Wednesday
24 Oct 2018

പൊതുസ്ഥലത്ത് പ്രകോപനപരമായി പകര്‍ന്നുനല്‍കുന്ന സ്വകാര്യചുംബനം

By: Web Desk | Tuesday 14 November 2017 5:22 PM IST

സി വി വിജയകുമാര്‍

വിയെ അന്വേഷിച്ചുനടക്കുന്ന കവിതയുമായി കണ്ടുമുട്ടുമ്പോഴാണ് ഒരു കവി, കാലത്തെ ആവേശിക്കുന്ന കവിതകളെഴുതിപോകുന്നത്. ഇത് കവിത മാത്രം എഴുതാന്‍ നിയുക്തനാകുന്ന ഒരു കവിയുടെ മാത്രം അനുഗ്രഹമാണ്. അതില്‍ കാലത്തിന്റെ താപനില അളന്നറിയാനുള്ള ഉഷ്ണമാപിനികള്‍ സ്ഥാപിക്കപ്പെട്ടിരിക്കും. ഒരാള്‍ക്ക് കവിയായി ജീവിക്കണമെങ്കില്‍ കവിയായി ജനിക്കണമെന്നാണിതിനര്‍ഥം. ബല്‍സാക്ക് നിരീക്ഷിച്ചതുപോലെ ‘കഴിവിന്റെയും പ്രതിഭയുടെയും കാര്യത്തില്‍ ഇടത്തരക്കാരായവര്‍ എഴുത്തിലേയ്ക്ക് തിരിയുന്നതാണ്’ സാഹിത്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നിര്‍ഭാഗ്യവശാല്‍ നമ്മുടെ കവിതയുടെ കാര്യത്തില്‍ ഇന്ന് ഈ പ്രതിസന്ധി അതീവഗുരുതരമാണ്. ‘ഒന്നും ചെയ്യാന്‍ അറിയാത്തവര്‍ ഉടനെ പേനയെടുക്കുന്നു’ എന്ന് കൂടി ബല്‍സാക്ക് ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ വെമ്പുന്ന വാക്കുകള്‍കൊണ്ട് കവിത എഴുതാന്‍ കഴിയുക എന്നതാണ് ഈ ദുഃസ്ഥിതിക്ക് പരിഹാരം. ഈ അര്‍ഥത്തില്‍ വിലയിരത്തുമ്പോഴാണ് സച്ചിദാനന്ദന്റെ കാവ്യജീവിതം നമ്മെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ സ്‌ഫോടനാത്മകതകൊണ്ട് അഗാധമായി മുറിപ്പെടുത്തുന്നതായി തിരിച്ചറിയാന്‍ കഴിയുന്നത്. കലുഷമായ രാഷ്ട്രീയ ബോധ്യങ്ങളുടെ അന്തര്‍ധാരകളില്‍ നിന്നും കിനിഞ്ഞുവരുന്ന ഉഷ്ണം അതിന്റെ ജീവോഷ്മാവുമായിത്തീരുന്നു. മനുഷ്യന്റെ വിമോചനപരമായ ഇച്ഛകളെ കീറിപ്പറപ്പിക്കുന്ന ദുരധികാരത്തിന്റെ കൊടുങ്കാറ്റുകളുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിന്റെ അദമ്യതയില്‍ സച്ചിദാനന്ദന്‍ മലയാളത്തിലെ ഏറ്റവും ജാഗ്രതയുള്ള കവിയായിത്തീരുന്നതങ്ങനെയാണ്.
മനുഷ്യനെപ്പറ്റിയും കാലത്തെപ്പറ്റിയുമുള്ള ഉത്കണ്ഠകളുടെ ഘടികാരത്തിലൂടെ തന്റെയും ഭാവിയെ അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് കവിതയില്‍ സ്വന്തം സത്ത തേടുന്ന ഈ കവിക്ക് ലഭിച്ച ഏറ്റവും അര്‍ഹമായ അംഗീകാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. താന്‍ എന്തിനെഴുതുന്നു? എന്ന ചോദ്യം നിരന്തരമായി തന്നോടുതന്നെ ചോദിച്ചുകൊണ്ടിരിക്കാനുള്ള ആര്‍ജവം കൂടിയുള്ള കവിയാണ് സച്ചിദാനന്ദന്‍. ‘ഞാനെഴുതുന്നത് സമൂഹത്തോട് സംവദിക്കാനാണ്, പ്രപഞ്ചത്തിന്റെയും സ്വത്വത്തിന്റെയും നിഗൂഢതകളെ അന്വേഷിക്കാനാണ്, മനുഷ്യനും പ്രകൃതിയും ഉള്‍ച്ചേര്‍ന്ന ചുറ്റുപാടുകളോടുള്ള എന്റെ പ്രതികരണങ്ങള്‍ അടയാളപ്പെടുത്താനാണ്, ജീവിതത്തിന്റെ വൈവിധ്യവും സമൃദ്ധിയും അന്വേഷിക്കാനാണ്, വ്യക്തിപരമായ വേദനകളും ആകാംക്ഷകളും പ്രകടിപ്പിക്കാനാണ്, ഭാഷയെ പുനരുദ്ധരിക്കാനും പുനരുജ്ജീവിപ്പിക്കാനുമാണ് എന്നാണദ്ദേഹത്തിന് സ്വന്തം എഴുത്തിനെപ്പറ്റിയുള്ള സത്യവാങ്മൂലം. അതുകൊണ്ടാണ് സച്ചിദാനന്ദനെഴുതുമ്പോള്‍ കവിത- ഈ അഗാധാന്വേഷണങ്ങളുടെ ജ്വലിക്കുന്ന പരിപ്രേക്ഷ്യങ്ങളായി മാറുന്നത്.

