സോഷ്യലിസ്റ്റ് സൂര്യന് അസ്തമനമില്ല

എം എസ് രാജേന്ദ്രന്
ലോകത്താകമാനമുള്ള അദ്ധ്വാനിക്കുന്ന ജനതയുടെ ആശയും ആവേശവുമായ ഒക്ടോബര്‍ വിപ്ലവത്തിന് 100 വയസ് തികയുന്നു. 1917 ഒക്ടോബര്‍ 25ന് റഷ്യയിലെ തൊഴിലാളി-കര്‍ഷക-സൈനിക സഖ്യം സാര്‍ ചക്രവര്‍ത്തിയുടെ ഭരണം പൂര്‍ണമായി അവസാനിപ്പിച്ചതോടെ ഒരു പുതിയ സോഷ്യലിസ്റ്റ് യുഗം ഉദയം ചെയ്തു (റഷ്യയില്‍ നിലവിലുണ്ടായിരുന്ന പഴയ കലണ്ടര്‍ പ്രകാരമാണ് ഒക്ടോബര്‍ 25 വിപ്ലവദിനമായി ലോകമെങ്ങും ആഘോഷിക്കുന്നതും ഒക്ടോബര്‍ വിപ്ലവമെന്ന് അതിനെ വിളിക്കുന്നതും. പുതിയ കലണ്ടര്‍ പ്രകാരം ആ തീയതി നവംബര്‍ ഏഴാണ്).
ഇത്ര അക്രമരഹിതമായ ഒരു വിപ്ളവം ലോകത്തില്‍ മറ്റെവിടെയും നടന്നിട്ടില്ല എന്നാണ് വിപ്ളവത്തിന്റെ നേതൃത്വം ഏറ്റെടുത്ത ലെനിന് അന്നുതന്നെ പറഞ്ഞത്. നൂറു ശതമാനം ജനകീയമായൊരു പോരാട്ടമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. കാരണം തൊഴിലാളികളും കൃഷിക്കാരും പട്ടാളവും ഭരണത്തിന്റെ സിരാകേന്ദ്രമായ വിന്റര്‍ പാലസിലേക്ക് തള്ളിക്കയറുകയും ഭരണകര്‍ത്താക്കളെ അടിച്ച് പുറത്താക്കുകയുമാണ് ഉണ്ടായത്.
അതില്‍ പങ്കെടുത്ത സൈനികര്‍ക്ക് ഒരു വെടിപോലും പൊട്ടിക്കേണ്ടി വന്നില്ല. അത്രക്ക് അനായാസമായാണ് ആ ജനകീയ കൂട്ടായ്മ ഭരണം പിടിച്ചെടുത്തത്. ഭരണം പിടിച്ചെടുക്കല്‍ ഒരു കുട്ടിക്കളിപോലെ അത്രയ്ക്ക് എളുപ്പമായിരുന്നെങ്കിലും തുടര്‍ന്നുള്ള കാലമാണ് ദുഷ്കരമാകാന്‍ പോകുന്നതെന്ന് ലെനിന് അന്നേ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. റഷ്യ മുതലാളിത്ത ശൃംഖലയിലെ ഏറ്റവും ദുര്‍ബലമായ ഒരു കണ്ണിയായിരുന്നതുകൊണ്ടാണ് അവിടെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ളവം നടന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലായിരിക്കും വിപ്ളവം പൊട്ടിപ്പുറപ്പെടുക എന്നായിരുന്നു പഴയ ധാരണ.
ഒക്ടോബര്‍ വിപ്ളവത്തിനുശേഷം റഷ്യയില്‍ പൊട്ടിപ്പോയ ദുര്‍ബലമായ മുതലാളിത്ത കണ്ണി വിളക്കിച്ചേര്‍ക്കാന്‍ യൂറോപ്പിലെ പതിനാല് രാജ്യങ്ങളാണ് അമേരിക്കയുടെ നേതൃത്വത്തില്‍ കൈകോര്‍ത്തു പിടിച്ചത്. റഷ്യയിലെ ഭൂമിയും വ്യവസായങ്ങളും നഷ്ടപ്പെട്ട ജന്മിമാരുടേയും മുതലാളിമാരുടേയും നേതൃത്വത്തില്‍ ആഭ്യന്തര പ്രതിവിപ്ളവകാരികള് രംഗത്തിറങ്ങിയപ്പോള്‍ അവര്‍ക്ക് പിന്തുണയുമായി വിദേശ ഇടങ്കോലുകാര് സൈനികമായിതന്നെ അവര്‍ക്കൊപ്പം നിന്നു.
