്ട് പശുക്കളും അത്യാവശ്യം കാലിക്കച്ചവടവും ആണ് റാവുത്തരുടെ ജീവിതമാര്‍ഗ്ഗം. റാവുത്തര്‍ മാത്രമല്ല അവിടെ ഉണ്ടായിരുന്നവരെല്ലാം പൊടുന്നനവേ നിശബ്ദരായി. പട്ടിണിയാവാന്‍ പോവുന്ന റാവുത്തരുടെ കുടുംബത്തെക്കുറിച്ചോര്‍ത്ത് അവര്‍ വേവലാതി പൂണ്ടു.

കുട്ടികൃഷ്ണന് സംശയമൊന്നും ഇല്ല. കൈയിലിരുന്ന ചായ ഗ്ലാസ് ഊക്കോടെ മേശപ്പുറത്ത് വച്ച് കുട്ടികൃഷ്ണന്‍ പറഞ്ഞു ‘ഞങ്ങണ്ടെ അമ്മന്റെ ചാണകം പെറുക്കാന്‍ കൂടി ഞങ്ങ വിടില്യ, എന്ന്ട്ട് വേണ്ടേ തൊഴുത്തീ കെട്ടാന്‍ ‘.പശുക്കളെയൊക്കെ ഹിന്ദുക്കളെ ഏല്‍പ്പിച്ച് റാവുത്തര്‍ എവിടേക്കാണെന്ന്വച്ചാല്‍ പോയിക്കോട്ടെ.

ഈ അമിതാഭിനയം ഗോപാലേട്ടന് താങ്ങാവുന്നതിലുമധികമായിരിരുന്നു . തന്റെ പെട്ടെന്നുള്ള സ്ഥാനക്കയറ്റത്തെ കുറിച്ച് ഒട്ടുമേ ബോധവതിയാവാതെ അവിടെ അയവിറക്കി നിന്നിരുന്ന പയ്യിനെ കലി പൂണ്ട ഗോപാലേട്ടന്‍ നല്ല രണ്ട് വീക്ക് വീക്കി.’ദാ… ഞാന്‍ തല്ലീ ഈ ജന്തൂനെ. ആരാ എന്നെ കൊല്ലാന്‍ വരണത് കാണട്ടെ ‘എന്നിട്ടും അരിശം തീരാതെ സമോവറിലെ തിളച്ച വെള്ളം എടുത്ത് പശുവിന്റെ ദേഹത്ത് ഒഴിക്കാന്‍ തുടങ്ങിയ ഗോപാലേട്ടനെ എല്ലാവരും ചേര്‍ന്ന് പിടിച്ചു മാറ്റി. കിതച്ച് കൊണ്ട് സ്വസ്ഥാനത്ത് ചെന്നിരുന്ന ഗോപാലേട്ടന്‍ ആരെയെന്നില്ലാതെ വെല്ലുവിളിച്ചു – ‘എന്നോടേയ്’

മനസ്സുകൊണ് ഗോപാലേട്ടന്‍ തല്ലിയതും ചൂടുവെള്ളം ഒഴിക്കാന്‍ ആഗഹിച്ചതും ഒക്കെ കുട്ടികൃഷ്ണന്റെ മോന്തയ്ക്കാണ്.

‘ഇതിനൊക്കെ നിങ്ങ അനുപവിക്കും’കുട്ടികൃഷ്ണന്‍ സൈക്കിളില്‍ കയറി യാത്രയായി. പോവുന്നതിന് മുമ്പ് ഭീഷണമായ ഒരു നോട്ടം ഗോപാലേട്ടനും റാവുത്തര്‍ക്കും നല്‍കി.

തന്റെ വലിയ കണ്ണുകളില്‍ അമ്പരപ്പ് ചാലിച്ചെഴുതിയ പാവം പശു ഒന്നും മനസ്സിലാവാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.

ഇന്നലെ പശുവിനെ വേദനിപ്പിച്ചത് ഒരു പാതകമായിപ്പോയി എന്ന് ഇപ്പോള്‍ ഗോപാലേട്ടന് തോന്നുന്നുണ്ട്. പാവം, ഇന്ന് ചായപ്പീടികയില്‍ നിന്ന് രണ്ട് പഴം വാങ്ങി തിന്ന് തോല് അവള്‍ക്ക് കൊടുക്കണം.ഗോപാലേട്ടന്‍ മനസ്സിലുറപ്പിച്ചു. ഒന്ന് നീട്ടിത്തുപ്പി വീണ്ടും ചാരുകസേരയില്‍ ചാഞ്ഞിരുന്നപ്പോഴാണ് പടിയ്ക്കല്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടത്. മുറിക്കാലുറയും വട്ടക്കഴുത്ത് ബനിയനുമിട്ട് കൈയിലൊരു തടിച്ച വേലിപ്പത്തലുമായി ഒരു ഹിന്ദിക്കാരന്‍.ഗോപാലേട്ടന്‍ ഉമ്മറത്ത് ഇരിയ്ക്കുന്നത് ഒന്നു ഗൗനിക്കുക പോലും ചെയ്യാതെ അയാള്‍ നേരെ തൊഴുത്തിലേക്ക് പോയി. ആരാ എന്ന് ചോദിക്കുന്നതിന് മുമ്പായി ഗോപാലേട്ടന്‍ കണ്ടു, പടിയ്ക്കല്‍ അതേ പോലുള്ള വേറെ രണ്ടാള്‍ക്കാര്‍ കൂടി നില്‍ക്കുന്നു.

