Wednesday
12 Dec 2018

കോടതികളിൽ നിന്നും എന്ന് നീതി വരും?

By: Web Desk | Saturday 13 January 2018 10:18 PM IST

ജോസ് ഡേവിഡ് 

Jose David

Jose David

സുപ്രിം കോടതി  കൊളീജിയത്തിലെ നാല്  അംഗങ്ങൾ ചീഫ് ജസ്റ്റിസിനെതിരെ, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി,  കോടതിക്കു പുറത്തിറങ്ങി പത്രസമ്മേളനം നടത്തിയത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഇന്ത്യയുടെ ജനാധിപത്യവും കടുത്ത വെല്ലുവിളിയിലാണെന്ന ഗൗരവതരമായ സംശയം ഉയർത്തുന്നു.

ജസ്റ്റിസുമാരായ ജെ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി ലോക്കൂർ , കുരിയൻ ജോസഫ്  എന്നിവർ മുഖ്യമായി ആരോപിച്ചത് രാജ്യത്തിനും ഈ സ്ഥാപനത്തിനും ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാനിടയുള്ള കേസുകൾ  ചീഫ് ജസ്റ്റിസ് ‘പ്രത്യേക പരിഗണനകൾ’ വച്ച് ചില ബെഞ്ചുകൾക്ക് യുക്തിസഹമല്ലാത്ത വിധം ഏല്പിച്ചു നൽകുന്നുവെന്നാണ്. ഇതിനെ എന്ത് വില കൊടുത്തും തടയേണ്ടതുണ്ടെന്ന് അവർ ചീഫ് ജസ്റ്റിസിനെഴുതിയ, പത്രസമ്മേളനത്തിൽ വിതരണം ചെയ്ത കത്തിൽ പറഞ്ഞു.

കൊളീജിയം സുപ്രിം കോടതിയിലെ ഏറ്റവും സീനിയർ ആയ അഞ്ചംഗ ജഡ്ജിമാരുടെ സമിതിയാണ്, പരമോന്നത കോടതിയിലേക്കും ഹൈക്കോടതിയിലേക്കുമുള്ള ജഡ്ജിമാരെ നിയമിക്കുന്ന അത്യുന്നത സമിതി. സ്വാഭാവികമായും  ‘രാജ്യത്തിനും ഈ സ്ഥാപനത്തിനും ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാനിടയുള്ള കേസുകൾ’ കൈകാര്യം ചെയ്യേണ്ടുന്നവർ.

ചീഫ് ജസ്റ്റിസിനു റോസ്‌റ്ററിന്റെ മാസ്റ്റർ എന്ന നിലയിൽ റോസ്റ്റർ തീരുമാനിക്കാൻ അവകാശമുണ്ടെന്ന നടപ്പു രീതി, അച്ചടക്കത്തോടെയും ഫലപ്രദമായുമുള്ള കോടതി നടത്തിപ്പിന് വേണ്ടിയാണ്. അത് ചീഫ് ജസ്റ്റിസിന്  തന്റെ സഹപ്രവർത്തകരുടെ മേൽ എന്തെങ്കിലും ഉന്നത അധികാരം ഉണ്ടെന്നതല്ല. നീതിശാസ്ത്ര പ്രകാരം ചീഫ് ജസ്റ്റിസ് തുല്യരിൽ ഒന്നാമനാണ്, ഒട്ടും കൂടുതലല്ല, ഒട്ടും കുറവുമല്ല.

എന്നാൽ റോസ്‌റ്ററിന്റെ മാസ്റ്റർ എന്ന അധികാരം ഉപയോഗിച്ച് ചില ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാനിടയുള്ള കേസുകൾ, സീനിയർമാരെ അവഗണിച്ച്, ജൂനിയർ ജഡ്ജുമാരുടെ കോടതികളിൽ പോസ്റ്റ് ചെയ്യുന്നതിന് പിന്നിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുവെന്ന് അവർ പറയ്യാതെ പറഞ്ഞു വയ്ക്കുന്നു.

