Sunday
17 Dec 2017

തൊഴില്‍ സുരക്ഷയും, ക്ഷേമപദ്ധതിയും നടപ്പിലാക്കണം

By: Web Desk | Saturday 30 September 2017 7:03 PM IST

മാനന്തവാടി: കേരളത്തില്‍ ഏകദേശം അഞ്ചുലക്ഷത്തോളം ആള്‍ക്കാര്‍ ഉപജീവനത്തിനായി ഏര്‍പ്പെട്ടിരിക്കുന്ന വഴിയോരക്കച്ചവടം ഇന്ന് ഒരു നിയമവിരുദ്ധ പ്രവര്‍ത്തനം എന്ന നിലയിലും, വികസനത്തെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനവും എന്ന നിലയിലാണ് സമൂഹത്തിലെ ഒരു വിഭാഗം ആള്‍ക്കാര്‍ കാണുന്നതെന്ന് കേരള സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 1989ലെ സോധന്‍സിംഗ് ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വിധിയില്‍ നിയമനിയന്ത്രണ വിധേയമായി പാതയോരത്ത് കച്ചവടം ചെയ്യാന്‍ കച്ചവടക്കാര്‍ക്ക് അവകാശമുണ്ടെന്ന് കോടതി വിധിച്ചതാണ്. 2011ലെ സംസ്ഥാന വഴിയോരകച്ചവടസംരക്ഷണ നയത്തില്‍ വഴിയോര കച്ചവടത്തെ ഒരു സ്വയം തൊഴിലായി അംഗീകരിക്കുകയും തൊഴില്‍ സുരക്ഷയും, ക്ഷേമ പദ്ധതികളും നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. 2014ലെ വഴിയോരകച്ചവട നിയമപ്രകാരം വഴിയോരക്കച്ചവടക്കാരുടെ സര്‍വ്വേ നടത്തി കച്ചവട മേഖല തിരിച്ച് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ 2014ലെ നിയമത്തിന് വിരുദ്ധമായി തദ്ദേശ സ്വയംവരണ സ്ഥാപനങ്ങളും, പോലീസും, പൊതുമരാമത്ത് വകുപ്പും വഴിയോരക്കച്ചവടക്കാരെ കുടിയൊഴിപ്പിക്കുകയാണ് ചെയ്യുന്നത്. വഴിയോരക്കച്ചവടക്കാര്‍ക്ക് തൊഴില്‍ സുരക്ഷയും, ക്ഷേമപദ്ധതിയും നടപ്പിലാക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ കാര്യങ്ങള്‍ ആവശ്യപ്പെട്ട് കേരള സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ഒക്ടോബര്‍ 17ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി സെപ്റ്റംബര്‍ 27ന് വാഹനപ്രചരണ ജാഥ നടത്തും.
കാസര്‍ഗോഡ് കാഞ്ഞങ്ങാട് നിന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്ത വാഹനപ്രചരണ ജാഥയുടെ സമാപന സമ്മേളനം ഒക്ടോബര്‍ 11 ന് തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. സെക്രട്ടറിയേറ്റ് മാര്‍ച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം ജനാര്‍ദ്ദനന്‍, കെ ടി ബാലകൃഷ്ണന്‍, വി അഷറഫ്, പി കെ ഹസ്സന്‍, ആര്‍ വി ഇക്ബാല്‍, ഡോ കെ എസ് പ്രദീപ്കുമാര്‍, എം എച്ച് സലിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.