Thursday
24 Jan 2019

സുഭദ്രാമ്മ തങ്കച്ചി: ത്യാഗത്തിന്റെ മഹാപര്‍വം കടന്ന സ്ത്രീജീവിതം

By: Web Desk | Thursday 3 May 2018 10:51 PM IST

കെ എം ചന്ദ്രശര്‍മ

കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക് എന്ന ഒരു മുതലാളിത്ത ശീലുണ്ട്. എന്നാല്‍ കൊട്ടാരത്തില്‍ നിന്നു കുടിലുകളിലേക്കു ഇറങ്ങി വന്ന ചരിത്രമാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് തറയില്‍ കൊട്ടാരത്തിന്റേത്. മദ്ധ്യതിരുവിതാംകൂറിലും കേരളത്തിലും കമ്മ്യൂണിസ്റ്റു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായകവും ത്യാഗോജ്ജ്വലവുമായ പങ്കുവഹിച്ച കൊട്ടാരമാണ് തറയില്‍ കൊട്ടാരം. അവിടത്തെ നാടുവാഴിയായിരുന്ന രാമവര്‍മ്മ തമ്പുരാന്റെ പത്തുമക്കളില്‍ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച സുഭദ്രാമ്മ തങ്കച്ചി.
ആധുനികവും പുരാതനവുമായ ദീര്‍ഘചരിത്രമുണ്ട് തറയില്‍ കൊട്ടാരത്തിന്. ആധുനിക ചരിത്രം കമ്മ്യൂണിസ്റ്റു ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുമ്പോള്‍ പുരാതന ചരിത്രം കേരളത്തിലെ രാജവംശാവലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. വടക്കേമലബാറിലെ കോലത്തു സ്വരൂപം പള്ളി, പുതുപ്പള്ളി എന്നിങ്ങനെ രണ്ടുശാഖകളായി പിരിഞ്ഞു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂറിലെത്തിയ പുതുപ്പള്ളി ശാഖയിലെ പാരമ്പര്യമാണ് എണ്ണയ്ക്കാട്ട് കൊട്ടാരത്തിനുള്ളത്. എണ്ണയ്ക്കാട് എന്നറിയപ്പെടുന്ന പ്രദേശമായിരുന്നു പഴയ ചെങ്ങന്നൂര്‍ വില്ലേജ്. ഇന്ന് ചെങ്ങന്നൂര്‍ എന്നറിയപ്പെടുന്ന പ്രദേശം വടക്കേക്കര വില്ലേജുമായിരുന്നു.
എണ്ണയ്ക്കാടു കൊട്ടാരത്തിലെ രാമവര്‍മ്മ തമ്പുരാന്‍ സാമാന്യപണ്ഡിതനും പരിഷ്‌കരണവാദിയും പുരോഗമന ചിന്തകനും കൊട്ടാരത്തിലെ ആഢ്യശീലങ്ങളോടും ജന്മിത്തദുരാചാരങ്ങളോടും പൊരുത്തമുള്ളയാളുമായിരുന്നില്ല. അയിത്തത്തിനെതിരും ഗാന്ധിജിയുടെ ഹരിജനോദ്ധാരണപ്രവര്‍ത്തനങ്ങളോടും അദ്ദേഹം നയിക്കുന്ന സ്വാതന്ത്ര്യസമ്പാദന സമരത്തോടും ആദരവുള്ളയാളുമായിരുന്നു. തന്റെ പുരോഗമനചിന്ത മക്കളിലേക്കും പകര്‍ന്നു നല്‍കാന്‍ അദ്ദേഹം മടിച്ചില്ല.