അനുഭവങ്ങളുടെ കരിയില്‍ തൊട്ടെഴുതുമ്പോഴാണ് കവിത, കേവലം വിവരവിനിമയത്തിന്റെ തലത്തില്‍ നിന്നും പരമമായ സത്യത്തിന്റെ ഉദാത്ത നിലപാടിലെത്തുന്നത്. ഈ സത്യം ഒരിക്കലും അമൃതോ, തേനോ പോലെ രുചികരമായിരിക്കില്ല. തിരിച്ചറിവുകളിലേക്ക് പുനര്‍ജനിപ്പിക്കുന്ന വിഷം തീണ്ടലായിരിക്കുമത്. തന്റെ പാട്ടും ഇതുപോലെ ‘വിഷമിളകുന്ന നീല നാഗിനി’യാണെന്ന് സച്ചിദാനന്ദനും തന്റെ കവിതയുടെ മാനിഫെസ്റ്റോ പോലെ പറഞ്ഞുകൊണ്ടാണ് കടന്നുവരുന്നത്. ആ വിഷം രോഗാതുരമായ കാലത്തെ ചികിത്സിക്കാനുള്ള ഫലപ്രദമായ ഔഷധമായി കവി കാണുന്നു. എന്നാല്‍ മനുഷ്യരുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കവിതയുടെ ദിവ്യശക്തിയെ അദ്ദേഹം അത്രയ്ക്ക് മുഖവിലക്കെടുത്തിട്ടില്ല. പക്ഷേ ജനങ്ങളുടെ ബോധത്തില്‍ ചില സൂക്ഷ്മപ്രതികരണങ്ങളോ ചലനങ്ങളോ ഉണ്ടാക്കാനും അവര്‍ ലോകത്തെ നോക്കിക്കാണുന്ന രീതിയെ മാറ്റിത്തീര്‍ക്കാനും കവിത പര്യാപ്തമാണെന്നദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടാണ്.

