Tuesday
16 Oct 2018

എംടിയുടെ ‘സുകൃതം’ സിനിമ തന്‍റെ നോവലെന്ന് ഡോ. ആനിയമ്മ ജോസഫ്

By: Web Desk | Friday 12 October 2018 8:08 PM IST

ഡാലിയ ജേക്കബ്ബ്
ആലപ്പുഴ: രണ്ടാമൂഴം സിനിമയാക്കുന്നതില്‍ താമസിച്ചതില്‍ കേസിന് മുതിര്‍ന്ന പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ സുകൃതം സിനിമ തന്റെ നോവലാണെന്ന് സാഹിത്യകാരിയും റിട്ടയേഡ് കോളജ് അധ്യാപികയുമായ ഡോ. ആനിയമ്മ ജോസഫ്. തനിക്ക് 1985ല്‍ കോട്ടയം ഡി സി ബുക്ക്‌സിന്റെ നോവല്‍ മത്സരത്തില്‍ കേസരി അവാര്‍ഡ് ലഭിച്ച ‘ഈ തുരുത്തില്‍ ഞാന്‍ തനിയെ’ എന്ന നോവലിലെ കഥയുമായി വളരെ സാമ്യം ഉള്ള കഥയാണ് 1994 ല്‍ പുറത്തിറങ്ങിയ എം ടി തിരക്കഥ എഴുതി മമ്മൂട്ടി നായകനായ സുകൃതം സിനിമ.
മരണത്തിന് മനോഹാരിതയും കാല്‍പ്പനികതയും ഉണ്ടെന്ന് ചിത്രീകരിച്ച സുകൃതം സിനിമയ്ക്ക് രാജ്യാന്തര മേളയിലടക്കം 42 അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. 1994 ല്‍ സിനിമ റിലീസായപ്പോള്‍ തന്നെ ആനിയമ്മ ജോസഫിന്റെ സഹപ്രവര്‍ത്തകര്‍ തന്റെ നോവലുമായി കഥയ്ക്കുള്ള സാമ്യം പറഞ്ഞിരുന്നു. സിനിമയിലെ സംഭാഷണങ്ങള്‍ പോലും നോവലിലെ സംഭാഷണങ്ങളുമായി സാമ്യം ഉണ്ടെന്ന് അന്നുതന്നെ ആനിയമ്മയുടെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ ഈ സംഭവം വിവാദമാക്കാന്‍ സുഹൃത്തുക്കള്‍ പറഞ്ഞതാണ്. എന്നാല്‍ എം ടി തന്റെ പ്രിയപ്പെട്ട എഴുത്തുകാരനായതിനാലും താന്‍ സാഹിത്യത്തില്‍ തുടക്കക്കാരിയായതിനാലും ഒന്നിനും മുതിര്‍ന്നില്ല.
എന്‍ വി കൃഷ്ണവാര്യര്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, കെ ജയകുമാര്‍ എന്നിവരായിരുന്നു അന്ന് ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്നത്. 1985 ല്‍ കോട്ടയം ഡി സി ബുക്ക്‌സിന്റെ വാര്‍ഷികത്തില്‍ മാമന്‍ മാപ്പിള ഹാളിലാണ് ആനിയമ്മ ജോസഫിന് ഈ നോവലിനുള്ള അവാര്‍ഡും ലഭിച്ചത്. അവാര്‍ഡ് സമ്മാനിച്ചത് തകഴി ശിവശങ്കരപിള്ളയാണ്. വൈക്കം മുഹമ്മദ് ബഷീറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുകൃതം സിനിമ ഇറങ്ങിയ ശേഷം ഡി സി കിഴക്കേമുറിയോട് ആനിയമ്മ ഈ കാര്യം ബോധിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതുമായി അന്ന് മുന്നോട്ട് പോയില്ല. കുറച്ച് നാളിനു മുമ്പ് ആനിയമ്മ ജോസഫിന്റെ മകള്‍ സിനിമ വെബ്‌സൈസൈറ്റി ചര്‍ച്ചാവേളയില്‍  ഈ സംഭവം അവതരിപ്പിച്ചിരുന്നു. അപ്പോഴാണ് ചലച്ചിത്ര താരം നരേന്ദ്രപ്രസാദ് വഴിയാണ് സിനിമയ്ക്ക് കഥ ലഭിച്ചതെന്ന് വ്യക്തമായത്. 1990-91 കാലഘട്ടങ്ങളില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ആനിയമ്മ ജോസഫിന്റെ അധ്യാപകനും അവിടുത്തെ ഡയറക്ടറുമായിരുന്നു പ്രൊഫ. നരേന്ദ്രപ്രസാദ്. അന്ന് നരേന്ദ്രപ്രസാദിന് വായിക്കുവാന്‍ ആനിയമ്മ തനിക്ക് അവാര്‍ഡ് ലഭിച്ച ‘ഈ തുരുത്തില്‍ ഞാന്‍ തനിയെ’ എന്ന നോവല്‍ കൊടുത്തിരുന്നു. സുകൃതം സിനിമയില്‍ നരേന്ദ്രപ്രസാദും അഭിനയിച്ചിരുന്നു. തന്റെ അടുപ്പകാര്‍ക്കെല്ലാം ഈ വിവരം അറിയാമെങ്കിലും ഡോ. ആനിയമ്മ ജോസഫിന് പരാതിയുമായി പോകുവാന്‍ മടിയായിരുന്നു. എന്നാല്‍ രണ്ടാമൂഴം സിനിമയാക്കുന്നതില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കരാര്‍ വ്യവസ്ഥ പാലിച്ചില്ലെന്ന് കാണിച്ച് എം ടി തടസഹര്‍ജി നല്‍കിയതറിഞ്ഞപ്പോഴാണ് അക്ഷര സ്ത്രീ ദി ലിറ്റററി വുമന്‍ പ്രസിഡന്‍റ് കൂടിയായ താന്‍ പ്രതികരിക്കുന്നതെന്ന് ജനയുഗത്തോട് പറഞ്ഞു.