Thursday
24 Jan 2019

വേനല്‍മഴയില്‍ മറയുന്ന വേനല്‍ക്കാഴ്ചകള്‍

By: Web Desk | Monday 14 May 2018 10:42 PM IST

സി സുശാന്ത്

വീണ്ടുമൊരു വേനല്‍ക്കാലം കടന്നുപോകുകയാണ്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൊടിയ വരള്‍ച്ച സമ്മാനിക്കാതെ. എന്നാല്‍ കൊടിയചൂടും വരണ്ടതും ദാഹാര്‍ത്തവുമായ ദിനങ്ങള്‍ നല്‍കിക്കൊണ്ടാണ് വേനല്‍മഴയ്ക്ക് വഴിമാറികൊടുത്തുകൊണ്ട് വേനല്‍ക്കാലം കടന്നുപോകുന്നത്.
പ്രകൃതിനിരീക്ഷകനെ സംബന്ധിച്ച് എല്ലാക്കാലവും പ്രാധാന്യമേറിയതാണ്. ഓരോ കാലത്തും എന്തെങ്കിലും അപൂര്‍വ പ്രകൃതിദൃശ്യങ്ങള്‍ പ്രകൃതിനിരീക്ഷകനുവേണ്ടി പ്രകൃതി കരുതിവച്ചിട്ടുണ്ടാകും. വേനല്‍ക്കാലം ആരംഭിക്കുന്നതോടെ ദേശാടനപ്പക്ഷികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു. സ്ഥിരവാസികളായ പക്ഷികള്‍ മാത്രം ഇവിടെ അവശേഷിക്കുന്നു. വേനല്‍ക്കാലം അവയ്ക്ക് വളരെ തിരക്കേറിയ കാലമാണ്. ഇടവപ്പാതിക്ക് മുമ്പ് കൂടൊരുക്കി കുഞ്ഞുങ്ങളെ പറക്കമുറ്റാറാക്കുവാനുള്ള തത്രപ്പാടിലായിരിക്കും സ്ഥിരവാസികളായ പക്ഷികള്‍.
നമ്മുടെ വീട്ടുവളപ്പില്‍ നിന്നുതന്നെ ഈ കൂടൊരുക്കല്‍ നിരീക്ഷിക്കാം. നമ്മുടെ വളപ്പുകളില്‍ പതിവായി കാണുന്ന പച്ചയും തവിട്ടും വര്‍ണമണിഞ്ഞ പച്ചിലക്കുടുക്കയെന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ചിന്നക്കുട്ടുറുവന്‍ വേനല്‍ക്കാലം ആരംഭിക്കുന്നതോടെ ആണ്‍പക്ഷികള്‍ സദാസമയവും വൃക്ഷചാര്‍ത്തിലിരുന്ന് പകല്‍ മുഴുവന്‍ കുട്രൂ… കുട്രൂ… കുട്രൂ… എന്ന് ശബ്ദമുണ്ടാക്കി തങ്ങളുടെ കൂടിന് അതിര് തീര്‍ക്കുന്നു. ജീര്‍ണിച്ച മരക്കൊമ്പുകളില്‍ ചെറുപൊത്ത് തുരന്ന് ഇവ കൂടുതീര്‍ക്കുന്നു. പൊത്തിനുള്ളില്‍ പറക്കമുറ്റാറാകുമ്പോള്‍ കുഞ്ഞുപക്ഷികള്‍ തല പുറത്തേയ്ക്കിട്ട് പുറംലോകം നിരീക്ഷിക്കുന്ന കാഴ്ച പക്ഷിനിരീക്ഷകര്‍ക്ക് കൗതുകവും ആനന്ദവും ഉണര്‍ത്തുന്ന കാഴ്ചയാണ്. മണ്ണാത്തിപ്പുള്ള്, മൈന, ഓലേഞ്ഞാലി, ഉപ്പന്‍, ഇരട്ടത്തലച്ചി ബുള്‍ബുള്‍, മരങ്കൊത്തി, കാക്ക, തേന്‍കിളികള്‍, ഇത്തിക്കണ്ണിക്കുരുവി എന്നിവയാണ് വീട്ടുവളപ്പില്‍ കൂടുകെട്ടുന്ന മറ്റു പക്ഷികള്‍. മണ്ണാത്തിപ്പുള്ള്, നാട്ടുമൈന, മരങ്കൊത്തി എന്നിവ മരപ്പൊത്തിലാണ് കൂടുകെട്ടുന്നത്. ഉപ്പനാകട്ടെ തെങ്ങിന്‍ പൂക്കുലകള്‍ക്കിടയിലും പൊന്തയിലും ഫുട്‌ബോളിന്റെ ആകൃതിയിലുള്ള ഓലനാരുകളാല്‍ കൂട് ഗോപ്യമായി തീര്‍ക്കുന്നു. കൂട്ടിലേയ്ക്ക് പതിവായുള്ള പോക്കും വരവും കൊണ്ടാണ് കൂടുണ്ടെന്ന് നാം കണ്ടെത്തുന്നത്.