രാമവര്‍മ്മ തമ്പുരാന്‍ വിവാഹം കഴിച്ചത് കാര്‍ത്തികപ്പള്ളി താലൂക്കിലെ പല്ലന പാണ്ഡവത്തു തറവാട്ടില്‍ നിന്നാണ്. പ്രഭുപദവിയുണ്ടായിരുന്ന പാണ്ഡവത്തുകാര്‍ ഇടപ്പള്ളി സ്വരൂപത്തിന്റെ പാരമ്പര്യമുള്ളവരാണ്. സ്വാതന്ത്ര്യസമരസേനാനിയും അന്നത്തെ കോണ്‍ഗ്രസ് നേതാവുമായിരുന്ന പാണ്ഡവത്ത് ശങ്കരപ്പിള്ളയുടെ സഹോദരി തങ്കമ്മയെയാണ് തമ്പുരാന്‍ വിവാഹം ചെയ്തത്. തങ്കമ്മ – രാമവര്‍മ്മ ദമ്പതികള്‍ക്കു പത്തുമക്കള്‍ പിറന്നു. ആറു പെണ്ണും നാല് ആണും. അവരിലെ ആണ്‍മക്കളെല്ലാം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാക്കളും പോരാളികളുമായിത്തീര്‍ന്നു. ആദ്യ കേരള നിയമസഭയിലെ സ്പീക്കറും അതിനുമുമ്പ് ഒളിവിലും തെളിവിലും ത്യാഗോജ്ജ്വല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പി – അദ്ദേഹമാണു കൊട്ടാരത്തിലേക്കും സ്വന്തം നാട്ടിലേക്കും കമ്മ്യൂണിസ്റ്റു ആശയവുമായി എത്തിയ ഒന്നാമന്‍. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് എല്ലാ സഹോദരന്മാരും സഹോദരിമാരും കമ്മ്യൂണിസ്റ്റുകാരായി. സഹോദരന്മാരില്‍ മറ്റുമൂവരും – ഡോ. ആര്‍ രാമകൃഷ്ണന്‍തമ്പി, ആര്‍ രാജശേഖരന്‍ തമ്പി, ആര്‍ വേലായുധന്‍ തമ്പി എന്നിവര്‍ കൊടിയ പൊലീസ് മര്‍ദ്ദനം നേരിടേണ്ടിവന്നവരാണ്. സഹോദരിമാരില്‍ മുതിര്‍ന്ന നാലുപേരും വിവാഹത്തിനു ശേഷം കമ്മ്യൂണിസ്റ്റു സഹയാത്രികരായി തുടര്‍ന്നു. അവരുടെ മക്കളില്‍ പലരും പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളുമായിട്ടുണ്ട്. ഇളയ സഹോദരിമാരില്‍ രാധമ്മ തങ്കച്ചിയെ വിവാഹം ചെയ്തത് കമ്മ്യൂണിസ്റ്റു സൈദ്ധാന്തികനും നേതാവുമായ സി ഉണ്ണിരാജയായിരുന്നു. പാര്‍ട്ടിയുടെയും മഹിളാ പ്രസ്ഥാനത്തിന്റെയും സംഘാടകയും പ്രവര്‍ത്തകയുമായിരുന്നു രാധമ്മ.
സുഭദ്രാമ്മ വിദ്യാഭ്യാസം കഴിഞ്ഞ കാലഘട്ടമെത്തിയപ്പോഴേക്കും കാര്‍ഷിക പ്രദേശങ്ങളായ എണ്ണയ്ക്കാട്ടും പരിസരങ്ങളിലും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയുമിടയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തനം വ്യാപരിച്ചിരുന്നു. സുഭദ്രാമ്മയും രാധമ്മയോടൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇപ്പോഴത്തെ കൊല്ലം – ആലപ്പുഴ ജില്ലകളുടെ മധ്യഭാഗം കേന്ദ്രീകരിച്ച് അന്നുണ്ടായിരുന്ന പാര്‍ട്ടി ഡിവിഷന്‍ കമ്മിറ്റി (ഡി സി)യുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത് ശങ്കരനാരായണന്‍ തമ്പിയായിരുന്നു. മൂന്നാമത്തെ സഹോദരന്‍ ഡി സി സെക്രട്ടേറിയറ്റംഗവുമായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ക്രമേണ സക്രിയമായി തുടക്കത്തില്‍ രാധമ്മ കൂടെയുണ്ടായിരുന്നു. രാധമ്മ വിവാഹിതയായതോടെ സുഭദ്രാമ്മയുടെ കൂട്ട് മറ്റു സഖാക്കളായി.
മധ്യതിരുവിതാംകൂറിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം നടന്നത് എണ്ണയ്ക്കാട്ടാണ്. ഭൂമിയുടെ അവകാശത്തിനുവേണ്ടി – കുടിയിറക്കിനെതിരായി നടന്ന ആ സമരമാണ് സുഭ്രദ്രാമ്മയിലെ നേതൃത്വപാടവം തെളിയിച്ചത്. കാഞ്ഞിരവിളയില്‍ കുട്ടി എന്നൊരു കര്‍ഷകത്തൊഴിലാളിയെ കുടിയിറക്കാനും അയാള്‍ നട്ട കപ്പ തട്ടിക്കളയുവാനുമായി ജന്മിയായ ഗ്രാമത്തില്‍ കൊട്ടാരത്തിലെ തമ്പുരാന്‍ പുറപ്പാടായി. കുട്ടിയ്ക്കു തനിയെ ചെറുക്കാനായില്ല. ”ഇന്നിവിടെ നിന്നിറങ്ങിക്കൊള്ളണം കുടില്‍ പിറ്റേദിവസം പൊളിച്ചുകളയും” എന്ന ഭീഷണിയുമായി ജന്മിയുടെ ആളുകള്‍ പോയി. വിവരം അറിഞ്ഞ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെയെത്തി പ്രതിരോധനിര തീര്‍ത്തതു കാരണം പിറ്റേദിവസം ജന്മിക്കും ശിങ്കിടികള്‍ക്കും ഇളിഭ്യരായി മടങ്ങിപ്പോകേണ്ടി വന്നു.