നാലു കൊല്ലത്തിനു ശേഷം 1922-ല്‍ മാത്രമാണ് സര്‍ഗാത്മകമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സോവിയറ്റ് റഷ്യക്ക് കഴിഞ്ഞത്. വിപ്ളവത്തിന്റെ തൊട്ടടുത്ത ദിവസംതന്നെ ജന്മി നാടുവാഴികളുടെ ഭൂമി കര്‍ഷകര്‍ക്കായി വീതിച്ചു നല്‍കുകയും ജര്‍മ്മനിയുമായുള്ള യുദ്ധം അവസാനിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള രണ്ട് അടിസ്ഥാന ഡിക്രികള്‍ ലെനിന്റെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ദേശസാല്‍ക്കരിക്കപ്പെട്ട വ്യവസായങ്ങള്‍ തൊഴിലാളികളുടേയും ട്രേഡ് യൂണിയന്റേയും നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള തൊഴിലാളിവര്‍ഗ ഭരണത്തെ മറിച്ചിടാന്‍ വിദേശ പട്ടാളങ്ങളും നാടന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരും കൈകോര്‍ത്തിരിക്കുകയാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് തൊഴിലാളികളും പണിയെടുക്കുന്ന മറ്റ് ജനസാമാന്യവും പ്രതിവിപ്ളവകാരികളെ അടിച്ചൊതുക്കാന്‍ ഒന്നിച്ചുള്ള ഒരു പോരാട്ടത്തിലേക്ക് എടുത്തു ചാടിയത്. പട്ടിണിയും ഇല്ലായ്മകളും തൃണവല്‍ഗണിച്ചുകൊണ്ടുള്ള ഒരു ജീവന്മരണ പോരാട്ടമായിരുന്നു അവരുടേത്.
ലോകമെങ്ങുമുള്ള പല മഹാന്മാരും ഒക്ടോബര്‍ വിപ്ളവത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തിരുന്നു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷമുള്ള ഏറ്റവും സുപ്രധാന സംഭവമെന്ന് പ്രസിദ്ധ ചരിത്രകാരനായ എച്ച് ജി വെല്‍സ് റഷ്യന്‍ വിപ്ളവത്തെ വിശേഷിപ്പിച്ചപ്പോള്‍ റോമാ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷമുള്ള മഹാസംഭവം എന്നാണ് റോമന്‍ കത്തോലിക്കാ സഭയുടെ പ്രൊഫസറായ ഡോ. വാര്‍ഷിന് അതേപ്പറ്റി പറയാനുണ്ടായിരുന്നത്. ക്രിസ്തുവിനു ശേഷമുള്ള ഏറ്റവും പ്രധാന സംഭവം എന്നാണ് ഒരു പടികൂടി കടന്ന് ഇംഗ്ളണ്ടിലെ
രാഷ്ട്രമീമാംസാ (പോളിറ്റിക്സ്) പ്രൊഫസറായിരുന്ന ഹാരോള്‍ഡ് ലാസ്കിക്ക് പറയാനുണ്ടായിരുന്നത്.
ഒരു വന്‍ശക്തി എന്ന നിലയ്ക്കുള്ള സോവിയറ്റ് യൂണിയന്റെ വളര്‍ച്ചയാണ് നൂറ്റാണ്ടുകളായി ഏഷ്യയിലും ആഫ്രിക്കയിലും നിലനിന്നിരുന്ന കൊളോണിയലിസത്തെ ഉന്മൂലനം ചെയ്തതെന്ന പ്രസ്താവനയെ ചില നവലിബറലുകള്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ആ യാഥാര്‍ത്ഥ്യം കണ്ണടച്ച് ഇരുട്ടാക്കാന്‍ ആര്‍ക്കും കഴിയില്ല. രണ്ടാം ലോക മഹായുദ്ധത്തില്‍ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന് ഏതാണ്ട് ഒറ്റയ്ക്കാണ് ഫാസിസ്റ്റ് ജര്‍മ്മനിയെ കെട്ടുകെട്ടിച്ചത് എന്ന് പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. ബ്രിട്ടന് ഒഴിച്ചുള്ള യൂറോപ്പ് മുഴുവന്‍ ഹിറ്റ്ലറുടെ മുന്നില്‍ മുട്ടുകുത്തിയ സാഹചര്യത്തില്‍ അമേരിക്കക്ക് മാത്രമാണ് ആ ഹിറ്റ്ലര്‍ വിരുദ്ധ പോരാട്ടത്തില്‍ സഹായിക്കാന്‍ കഴിയുമായിരുന്നത്.