ഓലേഞ്ഞാലി ഇത്തിള്‍പടര്‍പ്പിനുള്ളിലും വള്ളിപടര്‍പ്പുകള്‍ക്കുള്ളിലും ഇലമറഞ്ഞുനില്‍ക്കുന്ന വൃക്ഷശിഖരങ്ങളിലും ചെറു മുള്ളുകളുള്ള ചുള്ളികളും നാരുകളും ചേര്‍ത്ത് ചെറുകോപ്പയുടെ ആകൃതിയിലുള്ള മറഞ്ഞുകിടക്കുന്ന കൂടുതീര്‍ക്കുന്നു. ഇരട്ടത്തലച്ചി ബുള്‍ബുളിന് ശത്രുക്കളേയും വിശ്വാസമാണെന്ന മട്ടില്‍ അത്ര രഹസ്യമായിട്ടൊന്നുമല്ല കൂട് തീര്‍ക്കുന്നത്. വീട്ടുവളപ്പിലെ പൂന്തോട്ടങ്ങളിലെ അലങ്കാര ചെടിക്കൂട്ടത്തിനിടയില്‍ മൃദുവായ നേര്‍ത്ത നാരുകളാല്‍ തീര്‍ത്ത കോപ്പയുടെ ആകൃതിയിലുള്ള കൂട് അത്ര മറഞ്ഞൊന്നുമല്ല കിടക്കുന്നത്. ഇവയുടെ കൂട്ടിലേക്കുള്ള ഉദാസീനമായ വരവും പോക്കും കണ്ടെത്തി ഉപ്പന്‍, ഓലേഞ്ഞാലി, കാക്ക, പൂച്ച എന്നിവ മുട്ടയേയും കുഞ്ഞിനേയും ഭക്ഷിക്കുന്നു. ഒരു കൂടുകെട്ടല്‍ക്കാലത്ത് കൂട് നഷ്ടപ്പെടുന്നതുകാരണം രണ്ടിലേറെ തവണ ഇരട്ടത്തലച്ചിക്ക് കൂട് തീര്‍ക്കേണ്ടതായി വരുന്നു. തേന്‍കുരുവികള്‍ / സൂചിമുഖികള്‍ വീട്ടിനടുത്തുതന്നെയുള്ള വള്ളിപ്പടര്‍പ്പില്‍ ചിലന്തിവലയില്‍ ഞാന്നുകിടക്കുന്ന നാരുകളോ, കരിയിലകളോ എന്ന് തോന്നിപ്പിക്കുന്നതരത്തിലാണ് കൂടുണ്ടാക്കുന്നത്. കൂടിന്റെ പ്രവേശനകവാടത്തിനു മുകളില്‍ സണ്‍ഷെയ്ഡിനെ അനുസ്മരിക്കുമാറ് ചെറുതട്ടുണ്ടാകും. മഞ്ഞ തേന്‍കിളി, കറുപ്പന്‍ തേന്‍കിളി, കൊക്കന്‍ തേന്‍കിളി എന്നിവയാണ് വീട്ടുവളപ്പില്‍ കൂടുതീര്‍ക്കുക.
കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിയായ ചെങ്കൊക്കന്‍ ഇത്തിക്കണ്ണിക്കുരുവി വീട്ടുവളപ്പിലെ ഇത്തിക്കണ്ണിക്കൂട്ടത്തിലും വള്ളിപ്പടര്‍പ്പിലും അപ്പൂപ്പന്‍ താടിയും ചെറുനാരുകളും കൊണ്ട് ഞാന്നുകിടക്കുന്ന ചെറുകൂട് തീര്‍ക്കുന്നു. കുഞ്ഞുകൂടുവിട്ടാലും ഇത്തിക്കണ്ണിക്കുരുവി കുഞ്ഞിനെ തീറ്റുന്നു. പക്ഷികളിലെ തുന്നല്‍ക്കാരന്‍ എന്നു പേരുകേട്ട തുന്നാരനാകട്ടെ ഇലകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കുന്ന കൂട്ടിലാണ് മുട്ടയിടുക. ഇലകള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന കൂടിലേയ്ക്കുള്ള സഞ്ചാരം അതീവ അതിഗോപ്യമായിട്ടായിരിക്കും.