‘വേനലില്‍, ഉണങ്ങിയ മരത്തിന്റെ വളയൂരി
വീണ നഗ്നമാം കൊമ്പില്‍ പടര്‍ന്നു ചുറ്റിച്ചുറ്റി
ദാഹിച്ച നാവും നീട്ടി, പ്രാണവായുവാലൂതി-
പ്പാകമാക്കിയ മുത്ത് ഫണത്തിന്‍ത്തുമ്പത്തേറ്റി
ഇളകിപ്പുളഞ്ഞാടിക്കയറിപ്പോവും വിഷ-
മിളകുമൊരു നീലനാഗിനിയാണെന്‍ ഗാനം

എന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച സച്ചിദാനന്ദന്റെ കവിത പിന്നീട് ‘പൊതുസ്ഥലത്ത് പ്രകോപനപരമായി പകര്‍ന്നു നല്‍കുന്ന സ്വകാര്യ ചുംബനമാണ് കവിത’ എന്ന ആഘാതാനുഭവമായി മാറുന്നത്. ‘ചീത്തക്കാലത്ത് ചീത്തക്കാലത്തിന്റെ കവിതയായിരിക്കും ഉണ്ടാവുന്നത്’ എന്ന ബ്രഹറ്റിന്റെ വീക്ഷണത്തെ തിരുത്തിക്കൊണ്ട് കവിതയെ നല്ലകാലത്തിന് വേണ്ടിയുള്ള ചിറകടികളുടെ കലാപമായി സജ്ജീകരിക്കാനാണ് സച്ചിദാനന്ദന്‍ ശ്രമിച്ചത്. അവ ചീത്തക്കാലങ്ങളിലൂടെ നല്ലകാലങ്ങള്‍ക്ക് വേണ്ടി പ്രവഹിച്ച കുപിതമായ ചോരയുടെ നിലപാടുകളാവുന്നതങ്ങനെയാണ്. ഈ നിലപാട് തന്നെയാണ് ഈ കവികളുടെ സാമൂഹ്യപ്രതിബദ്ധതയും. ഈ പുറപ്പാട് സച്ചിദാനന്ദന്‍ എന്ന കവിക്ക് കവിതയുടെ പൂര്‍ണത തേടലായിരുന്നു. ഈ യാത്രയില്‍ കാലത്തിന്റെ വിഷമേറ്റുവാങ്ങി നീലിച്ച കണ്ഠവുമായി പാടേണ്ടി വരുന്നത് കവി ജന്മത്തിന്റെ നിയോഗമാണെന്ന് സച്ചിദാനന്ദന്‍ തിരിച്ചറിയുന്നുണ്ട്. അങ്ങനെ വിച്ഛിത്തികളിലൂടെയും അനുസ്യൂതികളിലൂടെയും അതിന്റെ ഭാവസംക്രമണം നടക്കുകയും ചെയ്യുന്നു. ‘ഭാഷാപരമായ നവീനത, ഘടനാപരമായ പരീക്ഷണപരത, സാമാന്യ-സ്വകാര്യങ്ങള്‍ തമ്മിലുള്ള വിഭജനത്തിനെതിരായ നിലപാട്, പ്രകൃതിയില്‍ നിന്നും ജീവിതപരിണാമത്തില്‍ നിന്നും സ്വീകരിക്കുന്ന പ്രതീക-രൂപങ്ങള്‍, അവനവന്‍ മറ്റുള്ളവരും മറ്റുള്ളവര്‍ അവനവനും ആണെന്ന അനുഭവം ജീവിതവൈരുധ്യങ്ങളെക്കുറിച്ചുള്ള ബോധവും’ ഇങ്ങനെ ഒട്ടേറെ ഘടകങ്ങളുടെ ആകെത്തുകയാണ് തന്റെ കവിയെന്നദ്ദേഹം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, തന്റെ കവിത എന്നൊന്നില്ലെന്നും കവിതയെന്ന മഹാ ചൈതന്യത്തിന്റെ അംശമാണതെന്ന ദര്‍ശനത്തില്‍ ആത്യന്തികമായി കവി ചെന്നെത്തുന്നുമുണ്ട്.