പ്രതികാരമായി പൊലീസിനെ വരുത്തി കള്ളക്കേസ് ചമച്ച് ആളുകളെ അറസ്റ്റു ചെയ്യിച്ചു. അറസ്റ്റു ചെയ്തവരെ കൈ പിന്നോട്ടു വച്ചുകെട്ടി പിന്നെ കൂട്ടിക്കെട്ടി കശാപ്പിനുക്കൊണ്ടുപോകുന്ന കാളകളെ തെളിക്കുന്നതു പോലെ ഗ്രാമം മുതല്‍ എണ്ണക്കാട്ടു വരെ ഏതാണ്ട് രണ്ടു മൂന്നു കിലോമീറ്ററോളം തെളിച്ചു. ഇടയ്ക്കിടെ പിന്നില്‍ നിന്ന പൊലീസുകാരുടെ ലാത്തി പ്രയോഗവും. വിവരമറിഞ്ഞ സുഭദ്രാമ്മയും രാധമ്മയും കര്‍ഷകത്തൊഴിലാളി സ്ത്രീകളെയും മറ്റും സംഘടിപ്പിച്ച് എണ്ണയ്ക്കാട് ജംഗ്ഷനില്‍ കാത്തുനിന്നു. അവര്‍ പിന്നാലെ കൂടി. അവരുടെ ആവശ്യപ്രകാരം പിന്നോട്ടുള്ള കെട്ടുമാറ്റി കൈകള്‍ മുന്നോട്ടുവച്ചുകെട്ടി. അവരുടെ കൂട്ടിക്കെട്ട് മാറ്റി. മര്‍ദ്ദനം നിര്‍ത്തി. ആ പോരാളികള്‍ കൂട്ടമായി പൊലീസിന്റെ പിന്നാലെ കൂടി 10 കിലോമീറ്ററപ്പുറമുള്ള ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റിന്റെ മുമ്പു വരെ മുദ്രാവാക്യം വിളിച്ചു നടന്നു. അവരുടെ സമരത്തിന്റെ ഫലമായി കര്‍ഷകത്തൊഴിലാളികളെ മോചിപ്പിച്ചു. അവിടെ നിന്നും തിരികെ ജാഥയായി മുദ്രാവാക്യം വിളിച്ചുകൊണ്ട് എണ്ണയ്ക്കാട്ടെത്തി. സുഭദ്രാമ്മയും രാധമ്മയും അഭിനന്ദനം നേടിയ സമരമായിരുന്നു അത്.
തോപ്പില്‍ഭാസി ‘ഒളിവിലെ ഓര്‍മ്മകള്‍’ എന്ന ആത്മകഥാപരമായ രചനയില്‍ സുഭദ്രാമ്മയെ കുറിച്ചു പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ് – സുഭദ്രാമ്മ ഒരു പച്ചപ്പാവമല്ലേ. സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ ചെയ്യും. പാര്‍ട്ടിക്കു വേണ്ടി പാവം എന്തും ചെയ്യും.”
വളരെ ശരിയാണ്. 1948-51 കാലഘട്ടത്തിലെ വിനാശകരമായിത്തീര്‍ന്ന കല്‍ക്കട്ട, തിസീസിന്റെ കാലം. മാര്‍ക്‌സിസം വിവക്ഷിക്കുന്ന മാനവികതയ്ക്കു ക്ഷതമേല്‍പ്പിച്ച നയസമീപനങ്ങളുടെ കാലം: സുഭദ്രാമ്മ രണ്ടു പരീക്ഷണഘട്ടങ്ങളെ നേരിടേണ്ടിവന്നു. രണ്ടും അവര്‍ പാര്‍ട്ടിയെ അനുസരിച്ചുകൊണ്ട് തരണം ചെയ്തു. രണ്ടും ജീവിതസ്പര്‍ശിയായ സംഭവങ്ങള്‍.
