Thursday
18 Oct 2018

സൂപ്പര്‍കിങ്‌സിന് ജയം

By: Web Desk | Sunday 13 May 2018 10:18 PM IST

പൂനെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം. അമ്പാട്ടി റായുഡു കന്നി സെഞ്ചുറി നേടി തിളങ്ങിയ മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് ചെന്നൈയുടെ വിജയം. ജയത്തോടെ 16 പോയിന്റുമായി ചെന്നൈ പ്ലേഓഫ് ഉറപ്പിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയിരുന്നു. ചെന്നൈ 19 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഷെയ്ന്‍ വാട്‌സണും തിളങ്ങി. ധവാനും വില്യംസണുമായിരുന്നു സണ്‍റൈസേഴ്‌സിന്റെ ബാറ്റിംഗ് ശക്തിയായി മാറിയത്.
സണ്‍റൈസേഴ്‌സിനെതിരെ താരതമ്യനെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ക്രീസിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണും അമ്പാട്ടി റായുഡുവും മികച്ച അടിത്തറ ഉയര്‍ത്തി.

31 പന്തില്‍ വാട്‌സണും 32 പന്തില്‍ റായുഡുവും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 35 പന്തില്‍ 57 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണ്‍ റണ്ണൗട്ടാവുകയായിരുന്നു. അടുത്ത ഓവറില്‍ രണ്ടു റണ്‍സെടുത്ത റെയ്‌നയും പുറത്തായി. എന്നാല്‍ തകര്‍ത്ത് കളിച്ച റായുഡു 62 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 7 ഫോറുകളും 7 സിക്‌സുകളും അടക്കം 100 റണ്‍സെടുത്ത് റായുഡു പുറത്താവാതെ നിന്നു. 20 റണ്‍സെടുത്ത ധോണിയെ കൂട്ടുപിടിച്ച് റായുഡു ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ആദ്യ പത്തോവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 62 എന്ന നിലയിലായിരുന്നു. നിലയുറപ്പിച്ച ശേഷം ശിഖര്‍ ധവാനും കെയ്ന്‍ വില്യംസണും ചെന്നൈ ബോളര്‍മാരെ കടന്നാക്രമിച്ചു. എന്നാല്‍ അടുത്തടുത്ത പന്തുകളില്‍ ധവാനെയും വില്യംസണെയും പുറത്താക്കി ബോളര്‍മാര്‍ ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. അതിനകം തന്നെ സ്‌കോര്‍ ബോര്‍ഡില്‍ 141 റണ്‍സെത്തിയിരുന്നു.

21 റണ്‍സെടുത്ത ഹൂഡയും 8 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് സണ്‍റൈസേഴ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചു. ചെന്നൈയ്ക്ക് വേണ്ടി 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ദീപക് ചഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഷര്‍ദുല്‍ താക്കൂര്‍ രണ്ടും ഡ്വെയിന്‍ ബ്രാവോ ഒരു വിക്കറ്റും നേടി.

Related News