Thursday
24 Jan 2019

വേനല്‍ക്കാല പരിചരണം കന്നുകാലികള്‍ക്ക്

By: Web Desk | Friday 16 March 2018 10:38 PM IST

വേനല്‍ക്കാലത്തെ കൂടിയ ചൂട് കന്നു കാലികളില്‍ ഉണ്ടാക്കുന്ന ശാരീരിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി കര്‍ഷകര്‍ അവശ്യം കൈക്കൊള്ളുന്ന കരുതല്‍ നടപടികളെക്കുറിച്ചുള്ള വിവരണങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
1. മേച്ചില്‍ സ്ഥലങ്ങളിലും തൊഴുത്തിലും ശുദ്ധമായ കുടിവെള്ളം ധാരാളമായി ലഭ്യമാക്കണം. താനെ പ്രവര്‍ത്തിക്കുന്ന കുടിവെള്ള സംവിധാനം നിര്‍ബന്ധമായും തൊഴുത്തില്‍ ഒരുക്കേണ്ടതാണ്. സൂര്യതാപംമൂലം ജലസംഭരണികളിലെ വെള്ളം ചൂടാവാതിരിക്കാനും ശ്രമിക്കുക.
2. കന്നുകാലികള്‍ക്ക് അപകടകാരികളായ സൂര്യവികിരിണങ്ങള്‍ ഏല്‍ക്കാതിരിക്കാന്‍ കാലത്ത് ഒന്‍പത് മണിക്ക് മുമ്പോ, വൈക് നാല് മണിക്കുശേഷമോ മാത്രമേ മേയാന്‍ അനുവദിക്കാവൂ. അതില്‍തന്നെ വൈകീട്ട് മേയാന്‍ വിടുന്നതാണ് കൂടുതല്‍ നല്ലത്.
കാരണം പുല്ലിന്റെ ദഹനപ്രക്രിയ ശരീരത്തിലെ ചൂട് കൂട്ടും. അത് താരതമ്യേന ചൂട് കുറഞ്ഞ രാത്രികാലങ്ങളിലായാല്‍ പശുവിന് അതുവഴിയുള്ള ശാരീരിക സമ്മര്‍ദ്ദം കുറയാന്‍ ഇടയുണ്ട്.
3. തൊഴുത്തില്‍ വായുസഞ്ചാരം കൂട്ടുന്നതിന് വശങ്ങള്‍ തുറന്നുവയ്ക്കുന്നതും പറ്റുമെങ്കില്‍ മേല്‍ക്കൂ രയുടെ ഉയരം കൂട്ടുന്നതും നല്ലതാണ്. നേരിട്ട് സൂര്യപ്രകാശം തൊഴുത്തിനുള്ളില്‍ വീഴാതിരിക്കാന്‍ മേല്‍ക്കൂരയുടെ ചായ്‌വ് മൂന്ന് മുതല്‍ അഞ്ചു അടിവരെ നീട്ടിക്കൊടുക്കാവുന്നതാണ്.
4. കന്നുകാലികളുടെ ശാരീരിക ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടുമ്പോള്‍ ഏകദേശം ഒരു കിലോഗ്രാംവരെ തീറ്റയെടുക്കുന്നതില്‍ കുറവ് വരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഈ അവസരങ്ങളില്‍ ഗുണമേന്മകൂടിയ തീറ്റ നല്‍കുന്നതിനും മുന്തിയ മാംസ്യ സ്രോതസുകള്‍ (ബൈപാസ്സ് പ്രോട്ടീനുകള്‍ പോലുള്ള) തീറ്റയില്‍ ഉള്‍പ്പെടുത്തുവാനും ശ്രമിക്കുക.
5. മൃഗങ്ങളില്‍ ചൂടുകാലത്തുള്ള ശാരീരിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വിറ്റാമിന്‍ സി, ഇ എന്നിവയ്ക്ക് കഴിയുന്നതായി വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനങ്ങളില്‍ കെണ്ടത്തിയിട്ടുണ്ട്. അതുകൊണ്ട് വിറ്റാമിന്‍ ധാതുമിശ്രിതം നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ നിത്യേന നല്‍കുക.
