Wednesday
19 Sep 2018

വേനല്‍കടുത്തു: ആശ്വാസമേകാന്‍ തണ്ണിമത്തന്‍ എത്തിതുടങ്ങി

By: Web Desk | Tuesday 13 February 2018 9:01 PM IST

കോട്ടയം: വേനല്‍ ചൂടിന് ആശ്വാസമേകാന്‍ തണ്ണിമത്തന്‍ എത്തി തുടങ്ങി. കടുത്ത ചൂടില്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തണുത്ത പാനീയങ്ങളെ ആശ്രയിക്കുന്നത് പതിവാണ്. എന്നാല്‍ വരള്‍ച്ച രൂക്ഷമായതോടെ വഴിയോരങ്ങളിലെയും മറ്റും ശീതളപാനീയങ്ങള്‍ കുടിക്കുന്നത് പകര്‍ച്ച വ്യാധികള്‍ വിളിച്ചുവരുത്തുന്നതിന് തുല്യമാവുമെന്ന് പലരും ഭയക്കുന്നു. അതിനാല്‍ ഏറെ പേരും തണ്ണിമത്തന്‍ ഉള്‍പ്പെടെയുള്ളവയെ ആശ്രയിക്കുന്നത് പതിവായിക്കഴിഞ്ഞു.
ചൂടിന് ഏറെ ആശ്വാസം നേടാന്‍ ഉത്തമമായതിനാലാണ് തണ്ണിമത്തന് വേനല്‍ക്കാലത്ത് പ്രിയമേറുന്നത് . യാത്രക്കിടയില്‍ ക്ഷിണവും വിശപ്പും അടക്കാന്‍ തണ്ണി മത്തന്‍ ജൂസുകള്‍ക്ക് സാധിക്കുമെന്നതിനാല്‍ വഴിയോരങ്ങളില്‍ തണ്ണി മത്തന്‍ ജൂസ് വില്‍ക്കുന്ന കടകളും വേനല്‍ ആയതോടെ സജീവമായിരിക്കുകയാണ്. നിലവില്‍ കേരളത്തിലേക്ക് തണ്ണി മത്തന്‍ മുഖ്യമായും എത്തുന്നത് കര്‍ണ്ണാടകയില്‍ നിന്നാണ് .കേരളത്തില്‍ പാലക്കാടാണ് മുഖ്യമായും തണ്ണി മത്തന്‍ കൃഷി നടക്കുന്നത് .തമിഴ്‌നാട്ടില്‍ നിന്ന് കൂടി തണ്ണി മത്തന്‍ എത്തുന്നതോടെ വിലയില്‍ കുറവുണ്ടാവും എന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

നിലവില്‍ കിലോയ്ക്ക് 20 രൂപയാണ് വില. ചെറിയ തണ്ണിമത്തല്‍ ഒന്നര കിലോ മുതല്‍ ലഭിക്കുമെന്നതിനാല്‍ ഇതിനാണ് ആവശ്യക്കാര്‍ ഏറെയും. നിലവില്‍ ശക്തമായ ചൂടായതിനാല്‍ തണ്ണി മത്തന് ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു.വേനല്‍ കൂടുതല്‍ ശക്തമാവുന്നതോടെ തണ്ണി മത്തന്‍ വിപണി കൂടുതല്‍ സജീവമാവും എന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.