Wednesday
22 Nov 2017

തെരുവ് നായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്

By: Web Desk | Thursday 7 September 2017 2:50 PM IST

മാനന്തവാടി: രണ്ടിടങ്ങളിലായി  തെരുവ് നായയുടെ ആക്രമണത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. മാനന്തവാടി നഗരസഭാ പരിധിയിലെ  പരിയാരംകുന്നിലും പിലാക്കാവിലുമാണ്  തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പരിയാരംകുന്നില്‍ വൈകുന്നേരം 4 മണിയോടെ എത്തിയ തെരുവ്നായ മൂന്ന് പേരെ കടിച്ച് പരിക്കേല്‍പ്പിച്ചു. പരിയാരംകുന്ന് പുളിക്കല്‍  മനോജിന്‍റെ  മകള്‍ ആതിര മനോജ്‌ (18),  തോട്ടുങ്കല്‍ ശ്രീനിയുടെ മകന്‍ ശ്രീജിത്ത് (8), തൂമുള്ളില്‍ റോയിയുടെ മകള്‍ മകള്‍ അല്‍ന (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിന് പുറത്ത് നില്‍ക്കുമ്പോഴായിരുന്നു ആതിരയെ തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തില്‍ ആതിരയ്ക്ക് കാലിനും നെഞ്ചിനുമാണ് പരിക്കേറ്റത്.  റോഡിലൂടെ നടക്കുമ്പോള്‍ ആയിരുന്നു അല്‍നയേയും ശ്രീജിത്തിനെയും ആക്രമിച്ചത്. രണ്ടു പേരുടെയും കാലിനും കൈക്കും പരിക്കേറ്റു.  കുട്ടികളെ ആക്രമിച്ച ഉടന്‍തന്നെ നായ ചാവുകയും ചെയ്തു.  ഇത് നാട്ടുകാരില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു. പിലാക്കവില്‍ വൈകുന്നേരം 5 മണിയോടെ എത്തിയ തെരുവ് നായ വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ചെറുകാട്ടില്‍ പ്രഭുവിന്‍റെ മകന്‍ കാര്‍ത്തക്കിനെ (8) കടിക്കുകയായിരുന്നു. കാര്‍ത്തിക്കിന് കൈവിരലിനാണ് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.