ഗോപാലേട്ടന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.കുട്ടികൃഷ്ണന്‍ ചതിച്ചു. തിണ്ണയില്‍ നിന്ന് ചാടി മുറ്റത്തേക്കിറങ്ങിയപ്പോഴേക്കും തൊഴുത്തിലേക്ക് പോയ ഹിന്ദിക്കാരന്‍ തിരിച്ച് വന്നു.

വടി വീടിന് നേരെ ചൂണ്ടി വട്ടക്കണ്ണുരുട്ടി അയാള്‍ ചോദിച്ചു ‘ മാതാജി കിഥര്‍ ഹേ?’.

ഗോപാലേട്ടന്റെ നാവിറങ്ങിപ്പോയി.ഗോപാലേട്ടന് പലതും പറയാനുണ്ടായിരുന്നു. അപ്പനപ്പൂപ്പന്‍മാരുടെ കാലം തൊട്ടേ വീട്ടില്‍ പശുക്കളുള്ള കാര്യം, കുട്ടിക്കാലത്ത് മാട് മേയ്ക്കാന്‍ പോയിരുന്ന കാര്യം….. അങ്ങനെ പലതും. പക്ഷേ നാവ് പണിമുടക്കി നില്‍ക്കുകയാണ്.

ഗോപാലേട്ടന് ചോദ്യം തിരിഞ്ഞില്ല എന്ന് തോന്നിയ ഹിന്ദിക്കാരന്‍ ആംഗ്യ വിക്ഷേപങ്ങളോടെ ചോദ്യം ആവര്‍ത്തിച്ചു. ‘മാതാജി.. അമ്മ.. എവടേ?’

മുതുക് റ മാതൃകയില്‍ ആകാവുന്നത്ര വളച്ച് തൊഴുകൈകളോടെ നിന്ന് വിക്കി വിക്കി ഗോപാലേട്ടന്‍ ഉണര്‍ത്തിച്ചു. ‘ മേയാന്‍ വിട്ടിരിക്ക്യാണ്. ഞങ്ങ നന്നായിട്ട് തന്നെയാണ് അമ്മനെ നോക്കണത്.കാടിയും വെള്ളവും ഒക്കെ നേരത്തിന് കൊടുക്കാറുണ്ട്.’

ഒരു പക്ഷേ അവര്‍ക്ക് വീട് തെറ്റിയതാവും, ആരോ അവരെ മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇത് ഹിന്ദുക്കളുടെ വീടാണ്. ഇതേ വഴിയില്‍ കുറച്ച് കൂടെ മുന്നോട്ട് പോയാല്‍ ഇടത്തോട്ടുള്ള വളവിലെ മൂന്നാമത്തെ വീടാണ് കുഞ്ചുമുത്തു റാവുത്തരുടേത്. അയാളാണ് നിങ്ങള്‍ അന്വേഷിക്കുന്നയാള്‍. പക്ഷേ ഇപ്പോള്‍ ചെന്നാല്‍ അയാള്‍ വീട്ടിലുണ്ടായില്ല. പാടത്ത് പശുക്കളെ മേയാന്‍ വിടാന്‍ പോയിരിക്കുകയാണ്.കാറ്റത്തെ അരയാലില പോലുള്ളഗോപാലേട്ടന്റ നില്‍പ്പും രോദനവും ബംഗാളിയെ മാത്രമല്ല കൃത്യ സമയത്ത് അച്ഛനുള്ള കട്ടന്‍ചായയുമായി വന്ന ദമയന്തിയേയും തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.

‘എന്താന്നും നിങ്ങ കാട്ടണത്? ഇത് തൊഴുത്ത് മേയാന്‍ വന്ന ബംഗാളിയാണ്. അമ്മ എവിടീ എന്നാണ് കേക്കണത് ‘.

ഒരു നിമിഷം ഗോപാലേട്ടന്‍ കുംഭഭരണിയ്ക്ക് ചുവന്ന പട്ടുടുത്ത് നില്‍ക്കുന്ന വെളിച്ചപ്പാടായി വിറയാര്‍ന്നു. പിന്നെ സ്വയം അടങ്ങി ബംഗാളിയോട് ചോദിച്ചു ‘എന്തിനാണ്ടാ നിന്റെ കയ്യീ ഇത്ര വലിയ വടി ?’

പുകയിലക്കറ പിടിച്ച പല്ലു കാട്ടി വെളുക്കേച്ചിരിച്ച് ബംഗാളി പറഞ്ഞു അത് പിന്നെ സേട്ടാ.. നാട്ടില്‍ എല്ലായിടത്തും പട്ടികളാണ്.അതു കൊണ്ട് എപ്പോഴും ഒരു വടി കയ്യില്‍ കരുതും, പട്ടി കടിക്കാന്‍ വന്നാല്‍ ഓടിക്കാന്‍.

Pic Courtesy: The Hindu