എന്നാല്‍ സോവിയറ്റ് യൂണിയന് ഹിറ്റ്ലറുടെ പിടിയിലായാലും കമ്മ്യൂണിസം നശിക്കുമെങ്കില് അത് നടക്കട്ടെ എന്ന മട്ടിലാണ് ഒരു പുതിയ സമരമുഖം തുറക്കാനുള്ള സോവിയറ്റ് യൂണിയന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കേട്ടതായിപോലും ഭാവിക്കാതെ അമേരിക്ക ഒരുതരം നിസ്സംഗത പാലിച്ചത്. എന്നാല്‍ പരസഹായം കൂടാതെ തന്നെ സ്റ്റാലിന്റെ റഷ്യ ജര്‍മ്മനിയെ കെട്ടുകെട്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ മാത്രമാണ് അമേരിക്ക ഇംഗ്ളണ്ടില്‍ നിന്ന് ഫ്രാന്‍സ് വഴി ജര്‍മ്മനിക്കെതിരായ ഒരു യുദ്ധ മുന്നണി തുറക്കാന്‍ തയ്യാറായത്. പേള്ഹാര്ബറില് തമ്പടിച്ചിരുന്ന അമേരിക്കയുടെ കൂറ്റന്‍ പടക്കപ്പല്‍ സേനാ വ്യൂഹത്തെ ജപ്പാന് ബോംബ് ചെയ്ത് നശിപ്പിച്ചതും യുദ്ധത്തിലെ അനങ്ങാപ്പാറ നയം കൈവെടിയാന്‍ അമേരിക്കയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.
അതെന്തായാലും ഈ യുദ്ധത്തില്‍ സോവിയറ്റ് യൂണിയന് ഹിറ്റ്ലറുടെ കാല്ചുവട്ടില് ആയിരുന്നെങ്കില്‍ ലോകത്തിന്റെ പിന്നീടുള്ള സ്ഥിതി എന്താകുമായിരുന്നു എന്ന് അല്‍പ്പമൊന്ന് ആലോചിക്കാന്‍ മിനക്കെട്ടാല്‍ ആര്‍ക്കും സ്പഷ്ടമാകുന്ന ചിത്രം എത്ര പേടിപ്പെടുത്തുന്നതായിരിക്കും. ഹിറ്റ്ലറുടെ ജര്‍മ്മന്‍ സാമ്രാജ്യവും അമേരിക്കയുടെ ആധിപത്യവും പുലരുന്ന ഒരു ലോകത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കോളനികളുടെ സ്ഥിതി എന്താകുമായിരുന്നു എന്ന് കണ്ണുപൊട്ടന്മാര്‍ക്കുപോലും മനസ്സിലാകും. ഒക്ടോബര്‍ വിപ്ളവത്തില്‍ നിന്ന് ഉടലെടുത്ത സോവിയറ്റ് യൂണിയന്റെ ചരിത്രപരമായ പങ്കും അപ്പോള്‍ ആര്‍ക്കും ബോധ്യമാകും.