6. പുല്ലിന്റെ ദൗര്‍ലഭ്യം ഉള്ളപ്പോള്‍ അധികമായി കഞ്ഞി നല്‍കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട.്. അത് ആശ്വാസ്യമല്ല. ആമാശയത്തിന്റെ അളവു വര്‍ദ്ധിക്കുവാനും, ആരോഗ്യസ്ഥിതി മോശമാക്കുവാനും ഉല്‍പാദനം കുറയുവാനും ഇതു വഴിവയ്ക്കും.
7. വയറ്റിലുണ്ടാകുന്ന അധിക അമ്ലതയും ദഹനക്കേടും ഒരു വേനല്‍ക്കാല പ്രശ്‌നമായതിനാല്‍ അത് ഒഴിവാക്കുവാനായി 30 ഗ്രാം സോഡാപ്പൊടി, ഒരു ടീസ്പൂണ്‍ യീസ്റ്റ് കുതിര്‍ത്തത് എന്നിവ തീറ്റയില്‍ ചേര്‍ത്ത് ദിവസവും നല്‍കുക.
തൊഴുത്തില്‍ പശുക്കളുടെ പുറത്ത് വെള്ളം വീഴാവുന്ന രീതിയില്‍ ഷവറുകള്‍ ഘടിപ്പിക്കുകയും ചൂട് കൂടുന്ന സമയത്ത് (ഒന്‍പത് മുതല്‍ മന്നു മണിവരെ) അര മിനിറ്റുനേരം ഒരു മണിക്കൂര്‍ ഇടവിട്ട് വെള്ളം തുറന്നിടുന്നത് ഏറെ ഗുണം ചെയ്യും. അന്തരീക്ഷത്തിലെ ഈര്‍പ്പം (ആര്‍ദ്രത) കൂടിയ നേരങ്ങളില്‍ അതായത് മഴക്കാറുള്ള ദിവസങ്ങളിലും, ചൂട് കുറഞ്ഞ കാലത്തും വൈകീട്ടും ഇത് ചെയ്യാന്‍ പാടുള്ളതല്ല.
8. തൊഴുത്തുകള്‍ തണലുള്ളിടത്ത് കിഴക്കുപടിഞ്ഞാറേ ദിശയില്‍ പണിയുന്നതാണ് ഉത്തമം. മേല്‍ക്കൂ രയില്‍ ചൂടിന്റെ ആഗിരണം കുറയ്ക്കാന്‍ ഓല, വൈക്കോല്‍, ചാക്ക് എന്നിവ ഇടുന്നതും, ഉച്ചനേരങ്ങ ളില്‍ ഇടയ്ക്കിടെ നനച്ചു കൊടുക്കുന്നതും നല്ലതാണ്.
തൊഴുത്തിനു ചുറ്റുമുള്ള മുറ്റം പച്ചപ്പുള്ളതാവാന്‍ ശ്രമിക്കുക.
9. ചൂട് കാലത്ത് അതിരാവിലെ കറവയ്ക്കു മുമ്പും, രാത്രി ഏഴ് മണിയ്ക്ക് ശേഷവും കാലിത്തീറ്റ (ഖരാഹാരം) നല്‍കുന്നതാണ് ഉത്തമം.
10. തൊലിപ്പുറമേയുള്ള പരാദങ്ങള്‍ക്കെതിരെ മരുന്നുകള്‍ പ്രയോഗിക്കുകയും പനി, വിറയല്‍, തീറ്റ യെടുക്കുന്നതിനുള്ള മടി, മൂത്രത്തിന്റെ തവിട്ടു നിറം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായം തേടണം.
11. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയാന്‍ ഇടയുള്ള ഈ കാലഘട്ടങ്ങളില്‍ പ്രതിരോധ കുത്തി വെപ്പുകളും, ചാണക പരിശോധന നടത്തി വിരമരുന്നുകളും ആവശ്യാനുസരണം നല്‍കണം.
12. പ്രതിരോധ കുത്തിവെപ്പുകള്‍ ആവുന്നത്ര വൈകുന്നേരങ്ങളില്‍ എടുക്കാന്‍ ശ്രമിക്കുക. പനിയുണ്ടെങ്കില്‍ തൊഴുത്തിനുള്ളിലോ തണലുള്ളിടത്തോ പനി മാറുന്നതുവരെ വിശ്രമിക്കാനുള്ള സൗകര്യം നല്‍കണം.
13. ബീജസങ്കലനത്തിന് മുമ്പും ശേഷവും പശുവിനെ തണലില്‍ നിര്‍ത്തുകയും ശരീരം നനച്ച് കൊടുക്കുകയും വേണം.

Related News