Saturday
18 Nov 2017

ഓണവിപണി: സപ്ളൈക്കോയുടെ വയനാട് ജില്ലയിലെ വിറ്റ് വരവ് 6 കോടി

By: Web Desk | Thursday 14 September 2017 2:17 PM IST

മാനന്തവാടി:ഓണക്കാലത്ത് അവശ്യ സാധനവിൽപ്പന കുതിച്ചപ്പോൾ സപ്ളൈക്കോയുടെ ജില്ലയിലെ വിറ്റ് വരവ് 6 കോടി രൂപ. കഴിഞ്ഞ വർഷത്തേക്കാൾ ഒന്നര കോടി രൂപയുടെ അധികവിൽപ്പന നടത്തിയാണ് സപ്ളൈക്കോ തങ്ങളുടെ 41 ഔട്ട്ലെറ്റുകളിലൂടെ 10 ദിവസം കൊണ്ട് ഈ തുക നേടിയത്. ഏറ്റവും അധികം വിൽപ്പന നടന്നത് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലാണ്. ഈ ഡിപ്പോയിലെ 8 മാവേലി സ്റ്റോറുകൾ, 2 സൂപ്പർമാർക്കറ്റുകൾ, രണ്ട് മൊബൈൽ യൂണിറ്റുകൾ, ഒരു ജില്ലാ ഓണം മാർക്കറ്റ്, വെങ്ങപ്പള്ളിയിലെ താത്ക്കാലിക മാവേലി സ്റ്റോർ എന്നിവിടങ്ങളിലൂടെയുള്ള വിൽപ്പനയിലൂടെ ലഭിച്ചത്.

ഈ വർഷം ലഭിച്ചത് രണ്ട് കോടി 75 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷമിത് രണ്ട് കോടി 6 ലക്ഷം രൂപയായിരുന്നു.മാനന്തവാടിയിൽ ഓണം വിപണിയിൽ രണ്ട് കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇത് ഒരു കോടി 50 ലക്ഷം രൂപയായിരുന്നു. മൂന്ന് സൂപ്പർമാർക്കറ്റുകളും, 7 മാവേലി സ്റ്റോറുകളുമാണ് മാനന്തവാടി ഡിപ്പോക്ക് കീഴിലുള്ളത്. ബത്തേരിയിൽ ഈ വർഷം സപ്ളൈക്കോ ഔട്ട് ലെറ്റുകളിൽ ഒരു കോടി 30 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞ വർഷം ഇത് ഒരു കോടി രൂപയായിരുന്നു. 9 മാവേലി സ്റ്റോറുകളും 6 സൂപ്പർ മാർക്കറ്റുകളുമാണ് ഇവിടെ ഉള്ളത്. മുൻവർഷങ്ങളിൽ നിന്ന് വിത്യസ്തമായി ഇത്തവണ പ്രത്യേകം ചന്തകൾ ആരംഭിക്കാതെ ഔട്ട് ലെറ്റുകളോട് ചേർന്ന അറ്റാച്ചഡ് ചന്തകൾ പ്രവർത്തിക്കുകയായിരുന്നു.13 ഇനം സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് വിപണിയിൽ ഉണ്ടായിരുന്നത്. സാധനങ്ങൾ യഥേഷ്ടം ഔട്ട്ലെറ്റുകളിൽ ഉണ്ടായിരുന്നതാണ് വിൽപ്പന വർദ്ധിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിൽപ്പന വർദ്ധിച്ചതിലൂടെ പൊതുജനം കൂടുതലായി സപ്ളൈക്കോയെ ആശ്രയിച്ചുവെന്നതാണ് വ്യക്തമാകുന്നത്.