കോളനികളുടെ സ്വാതന്ത്ര്യത്തിന് മാത്രമല്ല സോഷ്യലിസ്റ്റ് സോവിയറ്റ് റഷ്യയുടെ ഹിറ്റ്ലര്‍ക്ക് എതിരായ യുദ്ധത്തിലെ വിജയം ഒരു കൈത്താങ്ങായത് എന്ന വസ്തുതയും വിസ്മരിക്കാവുന്നതല്ല. സ്വതന്ത്രമായതിനു ശേഷം ഒരു വ്യാവസായിക രാഷ്ട്രമായി മാറാന്‍ ഇന്ത്യയ്ക്ക് സോവിയറ്റ് യൂണിയന് നല്കിയ സഹായത്തെ വിലയിരുത്തണമെങ്കില്‍ സ്വന്തം നാടിന്റെ ഇല്ലായ്മകള്‍ക്കിടയിലും ഭിലായ്, ബൊക്കാറോ, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ സോവിയറ്റ് യൂണിയന് നിര്‍മ്മിച്ചുതന്ന പടുകൂറ്റന്‍ ഉരുക്കു മില്ലുകളിലേക്കും തെര്‍മ്മല്‍ പവര്‍ സ്റ്റേഷനുകളിലേക്കുംമറ്റും ഒന്ന് കണ്ണോടിച്ചാല്‍ മതി. അന്ന് ദശകോടികളുടെ മാത്രം ആസ്തി ഉണ്ടായിരുന്ന ടാറ്റക്കോ ബിര്‍ളക്കോ ഒന്നും ഒറ്റയ്ക്കോ കൂട്ടായോ അത്തരം ഭീമമായ പദ്ധതികള്‍ക്ക് പണം മുടക്കാന്‍ കഴിവുണ്ടായിരുന്നില്ല. ഇന്നത്തെ ലക്ഷം കോടിയുടെ ആസ്തിയുള്ള അംബാനിമാരുടെ വളര്‍ച്ചക്കുള്ള അടിത്തറ സോവിയറ്റ് യൂണിയന് നിര്‍മ്മിച്ചുതന്ന പ്രസ്തുത കമ്പനികളാണെന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാര്പോലും സമ്മതിക്കും.
അന്ന് വെറും രണ്ടര ശതമാനം പലിശക്കാണ് ഈ പദ്ധതികളുടെ നിര്‍മ്മാണച്ചെലവിനുള്ള മൂലധനം സോവിയറ്റ് യൂണിയന് നിക്ഷേപിച്ചത്. വിദേശ നാണയ ക്ഷാമത്തില്പെട്ട് ഇന്ത്യ കൈകാലിട്ടടിച്ചിരുന്ന അക്കാലത്ത് ഇന്ത്യന്‍ രൂപയായിതന്നെ ആ പണം മടക്കി നല്കിയാല് മതിയെന്ന വ്യവസ്ഥ എത്ര ജീവല്പ്രധാനമായിരുന്നുവെന്ന് ഏത് സാമ്പത്തിക വിദഗ്ധനും സമ്മതിക്കും.
ഇതേ സഹായം മറ്റു പല ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ലഭ്യമായിട്ടുണ്ടെന്ന വസ്തുത നമുക്ക് അനുസ്മരിക്കാനുണ്ട്. ആ രാജ്യങ്ങള്‍ക്ക് മികവുറ്റ ശാസ്ത്രജ്ഞരേയും സാങ്കേതിക വിദഗ്ധരേയും പഠിപ്പിച്ചു കൊടുക്കാനായി മോസ്കോയില്‍ സ്ഥാപിച്ച ലുമുംബ സര്‍വ്വകലാശാലയുടെ കാര്യവും എടുത്തു പറയത്തക്കതാണ്. യാതൊരു ഫീസും ഈടാക്കാതേയും ജീവിതച്ചെലവിനുള്ള സ്റ്റൈപ്പന്റ് നല്‍കിയുമാണ് ലുമുംബ സര്‍വ്വകലാശാല പ്രവര്‍ത്തിച്ചിരുന്നത്. ഒരു സോഷ്യലിസ്റ്റ് രാജ്യത്തിനു മാത്രം നല്കാന് കഴിയുന്ന സേവനമായിരുന്നു ലുമുംബ സര്‍വ്വകലാശാലയുടേത്.