സീനിയോറിറ്റിയിൽ പത്താം സ്ഥാനത്ത്  നിൽക്കുന്ന ജസ്റ്റിസ് അരുൺ മിശ്രയുടെ കോടതിയിലാണ്  വളരെ രാഷ്ട്രിയ പ്രാധാന്യമുള്ള ജസ്റ്റിസ് ബി എച്ച് ലോയ കേസും പ്രൈവറ്റ് മെഡിക്കൽ കോളേജ് അഡ്‌മിഷൻ  കേസും നല്കിയിരിക്കുന്നത്.  “റോസ്റ്റർ പ്രകാരം ബെഞ്ചിലെ എണ്ണവും  അതിന്റെ ഘടനയും നിശ്ചയിച്ചു രൂപീകരിക്കപ്പെടുന്ന ഉചിതമായ ബെഞ്ചുകൾ  വേണം കേസുകൾ തീർപ്പു കൽപ്പിക്കാൻ” എന്ന് കൊളീജിയത്തിലെ നാല്  അംഗങ്ങളുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.  ഇത്  കർശനമായി മുറുകെ പിടിക്കുന്നില്ലെന്ന് പറയേണ്ടിവന്നതിൽ തങ്ങൾക്ക് ദുഃഖമുണ്ടെന്നും ഒരളവു വരെ ഇതു കോടതിയുടെ പ്രതിച്ഛായ മോശമാക്കി കഴിഞ്ഞുവെന്നും കത്തിൽ പറഞ്ഞു.

ലോയ കേസ് ആണോ തർക്ക കാരണമെന്ന പത്രസമ്മേളനത്തിലെ ചോദ്യത്തിന് അവർ നൽകിയ മറുപടി, “ഞങ്ങൾ ഇന്ന് രാവിലെയും ചീഫ് ജസ്റ്റിസിനെ കണ്ടു, പക്ഷെ ഞങ്ങൾ പറയുന്നതാണ് ശരിയെന്നു അദ്ദേഹത്തെ ബോധ്യപെടുത്താൻ ദൗർഭാഗ്യവശാൽ കഴിഞ്ഞില്ല” എന്നായിരുന്നു. ലോയ കേസ് രാഷ്ടിയത്തിൽ നിര്ണായകമാകുന്നത് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്രാബുദ്ദിൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് വിധി പറയാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേ അദ്ദേഹം ദുരൂഹമായ സാഹചര്യത്തിൽ മരിച്ചതാണ്.

ഗുജറാത്തിലെ ഈ കേസ് സുപ്രിം കോടതിയാണ് മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. സിബിഐ ജഡ്ജ് ലോയ ‘ഹൃദയ സ്തംഭന0’ മൂലം  മരിച്ചുവെന്നത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ 2017 ൽ  കാരവൻ  പാത്രത്തിൽ ചോദ്യം ചെയ്തതോടെയാണ് അമിത് ഷാ സംശയത്തിന്റെ നിഴലിലായത്. ലോയ മരിച്ച ശേഷം സ്ഥാനമേറ്റ സിബിഐ ജഡ്‌ജി അടുത്ത മാസം അമിത് ഷായെ വെറുതെ വിടുകയും ചെയ്തു.

പൊതു താല്പര്യ ഹർജിയിന്മേൽ ലോയ കേസ് മുംബൈ ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കെ, അത് സുപ്രിം കോടതിയുടെ ഇപ്പോഴത്തെ ബെഞ്ച് പരിഗണനക്കെടുക്കരുതെന്ന് രണ്ടു മുതിർന്ന അഭിഭാഷകർ തൊഴുകൈയോടെയാണ്  കോടതിയിൽ വെള്ളിയാഴ്ച ആവശ്യപ്പെട്ടത്. പക്ഷെ സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ച് അത് നിരസിച്ചു.

