Monday
16 Jul 2018

നിയമ നടപടികള്‍ക്കെതിരെയുള്ള സ്റ്റേക്ക് ആറുമാസം മാത്രം കാലാവധി: സുപ്രിംകോടതി

By: Web Desk | Thursday 29 March 2018 9:15 PM IST

ന്യൂഡല്‍ഹി: നിയമ നടപടികളെ തടസപ്പെടുത്തുന്ന കോടതികളുടെ സ്‌റ്റേ ഓര്‍ഡറുകള്‍ക്ക് ആറുമാസത്തെ കാലാവധി നിശ്ചയിച്ച് സുപ്രിം കോടതി. കോടതി സ്‌റ്റേ മൂലം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരമുണ്ടാകാന്‍ ഈ വിധി നിമിത്തമായേക്കും.
നിലവില്‍ കോടതി സ്‌റ്റേ മൂലം നിയമ നടപടികള്‍ നിര്‍ത്തിവെച്ച എല്ലാ കേസുകളും ആറുമാസത്തിനു ശേഷം പുനരാരംഭിക്കാമെന്ന് കോടതി വിധിച്ചു. ആറുമാസത്തിലേക്കാള്‍ കൂടുതല്‍ ദിവസം സ്‌റ്റേ വേണമെന്ന് ജഡ്ജി കരുതുന്ന കേസുകളിലെ വിധിയില്‍ സ്‌റ്റേ നീട്ടുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോടതികള്‍ ഇനി മുതല്‍ നല്‍കുന്ന സ്‌റ്റേ ഉത്തരവുകള്‍ക്കും വിധി ബാധകമാകും. സ്‌റ്റേ ആറുമാസത്തിലധികം നീട്ടണമെങ്കില്‍ എല്ലാ കാരണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള സ്പീക്കിങ്ങ് ഓര്‍ഡര്‍ പുറപ്പെടുവിക്കണമെന്നും വിധിയില്‍ ഉണ്ട്. സ്പീക്കിങ്ങ് ഓര്‍ഡറില്‍ കേസ് തീര്‍പ്പ് കല്‍പ്പിക്കുന്നതിനേക്കാള്‍ സ്‌റ്റേ നീട്ടുകയാണ് പ്രധാനമെന്ന് വ്യക്തമാക്കാന്‍ സാധിക്കണം. കേസിന്റെ പ്രത്യേക സ്വഭാവവും വിധിയില്‍ വ്യക്തമാക്കണമെന്നും സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
20 വര്‍ഷം മുമ്പ് സിബിഐ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി റോഡ് നിര്‍മാണത്തിലെ അഴിമതി സബന്ധിച്ച് കേസ് പരിഗണിച്ചപ്പോഴാണ് ബെഞ്ച് സ്‌റ്റേക്ക് കാലാവധി നിശ്ചയിച്ച് വിധി പുറപ്പെടുവിച്ചത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുകയായിരുന്നു. പിന്നീട് 2013ലാണ് കേസ് സുപ്രിംകോടതിയിലെത്തുന്നത്. 2016ല്‍ നിയമ മന്ത്രാലയത്തിന്റൈ പഠന കമ്മിഷന്‍ സ്‌റ്റേ ഓര്‍ഡറുകള്‍ കേസുകളുടെ വാദം തുടരുന്നത് വര്‍ഷങ്ങളോളം തടയുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാന് സ്‌റ്റേക്ക് കാലാവധി നിശ്ചയിച്ചത്.

Related News