അതുപോലെതന്നെ ബഹിരാകാശ ശാസ്ത്രത്തിന്റേയും ബഹിരാകാശ യാത്രക്കുള്ള വാഹനങ്ങളുടേയും വികസനത്തിന് അടിത്തറ പാകിയതും സോവിയറ്റ് യൂണിയന് ആണെന്ന വസ്തുത നമുക്ക് മറക്കാതിരിക്കാം. സ്പൂട്നിക് മുതല്‍ ഗഗാറിന്റെ ആദ്യ ബഹിരാകാശ യാത്ര സാധ്യമാക്കിയ സയൂസ് വരെയുള്ള യാനങ്ങള്‍ അന്ന് മറ്റൊരു രാജ്യത്തിനും ഉണ്ടായിരുന്നില്ല. അപ്രതിരോധ്യമായ ആ റോക്കറ്റുകള്‍ യുദ്ധാവശ്യത്തിന് ഉപയോഗിക്കുന്നതിനെപ്പറ്റി സോവിയറ്റ് യൂണിയന് ആലോചിച്ചിരുന്നു പോലുമില്ല. അമേരിക്കയും ആ രംഗത്ത് എത്തിയതോടെ ആണല്ലോ ”നക്ഷത്ര യുദ്ധം” (സ്റ്റാര്‍ വാര്) എന്ന പേരുതന്നെ ഉണ്ടായത്.
പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുടെയെല്ലാം ഉറ്റ സുഹൃത്തായിരുന്ന സോവിയറ്റ് യൂണിയന്‍് ചേരിചേരാ പ്രസ്ഥാനത്തിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു. ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയേയും സൗഹൃദദൃഷ്ടിയിലൂടെ മാത്രമാണ് അവര്‍ നോക്കിയിരുന്നത്. മര്‍ദ്ദനവും ചൂഷണവും ഇല്ലാത്ത ഒരു പുതിയ ലോകമായിരുന്നു സോഷ്യലിസത്തിന്റെ ആ ആദ്യസന്തതിയുടെ ഉന്നം. ഒരു രാജ്യവുമായും ഒരു തുറന്ന യുദ്ധത്തിന് സന്നദ്ധമാകാതിരുന്ന അവര്‍ക്ക് അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അമേരിക്കയുമായി ഏറ്റുമുട്ടേണ്ടിവന്നു.
ഇപ്രകാരം ദുര്‍ബല രാഷ്ട്രങ്ങളെ സഹായിക്കാന്‍ വിഭവശേഷിയുടെ നല്ലൊരു ഭാഗം അവര്‍ക്ക് നീക്കിവേക്കേണ്ടിവന്നു. തന്മൂലം സ്വന്തം ജനങ്ങള്‍ക്ക് ആവശ്യമായ ഉപഭോഗ വസ്തുക്കളുടെ സപ്ളൈ ക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോയത് ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി പടര്‍ന്നുപിടിക്കാന്‍ കാരണമായിട്ടുണ്ടാകണം.
അതുകൊണ്ടാണല്ലോ ഒക്ടോബര്‍ വിപ്ളവം വിജയിച്ചതിനുശേഷം വിദേശ ഇടങ്കോലിടലിനെ ചെറുത്തു തോല്‍പ്പിക്കാനും ഫാസിസ്റ്റ് ആക്രമണത്തെ തുരത്താനും കയ്യും മെയ്യും മറന്ന് പടവെട്ടിയ ജനത ഏഴ് പതിറ്റാണ്ടുകള്‍ക്കുശേഷം നുഴഞ്ഞു കയറ്റക്കാരെപ്പോലെ ആ വിപ്ളവത്തിന് പാരവെയ്ക്കാന്‍ ഇറങ്ങിയ ഗര്ബച്ചോവ്-യെല്ത്സിന്മാര്ക്ക് എതിരായി കാര്യമായ ഒരു പ്രതിഷേധത്തിനും തയ്യാറാകാതിരുന്നത്.
അങ്ങനെയാണ് പുതിയ ലോകത്തിന് മാതൃകയായും സ്ഥിതിസമത്വം കാംക്ഷിക്കുന്ന മാനവരാശിക്ക് പ്രചോദനമായും ദീര്‍ഘകാലം തലയുയര്‍ത്തി നിന്നിരുന്ന സോവിയറ്റ് റഷ്യ പതിനഞ്ച് കഷണങ്ങളായി ഛിന്നഭിന്നമാകാനും മുതലാളിത്തത്തിന്റെ ഒരു രണ്ടാമൂഴത്തിന് രാജ്യം നിന്നുകൊടുക്കാനും ഇടയായത്.
