Monday
17 Dec 2018

സുപ്രിം കോടതി പ്രതിസന്ധി തുറന്നുകാട്ടുന്നത് രാഷ്ട്രീയ ജീര്‍ണത

By: Web Desk | Friday 12 January 2018 10:49 PM IST

ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ചരിത്രത്തില്‍ അനന്യസാധാരണമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. പരമോന്നത കോടതിയുടെ ഭരണനിര്‍വഹണം ക്രമരഹിതമാണ്. അവിടെ നടക്കുന്ന സംഭവങ്ങള്‍ അഭിലഷണീയമല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി കോടതിയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ആശങ്കയുണ്ടാക്കുന്ന അത്തരം സംശയങ്ങളുടെ സ്ഥിരീകരണമാണ് ഇന്നലെ സുപ്രിം കോടതിയുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. രാജ്യത്തിന്റെയും പരമോന്നത കോടതിയുടെയും ചരിത്രത്തില്‍ ആദ്യമായി ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന നാല് ന്യായാധിപന്മാര്‍ കോടതിവിട്ടിറങ്ങി മാധ്യമപ്രവര്‍ത്തകരെ കണ്ടാണ് രാജ്യത്തിന്റെ ആശങ്ക സ്ഥിരീകരിച്ചത്. സുപ്രിം കോടതിയുടെ നീതിന്യായ ഭരണനിര്‍വഹണത്തിലും അതിന്റെ അനഭിലഷണീയതയിലും ഉല്‍ക്കണ്ഠാകുലരായ നാല് ന്യായാധിപന്മാരും നീതിന്യായ വ്യവസ്ഥയും അതുവഴി രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയും അതീവ അപകടാവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കി. പരിഹാര മാര്‍ഗങ്ങള്‍ക്കായി തങ്ങള്‍ നടത്തിയ വ്യവസ്ഥാപിതമായ എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് അഭൂതപൂര്‍വമായ നടപടിക്ക് നിര്‍ബന്ധിതരായതെന്ന് അറിയിച്ചു. സുപ്രിം കോടതിക്ക് അതിന്റെ സമചിത്തത നഷ്ടമായിരിക്കുന്നു. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ കൂടാതെ ജനാധിപത്യത്തിന് നിലനില്‍പില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. സുപ്രിം കോടതി ഇന്ന് അഭിമുഖീകരിക്കുന്ന ഈ ദുരവസ്ഥയുടെ ഉത്തരവാദി ചീഫ് ജസ്റ്റിസാണെന്ന് അവരുടെ വാര്‍ത്താസമ്മേളനവും ചീഫ് ജസ്റ്റിസിന് അവര്‍ നല്‍കിയതും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്തതുമായ കത്തും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഇപ്പോഴത്തെ അസാധാരണ നടപടിക്ക് തങ്ങളെ നിര്‍ബന്ധിതമാക്കിയത് സോഹ്‌റാബുദീന്‍ ഷേയ്ക്ക് ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്തിരുന്ന മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജ് ബി എച്ച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വെളിപ്പെടുത്തി. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനെ തുടര്‍ന്ന, ആ പദവിയിലേക്ക് ഉയര്‍ത്തപ്പെടേണ്ട ഏറ്റവും മുതിര്‍ന്ന ന്യായാധിപനാണ് ജസ്റ്റിസ് ഗൊഗോയ്.
പരമോന്നത കോടതിയിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപന്മാര്‍ തമ്മിലുള്ള വ്യക്തിഗതമോ അധികാരം സംബന്ധിച്ചോ ഉള്ള അഭിപ്രായ വ്യത്യാസങ്ങളോ തര്‍ക്കങ്ങളോ അല്ല ഈ അസാധാരണ പ്രതിസന്ധിക്ക് കാരണം. ജസ്റ്റിസ് ലോയയുടെ കേസില്‍ ബെഞ്ച് നിശ്ചയിക്കുന്നതില്‍ മുതിര്‍ന്ന ന്യായാധിപന്മാര്‍ക്കും ചീഫ് ജസ്റ്റിസിനും ഇടയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഒരു മെഡിക്കല്‍ കോളജിന് അംഗീകാരം