Saturday
15 Dec 2018

റഫാല്‍: കേന്ദ്രത്തിനെതിരെ സുപ്രിം കോടതി

By: Web Desk | Wednesday 10 October 2018 11:15 AM IST

ന്യൂഡല്‍ഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളച്ചു മറിയുന്ന റഫാല്‍ യുദ്ധവിമാന ഇടപാടിലെ വിവരങ്ങള്‍ സീൽ ചെയ്ത കവറിൽ ഒക്ടോബർ 29 നു മുമ്പ് സമർപ്പിക്കാൻ സുപ്രിം കോടതി ആവശ്യപ്പെട്ടു.

“ഈ തീരുമാനങ്ങൾ എടുത്തതിലെ നടപടിക്രമങ്ങൾ ഞങ്ങൾക്ക് ബോധ്യമാകേണ്ടതുണ്ട്. രഹസ്യ സ്വഭാവമുള്ള വിഷയമായതിനാൽ വിമാനങ്ങളുടെ യോഗ്യതയെക്കുറിച്ചു പരിശോധിക്കുന്നില്ല” ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബഞ്ച് പറഞ്ഞു.

“ഞങ്ങൾ സർക്കാരിന് നോട്ടീസ് അയക്കുന്നില്ല. പരാതിക്കാരൻ ഉന്നയിച്ച വാദഗതികൾ കോടതി കണക്കിലെടുത്തിട്ടില്ല. ആ വാദഗതികൾ മൊത്തത്തിൽ അപര്യാപ്തമാണ്” കോടതി പറഞ്ഞു. റഫാലിന്റെ വില, സാങ്കേതിക വിവരങ്ങൾ, ജെറ്റ് വിമാനങ്ങളുടെ യോഗ്യത എന്നിവ പരിശോധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

എം എൽ ശർമ്മ സമർപ്പിച്ച പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയാണ് എതിർ കക്ഷി ചേർത്തിരിക്കുന്നത്. നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. 36 യുദ്ധ വിമാനങ്ങൾ 59000 കോടി രൂപയ്ക്കു വാങ്ങിയതിൽ അഴിമതി ഉണ്ടെന്നു പരാതിക്കാരൻ പറഞ്ഞു.

2016 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയ്‌സ്‌ ഹൊളാന്ദും ഫ്രാൻസിലെ ദെസോയിൽ നിന്നും യുദ്ധ വിമാനങ്ങൾ വാങ്ങുന്ന കരാർ പ്രഖ്യാപിച്ചത്. ഇതിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫെൻസിനെ വിമാനത്തിന്റെ ഇന്ത്യയിലെ നിർമാണ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത് ഇന്ത്യ ആവശ്യപ്പെട്ടതുകൊണ്ടാണെന്നു  ഹൊളാന്ദ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അംബാനിയ്ക്കു യുദ്ധവിമാനം ഉണ്ടാക്കുന്നതിൽ മുൻ പരിചയം ഇല്ല.

അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു: “ദേശീയ സുരക്ഷയുടെ പ്രശ്നമാണിത്. സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ മത്സരത്തിനിടയിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ നടക്കുന്ന ശ്രമമാണിത്.”

 

Related News