വീട്ടുവളപ്പില്‍ നിന്നും തണ്ണീര്‍ത്തടങ്ങളിലേക്ക് യാത്രയായാല്‍ കാണുക തെങ്ങോലകളില്‍ ഞാന്നുകിടന്നാടുന്ന കൂടുകള്‍ തീര്‍ക്കുന്ന തൂക്കണാംകുരുവികളെയാകും. നേര്‍ത്തനാരുകള്‍ കൊക്കും കാലും കൊണ്ട് അതിവിദഗ്ധമായി നെയ്‌തെടുക്കുന്ന കൂടുകള്‍ പ്രകൃതിയിലെ അത്ഭുതമായി അവശേഷിക്കുന്നു. കായലാറ്റ, ചുട്ടിയാറ്റ, ആറ്റച്ചെമ്പന്‍ എന്നിവയും ഇക്കാലങ്ങളില്‍ കൂടുതീര്‍ക്കുന്നു. ചെറുവൃക്ഷശിഖരങ്ങളിലെ കവണയില്‍ നാരുകള്‍കൊണ്ട് തൊട്ടില്‍ക്കൂടു തീര്‍ക്കുന്നു കത്രികവാലുള്ള ആനറാഞ്ചി. വയലേലകളിലെ നെല്‍ച്ചെടികളില്‍ നാരുകള്‍കൊണ്ട് പോതപ്പൊട്ടന്‍ കൂടു തീര്‍ക്കുന്നു. വയല്‍ക്കുരുവിയാകട്ടെ ഇലകളും നാരുകളും ചേര്‍ത്ത് കൂടുതീര്‍ക്കുന്നു.
പക്ഷിനിരീക്ഷകരെ സംബന്ധിച്ചിടത്തോളം പക്ഷിക്കൂടുകളിലെ കാഴ്ചകള്‍ നിരീക്ഷിക്കുക എന്നത് പറഞ്ഞറിയിക്കുവാനാകാത്ത സന്തോഷം നല്‍കുന്ന ഒന്നാണ്. എന്നാല്‍ നിരീക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കൂടിന്റെ ഉടമസ്ഥര്‍ക്കോ കുഞ്ഞുങ്ങള്‍ക്കോ നമ്മുടെ നിരീക്ഷണം മൂലം യാതൊരു അപകടവും പറ്റരുതെന്നാണ്. വളരെ മുന്‍കരുതലോടെയേ പക്ഷിക്കൂടുകള്‍ നിരീക്ഷിക്കാവു. ശത്രുപക്ഷികളും ഇരപിടിയന്മാരും മുട്ടയേയും കുഞ്ഞിനേയും കശാപ്പുചെയ്യാന്‍ തക്കംപാര്‍ത്തുനടക്കുന്നുണ്ടാകും. ആയതിനാല്‍ കൂടിനടുത്തുചെന്ന് ഒരിക്കലും നിരീക്ഷിക്കരുത്. ദൂരെ നിന്നേ നിരീക്ഷിക്കുവാന്‍ പാടുള്ളൂ. അധികസമയം കൂടിനടുത്ത് ചിലവിടാനും പാടില്ല. മുട്ടയേയോ കുഞ്ഞിനെയോ കൂട്ടില്‍ നിന്നും പുറത്തെടുത്ത് നോക്കുകയുമരുത്.
വേനല്‍ക്കാലം പ്രകൃതിനിരീക്ഷകര്‍ക്ക് പ്രകൃതിവിസ്മയക്കാഴ്ചകള്‍ ഒരുക്കുന്ന കാലമാണ്. വേനല്‍ക്കാലത്ത് കാട്ടുപുഴയോരത്തുകൂടി സഞ്ചരിച്ചാല്‍ വേനല്‍ചൂടില്‍ ദാഹമകറ്റുവാനെന്നവണ്ണം പുഴയോരത്തെ നനഞ്ഞ മണ്ണില്‍ നിന്നും ജലം നുകരുവാനായി ഒത്തുകൂടുന്ന ആയിരക്കണക്കിന് ചിത്രശലഭങ്ങളെ കാണുവാന്‍ കഴിയും. നാം നടന്നുനീങ്ങുമ്പോള്‍ കാല്‍ച്ചുവട്ടില്‍ നിന്നും ഒരു സ്വപ്‌നലോകത്തിലെന്നപോലെ പറന്നുയരുന്ന നൂറുകണക്കിന് ചിത്രശലഭങ്ങളുടെ കാഴ്ച വിസ്മയാതീതമാണ്. ഇത്തരം വിസ്മയക്കാഴ്ചകളാണ് നമ്മെ വീണ്ടും പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്തുന്നത്.
വേനല്‍ക്കാലം കടന്നുപോകുകയാണ്… വേനല്‍ക്കാഴ്ചകളും. വേനല്‍ മഴയ്ക്ക് വഴിമാറുന്നു വേനല്‍ കാഴ്ചകള്‍. വേനല്‍മഴ കാടിനേയും നാടിനേയും നനയ്ക്കുകയാണ്. വേനല്‍ച്ചൂടില്‍ വെന്തുരുകിയ ഭൂമിക്ക് അല്‍പം ആശ്വാസമേകി വൈകുന്നേരങ്ങളില്‍ വേനല്‍മഴ തകര്‍ത്തുപെയ്യുന്നു. ഇടവപ്പാതിയും കുളിരണിയിക്കുവാന്‍ പിന്നാലെയെത്തുന്നു. മഴക്കാഴ്ചകളുമായി അപ്പോള്‍ തിരികെയെത്താം.