Monday
18 Dec 2017

ട്രംപിന്‍റെ യാത്രാവിലക്കിന് അനുമതി

By: Web Desk | Wednesday 6 December 2017 9:05 AM IST

വാഷിങ്‌ടണ്‍: ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു യു.എസിലേക്കു പ്രവേശനവിലക്ക്‌ ഏര്‍പ്പെടുത്തിയ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ വിവാദ ഉത്തരവ്‌ പൂര്‍ണമായും നടപ്പാക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. അതേസമയം, ഇതു കീഴ്‌ക്കോടതികളുടെ പരിഗണനയിലുള്ള അപ്പീലുകളിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നു കോടതി വ്യക്‌തമാക്കി. ഇറാന്‍, ലിബിയ, സിറിയ, യെമന്‍, സൊമാലിയ, ഛാഡ്‌ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണു ട്രംപ്‌ അധികാരമേറ്റതിനു പിന്നാലെ യു.എസ്‌. യാത്രയ്‌ക്കു വിലക്കേര്‍പ്പെടുത്തിയത്‌. അഭയാര്‍ഥികളടക്കമുള്ളവര്‍ക്കു ബാധകമായ വിലക്കിനെതിരേ രാജ്യത്തിനുള്ളില്‍ നിന്നടക്കം ശക്‌തമായ വിമര്‍ശനമുയര്‍ന്നു.

ഇതു മുസ്ലിംകളോടുള്ള വിവേചനമാണെന്നും ജാതിയുടെയോ മതത്തിന്റെയോ അടിസ്‌ഥാനത്തിലുള്ള വേര്‍തിരിവ്‌ സ്വീകാര്യമല്ലെന്നും വാദമുയര്‍ന്നെങ്കിലും അമേരിക്കയുടെ സുരക്ഷിതത്വമാണു വലുതെന്ന നിലപാടില്‍ ട്രംപ്‌ ഉറച്ചുനിന്നു. വിവിധ മനുഷ്യാവകാശ സംഘടനകളുടെ അപ്പീലില്‍ ചില ഫെഡറല്‍ കോടതികള്‍ പുറപ്പെടുവിച്ച സ്‌റ്റേ ഉത്തരവിനെതിരേയാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.
ഭീകരവാദത്തിനു കുപ്രസിദ്ധമായ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു പ്രവേശനവിലക്ക്‌ ഏര്‍പ്പെടുത്തിയതു ശരിവച്ചതിന്‌ അനുകൂലവിധി പ്രതീക്ഷിച്ചിരുന്നെന്നു വൈറ്റ്‌ ഹൗസ്‌ വക്‌താവ്‌ ഹോഗന്‍ ഗിഡ്‌ലി പറഞ്ഞു. വിലക്കില്ലാത്ത രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു യു.എസിലേക്കുള്ള പ്രവേശനം ഇതോടെ എളുപ്പമായെന്ന്‌ ട്രംപിന്റെ കാമ്പയിന്‍ കമ്മിറ്റി തലവനായിരുന്ന മൈക്കല്‍ ഗ്ലാസ്‌നര്‍ പറഞ്ഞു.

യാത്രാനിരോധനത്തിനെതിരായ അപ്പീലുകളില്‍ നാലു ഫെഡറല്‍ കോടതികള്‍ ഇനിയും വിധി പറഞ്ഞിട്ടില്ല. അവ എതിരാകുന്നപക്ഷം, സുപ്രീം കോടതിയില്‍നിന്നു ട്രംപിനു ലഭിച്ച വിജയം താല്‍ക്കാലികമാകും.

Related News