വിലാപത്തില്‍ നിന്നും കലാപത്തിലേയ്ക്കുള്ള ദൂരത്തിനിടയില്‍ താന്‍ കണ്ടുമുട്ടിയ ജീവിതങ്ങളുടെ, ജീവിതാവസ്ഥകളുടെ മരുഭൂക്കളിലാണ് സച്ചിദാനന്ദന്‍ തന്റെ കവിതയുടെ ബോധിയെ വിഹായസോളം വളര്‍ത്തി വലുതാക്കുന്നത്. എന്നാല്‍ വിലാപം അതിന്റെ ആന്തരസ്ഥായിയും. കലാപം അതിന്റെ ധര്‍മവുമാണ്. ഈ ‘ബോധി’കളുടെ ചില്ലകളില്‍ നീളെ അടയിരിക്കുന്ന രോഷവും കാലത്തിനുനേര്‍ക്ക് ഉണര്‍ന്നിരിക്കുന്ന കവിയുടെ അശവ്യമായ ജാഗ്രതയുമുണ്ട്. ഇവിടെ കവി കരയുന്നില്ല, എന്നാല്‍ കരിച്ചിലിന്റെ മറുകരയിലുള്ള വികാരവിക്ഷുബ്ധിയിലേയ്ക്ക് സംവേദനത്തെ വിശുദ്ധീകരിക്കുന്നു. ഇത് അപൂര്‍വം കവികള്‍ക്ക് മാത്രം കഴിയുന്ന സിദ്ധിയാണ്. അതുകൊണ്ടാണ്

‘ഇന്ത്യാ നിന്റെ വയറ്റില്‍ പിറന്നതിന്റെ
നാണം മറയ്ക്കാന്‍
ഒരു ദേശീയപതാകപോലുമില്ലാതെ
ഞാന്‍ ചുളിഞ്ഞുപോകുന്നു
നിന്റെ ആര്‍ഷപാരമ്പര്യം എന്റെ മുതുകില്‍
കൂനുപോലെ തൂങ്ങുന്നു’-