പക്ഷെ, അതുകൊണ്ട് സോവിയറ്റ് യൂണിയന് ഇല്ലാതായെങ്കിലും സോഷ്യലിസം ഇല്ലാതായെന്ന് ആരും മോഹിക്കേണ്ടതില്ല. കാരണം, സോഷ്യലിസം എന്നത് ഒരു സാമ്പത്തിക-സാമൂഹ്യ സംഘടനാ രൂപമാണ്. നാടുവാഴിത്തത്തിനു ശേഷം മാത്രം ഇടംകിട്ടിയ മുതലാളിത്തം നരവംശത്തിന്റെ ആദിയും അല്ല, അന്ത്യവുമല്ല. മുതലാളിത്തത്തിലേക്കുള്ള മാറ്റം നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയ ആയിരുന്നു. എന്നാല്‍ സോഷ്യലിസത്തിലേക്കുള്ള മാറ്റം അതുപോലെ സുഗമമായിരിക്കില്ല. ചൂഷകരായ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഇപ്പോഴും ശക്തരുമാണ്. എങ്കിലും ആ മാറ്റം സംഭവിക്കാതിരിക്കുവാന്‍ നിവൃത്തിയില്ല.. അതുകൊണ്ടാണ് സോഷ്യലിസ്റ്റ് സൂര്യന് അസ്തമനമില്ല എന്ന് പറയുന്നത്. വലിയൊരു മേഘപടലത്തിന് സൂര്യനെ അല്പം മറയ്ക്കാന്‍ കഴിയുമായിരിക്കും. പക്ഷെ, സൂര്യന് മറയുകയില്ല, മായുകയുമില്ല.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വരികളാണ് ഓര്‍മ്മവരുന്നത്.
”ദുര്‍ബലരോട് കരുണ കാണിക്കാത്ത നാഗരികതയുടെ അടിസ്ഥാനങ്ങളെ തന്നെ മാറ്റുവാനുള്ള ആ പരിശ്രമം ഞാന്‍ നേരില്‍ കണ്ടത് റഷ്യ സന്ദര്‍ശിച്ചപ്പോഴാണ്. മനുഷ്യചരിത്രത്തില്‍ മറ്റൊരിടത്തും ഇത്ര സ്ഥായിയായ സന്തോഷത്തിന്റേയും പ്രതീക്ഷയുടേയും സാഹചര്യം ഞാന്‍ കണ്ടിട്ടില്ല. ഈ പുതുയുഗം പടുത്തുയര്‍ത്തിയിരിക്കുന്നത് ഒരു വിപ്ളവത്തിന്മേല് ആണെന്ന് എനിക്കറിയാം.
”എന്നാല്‍ ഈ വിപ്ളവം മനുഷ്യരാശിയുടെ ഏറ്റവും ക്രൂരവും ബലിഷ്ഠവുമായ തിന്മകള്ക്കെതിരായ വിപ്ളവമാണ്. അനേക വര്‍ഷത്തെ പാപത്തിനുള്ള പ്രായശ്ചിത്തമാണ്. മനുഷ്യരാശിയുടെ ചങ്കില് തറച്ച ആര്‍ത്തി എന്ന ചാട്ടുളി നീക്കം ചെയ്യാനുള്ള കഠിന പരിശ്രമത്തിലാണ് റഷ്യ ഇന്ന് മുഴുകിയിരിക്കുന്നത്. അവരുടെ യജ്ഞം വിജയം കാണട്ടെ എന്ന പ്രാര്‍ത്ഥനയാണ് എനിക്കുള്ളത്”.
ടാഗോറിന്റെ പ്രാര്‍ത്ഥന റഷ്യയിലും ലോകത്ത് എല്ലായിടത്തും സഫലമാക്കാന്‍ പുരോഗമന ആശയക്കാരായ ആളുകളെല്ലാം കൈകോര്‍ത്തു പിടിച്ചാല്‍ മുതലാളിത്ത പിശാച് ലോകത്ത് എല്ലായിടത്തും നിന്ന് അപ്രത്യക്ഷമാകാതിരിക്കില്ല എന്നത് തീര്‍ച്ചയാണ്.