ജുഡീഷ്യറി കൂടി ഉൾപ്പെട്ട മെഡിക്കൽ അഡ്മിഷൻ അഴിമതി 2017 നവമ്പറിൽ അഞ്ചംഗ ബെഞ്ചിന് വിട്ടുകൊണ്ടു ജസ്റ്റിസ് ചെലമേശ്വർ  പുറപ്പെടുവിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റദ്ദാക്കുകയും സീനിയർ ജഡ്‌ജിമാർ ആരുമില്ലാത്ത ഒരു മുന്നംഗ ബെഞ്ചിലേക്ക് കേസ് മാറ്റുകയും ചെയ്തതാണ് മറ്റൊരു തർക്ക വിഷയം. ഔദ്യോഗിക രജിസ്ട്രേഷൻ  ലഭിക്കാതിരുന്ന മെഡിക്കൽ കൊളേജുകൾക്ക് അനുകൂലമായി കോടതി ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്ത് ഉന്നത ജുഡീഷ്യറിയിൽ ഉള്ളവർ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് പ്രത്യേക അന്വേഷണം  സംഘം (എസ്  ഐ ടി ) അന്വേഷിക്കണമെന്നു ഉത്തരവിറക്കിയ ചെലമേശ്വറിന്റെ കോടതിയിൽ നിന്നും ചീഫ് ജസ്റ്റിസ് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഒറീസ ഹൈക്കോടതിയിലെ മുൻ ജഡ്‌ജി ഐ എം ഖുദ്ദുസി ഉൾപ്പെട്ട മെഡിക്കൽ കേസ് ജുഡീഷ്യറിയുടെ അഴിമതി എത്രത്തോളം ആഴത്തിലേക്ക് ആണ്ടിറങ്ങിയെന്നത് വ്യക്തമാക്കുന്നു.

രാഷ്ട്രീയ പ്രാധാന്യമുള്ള ഇത്തരം കേസുകൾ ചില പ്രത്യേക ബെഞ്ചുകളിലേക്ക് നൽകി ഉദ്ദേശിക്കുന്ന വിധി ഉണ്ടാക്കിയെടുക്കുമ്പോൾ ജങ്ങൾക്കു നീതി ന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപെടുമെന്നതിൽ തർക്കമില്ല. ഇന്ത്യയുടെ ജനാധിപത്യം തകരുമെന്നതിലും. “20 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ സുപ്രീം കോടതിയെ സംരക്ഷിച്ചില്ലെന്ന്  ആരും പറയാതിരിക്കാൻ” തുറന്നു പറയുന്നുവെന്നാണ് ജഡ്ജിമാർ പറഞ്ഞത്.

“ചെങ്കൽ നിർമിതമായ ഈ മന്ദിരം ഒരിക്കൽ ഇന്ത്യൻ ജനത വേണ്ടെന്നു വയ്ക്കും” എന്ന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മുമ്പൊരിക്കൽ പ്രവാച സ്വരത്തിൽ പറഞ്ഞത് ഇതിനോട് കൂട്ടിവായിക്കണം. ഒരു മെഡിക്കൽ കേസ്, അല്ലെങ്കിൽ ലോയ കേസ് മാത്രമാണിതെന്ന് ചുരുക്കി കെട്ടാനാവില്ല. അതുപോലെ തന്നെ ചീഫ് ജസ്റ്റിസിന്റെ ഭരണരീതിയോടുള്ള സഹ ജഡ്ജുമാരുടെ കലാപമാണ് ഇതെന്നും കാണാനാവില്ല. ഇത് ഇന്ത്യൻ ജുഡീഷ്യറിയുടെ ഘടനാപരമായ നീതി നിർവഹണ രീതി, കാലാതിവർത്തിയായ നീതി ശാസ്ത്രം (ജൂറിസ്പ്രുഡൻസ്) എന്നിവയുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. കോടതിയുടെ സുതാര്യതയാണ്, സത്യസന്ധതയാണ്, നീതി മാത്രമേ ആ പീഠത്തിൽ നിന്നും പുറത്തു വരുന്നുള്ളു എന്ന കൃത്യതയാണ് ഇവിടത്തെ കാതലായ വിഷയം.

സുപ്രിം കോടതിയിലെ ‘ഭിന്നത’ തീർക്കാൻ ഏഴംഗ സമിതിയെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. അവർ ‘ഭിന്നത’ തീർക്കുമായിരിക്കും, കാരണം ഉന്നത നീതി പീഠം  ഭിന്നിച്ചു നിൽക്കുന്നത് ഭീമമായ ഫീസ് വാങ്ങി, ഞട്ടിപ്പിക്കുന്ന ക്രയ വിക്രയം നടത്തി നിയമത്തെയും നീതിയെയും അമ്മാനമാടിക്കൊണ്ടിരിക്കുന്നവർക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്നതുകൊണ്ട്.  പക്ഷെ, ഇന്ത്യൻ ജുഡീഷ്യറിയെ ആര് രക്ഷിക്കും. സീസറിന്റെ ഭാര്യ സംശയാതീതയാവണം. ഇന്ത്യൻ ജനതക്ക് ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം പുനർജനിക്കണം, അതിനു നാം ദീർഘ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

 

Related News