എന്നു പറയുമ്പോള്‍ സാധാരണ മനുഷ്യന്റെ, നിസ്വസമൂഹങ്ങളുടെ വിശ്രാന്തിരഹിതമായ വിശപ്പിന്റെയും അനാഥത്വത്തിന്റെ വിധിയെ, അല്ലെങ്കില്‍ മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെ ദയനീയമായ ജാതക സമസ്യകളെപ്പറ്റി മറ്റൊരുവിധത്തില്‍ പറയാന്‍ കഴിയാത്തവിധം ഇവിടെ ഭാഷ രൂക്ഷമാകുന്നത്. അമ്ലസ്വഭാവമുള്ള ഈ ഭാഷയുടെ ഏറ്റവും ക്രുദ്ധമായ കരുണാമയത്വമാണ് സച്ചിദാനന്ദന്റെ കവിതകളുടെ ലാവണ്യാനുഭവം. കാവ്യാനുഭൂതി എന്ന ഫ്യൂഡല്‍ സങ്കല്‍പത്തോട് പൊരുത്തപ്പെടാത്ത, അനുഭവങ്ങളുടെ ജ്വലിക്കുന്ന കൈയക്ഷരങ്ങളായിരിക്കണം ജനങ്ങളുടെ കവിത എന്ന ബോധ്യമാണിതിന് പിന്നിലുള്ളത്. ശരിക്കും ഇതാണ് ഇന്നത്തെ കവി അനുഷ്ഠിക്കേണ്ട രാഷ്ട്രീയധര്‍മം. തന്റെ തലമുറ ഈ രാഷ്ട്രീയ ദൗത്യം ഏറ്റവും കലുഷമായ തരംഗദൈര്‍ഘ്യത്തിലാണ് പ്രക്ഷേപിച്ചതെന്ന് സച്ചിദാനന്ദന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് മനുഷ്യപുരോഗതി നേരിടുന്ന വൈരുധ്യങ്ങള്‍ങ്ങും പ്രതിസന്ധികള്‍ക്കും മുന്നില്‍ കവിത ഇച്ഛയുടെ ശുഭാപ്തിവിശ്വാസമാകണമെന്ന് കവി നിര്‍ദേശിച്ചിട്ടുള്ളത്. അതിനുമപ്പുറം തന്റെ കവിതയുടെ പ്രത്യയശാസ്ത്ര നിലപാടുകളെപ്പറ്റിയും കവി തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ‘നിസഹായന്റെ ‘ഏകാന്ത വിലാപങ്ങളാണ് തന്റെ കവിതകള്‍’ എന്നദ്ദേഹം പറഞ്ഞത്. വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും നോക്കുന്ന ‘മൂന്ന് മുഖമുള്ള ദൈവ’മായിരിക്കണം ‘ഇന്ത്യന്‍ കവി’ എന്നാണ് ആത്യന്തികമായി സച്ചിദാനന്ദന്‍ വിശ്വസിക്കുന്നത്. പാരമ്പര്യത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും പ്രതീക്ഷയുടേയും മുഖങ്ങളാണവ.
കവിത ഒരു മതമാണെന്നും എന്നാലത് മതമില്ലാത്തവന്റെ മതമാണെന്നുമുള്ള ദര്‍ശനം സച്ചിദാനന്ദന്‍ ഒരു ഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ശ്രേഷ്ഠവും ഉദാത്തവുമായ കവിതയ്ക്ക് നല്‍കാവുന്ന ഏറ്റവും പര്യാപ്തമായ നിര്‍വചനമാണിത്. കവിതയെഴുത്ത് ഒരു കുറ്റകൃത്യമാകുന്നില്ല, പക്ഷേ നല്ല കവിതകളെഴുതാന്‍ കഴിയുക എന്നതാണ് കവിയുടെ പ്രതിസന്ധി. എന്നാല്‍ നല്ല കവിത എഴുതാത്തതിന്റെ പേരില്‍ ഒരു കവിയും നരകത്തില്‍ പോകുന്നില്ല, എങ്കിലും അയാള്‍ക്ക് ധര്‍മപുത്രനെപോലെ പട്ടിയോടൊപ്പം നരകം കാണേണ്ടി വരും എന്നദ്ദേഹം വ്യംഗ്യാത്മകമായ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ഈ ധ്വനിമയമായ പരിഹാസോക്തി സച്ചിദാനന്ദന്റെ കവിതകളുടെ സൗന്ദര്യാലങ്കാരങ്ങളില്‍ പ്രമുഖവുമാണ്. ക്ഷോഭത്തിന്റെയും കരുണയുടെയും നിണപ്പാടുള്ള വായ്ത്തലകളാണവ.
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ നിറവില്‍ സച്ചിദാനന്ദന്‍ എത്തി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍’ എന്ന കവിത കൂടി പരാമര്‍ശിക്കേണ്ടത് അനിവാര്യമാണ്. 1971-ല്‍ എഴുതിയ കവിതയാണിത്. എഴുത്തും എഴുതുന്നവനും തമ്മിലുള്ള കലഹവും വിശ്വാസവുമാണിതില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെട്ടിട്ടുള്ളത്. തന്റെ എഴുത്താണിമുനയില്‍ നിന്നും കുതറിയോടിയ വാക്കുകളെ മെരുക്കിയെടുത്ത് തന്റെ ഭാവനയെ വാങ്മയവല്‍ക്കരിക്കാന്‍ വേണ്ടി കവി അനുഭവിച്ച പീഡാനുഭവങ്ങളും സാഫല്യങ്ങളുമാണിവിടെ അനാവരണം ചെയ്യപ്പെടുന്നത്. ഇത്തരം ക്രിയേറ്റീവ് ആഗണികളിലൂടെ ‘എഴുത്ത് അച്ഛനും അച്ഛന്‍ എഴുത്തുമായുള്ള’ ഏതൊരാള്‍ക്കും കടന്നു പോകേണ്ടി വരും.

മലയാള കവിതയില്‍ വീണ്ടുമൊരച്ഛനെഴുത്തിന്റെ പുതുകാലം സൃഷ്ടിച്ച സച്ചിദാനന്ദന്റെ പുരസ്‌കാരലബ്ധിയില്‍ നമുക്ക് അഭിമാനിക്കാം. ‘വേതാളത്തെപോലെ കാലത്തിന്റെ കൊമ്പില്‍ തലകീഴായ് കിടന്നു ഇനിയുമിനിയും കവിതകളുടെ ഉഗ്രമായ ചോദ്യങ്ങള്‍ അങ്ങില്‍ നിന്നും മലയാളം പ്രതീക്ഷിക്കുന്നു. ചുള്ളിക്കാട് പറഞ്ഞ ആ ‘ചുവന്ന പുഴ’ ഇനിയും ഒഴുകട്ടെ.