Monday
25 Jun 2018

സുധ ബാലകൃഷ്ണന്‍ ആദ്യ വനിത സിഎഫ്ഒ

By: Web Desk | Monday 28 May 2018 10:49 PM IST

കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ആദ്യ വനിതാ സിഎഫ്ഒ. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി സുധ ബാലകൃഷ്ണനെ നിയമിച്ചു. 2016 ല്‍ ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണായി എത്തിയതിനുശേഷമുള്ള വലിയ തീരുമാനങ്ങളിലൊന്നാണിത്.അതേസമയം ശമ്പളത്തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സുധ ചുമതലയേറ്റെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സുധ ബാലകൃഷ്ണന്‍ എന്‍എസ്ഡിഎല്‍ (നാഷനല്‍ സെക്യുരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) വൈസ് പ്രസിഡന്റാണ്. മൂന്നു വര്‍ഷത്തേക്കാണ് ചുമതല.
2017 ലാണ് സിഎഫ്ഒ പോസ്റ്റിലേക്ക് ആര്‍ബിഐ അപേക്ഷകള്‍ ക്ഷണിച്ചത്. മാസങ്ങളോളം നീണ്ട സൂക്ഷ്മ പരിശോധനയിലൂടെയാണ് സുധയെ തിരഞ്ഞെടുത്തത്. താമസസൗകര്യത്തോടെ മാസം രണ്ടു ലക്ഷം രൂപയും വീട് ഇല്ലാതെ നാലു ലക്ഷം രൂപയും ശമ്പളമുള്ള പോസ്റ്റാണ് ആര്‍ബിഐ സിഎഫ്ഒയുടേത്. റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതുള്‍പ്പടെ നിര്‍ണായക ഉത്തരവാദിത്തങ്ങളാണ് സിഎഫ്ഒയ്ക്കുള്ളത്. റിസര്‍വ് ബാങ്കിന്റെ ബജറ്റ്, ജീവനക്കാരുടെ പിഎഫ് നിരക്ക് തുടങ്ങിയവയിലും തീരുമാനം സിഎഫ്ഒയുടേതാണ്.
നികുതി വരുമാനം ഉള്‍പ്പെടുന്ന സര്‍ക്കാര്‍, ബാങ്ക് അക്കൗണ്ട് വിഭാഗത്തിന്റെയും ചാര്‍ജ് റിസര്‍വ് ബാങ്ക് സിഎഫ്ഒക്കാണ്. ആര്‍ബിഐയുടെ ബാലന്‍സ് ഷീറ്റ് മാനേജ്‌മെന്റിന്റെ നോഡല്‍ ഓഫീസറും ഇവര്‍ തന്നെ. ഡെപ്യൂട്ടി ഗവര്‍ണര്‍ റാങ്കോടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്ന പുതിയ പോസ്റ്റ് സൃഷ്ടിക്കണമെന്ന് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല.