Sunday
24 Jun 2018

‘സുഖമാണോ ദാവീദേ’ പ്രദര്‍ശനശാലകളില്‍

By: Web Desk | Saturday 10 March 2018 6:36 PM IST

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ ഒരു ക്ലീന്‍ കുടുംബചിത്രം ‘സുഖമാണോ ദാവീദേ’ തീയറ്ററുകളിലെത്തി. നവാഗതരായ അനൂപ് ചന്ദ്രനും രാജമോഹനുമാണ് സംവിധായകര്‍. അനുജനെ പഠിപ്പിച്ച് കളക്ടറാക്കണമെന്നാണ് ദാവീദിന്റെ ലക്ഷ്യം. അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ടെയിലറിംഗ് ഷോപ്പ് നടത്തുന്ന ദാവീദിന്റെ ചുമലിലായി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുജന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയാണ് ജാന്‍സി. നഴിസിംഗ് പഠിത്തം കഴിഞ്ഞ് വിദേശത്ത് പോകണമെന്ന ആഗ്രഹവുമായി നടക്കുന്ന ടെസ അയല്‍ക്കാരന്‍ വര്‍ക്കിച്ചന്റെ മകളാണ്. ദാവീദിന്റെ പ്രശ്‌നങ്ങളില്‍ ശക്തമായ പിന്‍തുണയുമായി പള്ളി വികാരിയുമുണ്ട്.
ഭഗത് മാനുവലാണ് നായക വേഷത്തില്‍. അനുജനായി ‘ഗപ്പി’ ഫെയിം ചേതന്‍ ലാലാണ്. പള്ളി വികാരിയായി സുധീര്‍ കരമനയും വര്‍ക്കിച്ചനായി നന്ദുലാലും വേഷമിടുന്നു. ജാന്‍സി ടീച്ചറിന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് പ്രിയങ്ക നായരാണ്. ടെസ എന്ന കഥാപാത്രത്തെ ശ്രുതി ബാല അവതരിപ്പിക്കുന്നു. സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയും ശക്തമായ ഒരു റോള്‍ കൈകാര്യം ചെയ്യുന്നു.
കൃഷ്ണ പൂജപ്പുരയാണ് തിരക്കഥയും സംഭാഷണവും. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് മോഹന്‍ സിത്താരയാണ്. മധു ബാലകൃഷ്ണന്‍, ജ്യോത്സ്‌ന, നജീം അര്‍ഷാദ് എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം സജിത്ത് മേനോന്‍. താരാകല്യാണ്‍, ആര്യ, ബിജുക്കുട്ടന്‍ എന്നിവരും ചിത്രത്തിലുണ്ട്. നിര്‍മാതാവായ ടോമി കിരിയാന്തന്റേതാണ് കഥ. പാപ്പി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.