Monday
16 Jul 2018

വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം കെ എസ് യു

By: Web Desk | Friday 13 October 2017 8:15 PM IST

കോഴിക്കോട്: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്താന്‍ തയ്യാറാവണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്.
കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇച്ഛാശക്തി കാട്ടണം. കലാലയങ്ങളില്‍ സംഘടന പ്രവര്‍ത്തനം നിരോധിച്ചാല്‍ പകരം കടന്നുവരിക മാനേജ്‌മെന്റുകള്‍ക്ക് താത്പര്യമുള്ള സാമുദായിക സംഘടനകളാവും. മിക്കവാറും കോളജുകള്‍ നടത്തുന്നത് സാമുദായിക സംഘടനകളാണ്. എ ബി വി പിയും ക്യാംപസ് ഫ്രണ്ടും പോലുള്ള വര്‍ഗീയ സംഘടനകളും പിടിമുറുക്കും. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ തോതില്‍ അരക്ഷിതാവസ്ഥയുണ്ടാക്കും. പതിനെട്ട് വയസ്സു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്. ബാര്‍ അസോസിയേഷനുകളും തൊഴിലാളി സംഘടനകളും അധ്യാപക സംഘടനകളും അതത് മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സംഘടന പാടില്ലെന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.