നല്‍കുന്നതില്‍ ന്യായാധിപന്മാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസിലും ബെഞ്ച് നിശ്ചയിക്കുന്നതില്‍ ഭിന്നത ഉണ്ടായിരുന്നു. കോടതിയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ആ തര്‍ക്കങ്ങള്‍ പ്രസക്തവും പരിഹരിക്കപ്പെടേണ്ടതുമാണ്. അവയെല്ലാംതന്നെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ ആഭ്യന്തര ബലതന്ത്രത്തിന്റെയും കീഴ്‌വഴക്കങ്ങളുടെയും പ്രശ്‌നങ്ങളാണ്. സ്വതന്ത്ര ജുഡിഷ്യറിയില്‍ വിവേകശാലികളായ ന്യായാധിപന്മാര്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതിന്റെ സ്വയം ഭരണാധികാരത്തില്‍ ബാഹ്യ ഇടപെടല്‍കൂടാതെ മാര്‍ഗമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ജുഡിഷ്യറിയുടെ സ്വതന്ത്ര നിലനില്‍പും അതിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വെല്ലുവിളിയുമാണ് തുറന്നുകാട്ടുന്നത്. അതിന്റെ തായ്‌വേരുകള്‍ ചെന്നെത്തിനില്‍ക്കുന്നത് രാജ്യത്തിന്റെ ജീര്‍ണിച്ച രാഷ്ട്രീയത്തിലും അതിനെ നിലനിര്‍ത്തുന്ന അഴിമതിയിലുമാണ്. ഈ അവസ്ഥ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത് ബിജെപിയെയും അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയസംസ്‌കാരത്തെയുമാണ്. അതിന്റെ കേന്ദ്രസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും.
പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത്ഷാ ആഭ്യന്തര മന്ത്രിയുമായിരിക്കെയാണ് ആ സംസ്ഥാനത്ത് ആയിരങ്ങള്‍ അതിനിഷ്ഠുരമായി കൊലചെയ്യപ്പെട്ട വര്‍ഗീയ കലാപം ഉണ്ടായത്. അതേകാലയളവില്‍ തന്നെയാണ് സൊഹറാബുദീന്‍ ഷേയ്ക്ക് അടക്കം അനവധിപേര്‍ പൊലീസ് ഭീകര ഏറ്റുമുട്ടലിന്റെ മറവില്‍ അരുംകൊല ചെയ്യപ്പെട്ടത്. രാഷ്ട്രീയ അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും പിന്‍ബലത്തിലാണ് മോഡിയും അമിത്ഷായുമടക്കം നിയമത്തിന്റെ കരങ്ങളില്‍ നിന്നും വഴുതി രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. മോഡി വാഴ്ചയില്‍ നീതിലഭിക്കില്ലെന്ന ഉത്തമ ബോധ്യമാണ് സൊഹറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് മുംബൈ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസില്‍ നേരിട്ടു ഹാജരാകാന്‍ അമിത്ഷാ നിരന്തരം വിസമ്മതിച്ചിരുന്നു. പ്രത്യേക സിബിഐ കോടതി ജഡ്ജായിരുന്ന ബി എച്ച് ലോയ, അമിത്ഷാ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കര്‍ക്കശ നിര്‍ദേശം നല്‍കി. ലോയയെ പിന്തിരിപ്പിക്കാന്‍ നൂറുകോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടതായും അതിന് അദ്ദേഹം വഴങ്ങിയില്ലെന്നും ആരോപണം ഉണ്ട്. അമിത്ഷാ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതിന് തൊട്ടുമുമ്പാണ് ജസ്റ്റിസ് ലോയയുടെ ദുരൂഹ അന്ത്യം. ആ കേസ് പരിഗണിക്കേണ്ട ബെഞ്ച് നിശ്ചയിക്കുന്നത് സംബന്ധിച്ചാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന ന്യായാധിപന്മാരും തമ്മിലുള്ള തര്‍ക്കം ഉടലെടുക്കുന്നത്. ഇത് കേവലം നിതിന്യായ സംവിധാനത്തിന്റെ പ്രശ്‌നമല്ല. മറിച്ച്, രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഫാസിസത്തിന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നത്.