Sunday
22 Apr 2018

ജയിലുകളുടെ ദയനീയമായ അവസ്ഥയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

By: Web Desk | Sunday 1 April 2018 5:03 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളുടെ ദയനീയമായ അവസ്ഥയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിം കോടതി. ജയിലുകളില്‍ അനുവദനീയമായ തടവുകാരെക്കാള്‍ 600 മടങ്ങ് എണ്ണം കുറ്റവാളികളെ പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഗര്‍വാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

അനുവദനീയമായ എണ്ണത്തെക്കാള്‍ തടവുകാരെ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്ന് ജസ്റ്റിസ്മാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. ജയിലുകളില്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ജയില്‍ ഡിജിപിമാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ബഞ്ച് വ്യക്തമാക്കി. ജയിലുകളുടെ നവീകരണ പ്രവര്‍ത്തനം സംബന്ധിച്ച് 2016 മെയ് 6ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ്, ഗോവ, ഡല്‍ഹി, അസം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്. അമിക്കസ്‌ക്യൂറിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു സംസ്ഥാനം പോലും റിപ്പോര്‍ട്ട് നല്‍കിയില്ല. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം 2017 മാര്‍ച്ച് 31 വരെ നീട്ടി. അപ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം.

ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുന്നു എന്ന കാര്യത്തില്‍ വ്യക്തമായ രൂപരേഖ സമര്‍പ്പിക്കാനാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ രാജ്യത്തെ മൊത്തം ജയിലുകളില്‍ 7,72,230 തസ്തികകളാണ് അനുവദിച്ചത്. ഇതില്‍ 22,548 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇക്കാര്യത്തിലും സര്‍ക്കാരിന്‍റെ നിലപാടെന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Related News