കുടുംബാചാരപ്രകാരം സുഭദ്രാമ്മയെ വിവാഹം ചെയ്തയച്ചിരുന്നു. അദ്ദേഹം ഉറച്ച കോണ്‍ഗ്രസുകാരനാണ്. ആ ബന്ധത്തില്‍ ഒരു മകളുണ്ടായി, കല്‍പ്പനയെന്നു പേര്. ഈ മകളെ പ്രസവിച്ചു കിടക്കുന്ന സമയത്ത് മിക്കവാറും ദിവസങ്ങളില്‍ അദ്ദേഹം തറയില്‍ കൊട്ടാരത്തിലുണ്ടാവും. അദ്ദേഹത്തിന്റെ സാന്നിധ്യം അവിടെ വച്ച് പാര്‍ട്ടി ചര്‍ച്ചകള്‍ക്കു തടസമായി തോന്നി. തന്നെയുമല്ല പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ന്നേക്കുമോ എന്ന ആശങ്കയും. പാര്‍ട്ടി കൈക്കൊണ്ട തീരുമാനം സുഭദ്രാമ്മ ഭര്‍ത്താവും ആദ്യ കണ്‍മണിയുടെ അച്ഛനുമായ മേനോന്‍ ചേട്ടനെ ഉപേക്ഷിക്കണമെന്നായിരുന്നു. ആ തീരുമാനം നടപ്പിലാക്കുന്നതില്‍ അവരനുഭവിച്ച ആത്മസംഘര്‍ഷം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ അതെല്ലാം തരണം ചെയ്ത് പാര്‍ട്ടി തീരുമാനത്തിന്റെ ഗൗരവം ഭര്‍ത്താവിനെ ബോദ്ധ്യപ്പെടുത്തി സുഭദ്രാമ്മ ആ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ക്കും അനുഭാവികള്‍ക്കുമെതിരെ ജന്മിമാരുടെ ഒത്താശയില്‍ പൊലീസ് നരനായാട്ടു നടത്തിയ കാലം. ഒരിക്കല്‍ സുഭദ്രാമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്നു ലോക്കപ്പിലേക്കു തന്റെ കൈകുഞ്ഞുമായി പോകാന്‍ തയാറായ പോരാളിയാണവര്‍.
പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ആലോചിച്ച് പാര്‍ട്ടിനേതാവും തൊഴിലാളി സംഘടനാ നേതാവുമായ ജോര്‍ജ് ചടയംമുറിയുമായുള്ള സുഭദ്രാമ്മയുടെ വിവാഹം നടത്തി. സുഭദ്രാമ്മ – ചടയംമുറി ദമ്പതികള്‍ക്ക് അഞ്ചുമക്കള്‍ പിറന്നു. മൂന്നാണും രണ്ടുപെണ്ണും.
തെറ്റിനെതിരെ പ്രതികരിക്കാനുള്ള തന്റേടം സുഭദ്രാമ്മ എന്നും കൈക്കൊണ്ടിരുന്നു. ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കട്ടെ. എ കെ ആന്റണി കേരളത്തില്‍ ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയായിരുന്ന കാലം. സുഭദ്രാമ്മ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ സഞ്ചരിക്കുകയായിരുന്നു. കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരസേനാനിയായി അംഗീകാരം നേടിയിട്ടുള്ള അവര്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സൗജന്യയാത്രാപാസ് കാണിച്ചു. അയാള്‍ക്കു ബോധ്യമായില്ല. സ്വാതന്ത്ര്യസമര സേനാനികളില്‍ സ്ത്രീകളുണ്ടോ എന്ന സംശയം അയാള്‍ക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കണമെന്നു കണ്ടക്ടര്‍ ശഠിച്ചു. ടിക്കറ്റെടുക്കേണ്ട ആവശ്യമില്ലെന്നു സുഭദ്രാമ്മ. ഓരോ കള്ളപാസുമായി ഓരോന്നു ഇറങ്ങിക്കോളും എന്ന മട്ടില്‍ വിവരദോഷിയായ കണ്ടക്ടര്‍ പരിഹാസം തുടങ്ങിയപ്പോഴേക്കും സുഭദ്രാമ്മ ചാടിയെണീറ്റു പറഞ്ഞു ”നിര്‍ത്തെടോ പാസുള്ളവരെല്ലാം മോശക്കാരോ? സ്വാതന്ത്ര്യസമരസേനാനി പാസിന്റെ വിലയറിയുമോടോ തനിക്ക്? വണ്ടി നിറുത്തു?” അയാള്‍ ബെല്ലടിച്ച് വണ്ടി നിര്‍ത്തി. സുഭദ്രാമ്മ വഴിയിലിറങ്ങി. നേരേ മുഖ്യമന്ത്രിയെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. ഏതായാലും കണ്ടക്ടര്‍ ജോലി കഴിഞ്ഞു ചെന്നപ്പോള്‍ അയാളെ കാത്തിരുന്നത് സസ്‌പെന്‍ഷന്‍ ഓര്‍ഡറായിരുന്നു.
ചരിത്രം തുടിക്കുന്ന വര്‍ഷങ്ങളാണ് അവര്‍ പിന്നിട്ടത്. പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ട, പോരാട്ട വഴികളില്‍ ത്യാഗത്തിന്റെ മഹാപര്‍വം കടന്ന സ്ത്രീജീവിതത്തെയാണ് സുഭദ്രാമ്മ തങ്കച്ചി ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്.

Related News