Monday
16 Jul 2018

ഗാന്ധിവധത്തില്‍ പുനഃരന്വേഷണമില്ല: സുപ്രിം കോടതി ഘാതകന്‍ ഗോഡ്‌സെ തന്നെ

By: Web Desk | Wednesday 28 March 2018 5:59 PM IST

ന്യൂഡല്‍ഹി: ഗാന്ധിവധത്തില്‍ പുനഃരന്വേഷണമില്ലെന്ന് സുപ്രിം കോടതി. നാഥുറാം ഗോഡ്‌സെ തന്നെയാണ് ഗാന്ധിയെ വെടിവച്ച് കൊന്നതെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. ഗോഡ്‌സെയെ കൂടാതെ മറ്റൊരാള്‍ വെടിയുതിര്‍ത്തെന്ന വാദത്തിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ഗാന്ധിവധത്തില്‍ പുനഃരന്വേഷണം വേണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. ഗാന്ധിയുടെ വധത്തില്‍ ദുരൂഹതയില്ലെന്നും അതുകൊണ്ട് തന്നെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളുകയുമാണെന്ന് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
‘എന്താണ് സംഭവിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് അത് എപ്പോഴേ അറിയാം. അവരുടെ മനസില്‍ സംശയങ്ങളുണ്ടാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. കൊലപാതകം ചെയ്തയാളെ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്തു കഴിഞ്ഞു. അത് ഇനി പുനരന്വേഷിക്കുകയില്ല’ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാളാണ് ഇത് ഉതിര്‍ത്തതെന്നും ചൂണ്ടിക്കാട്ടി അഭിനവ് ഭാരത് എന്ന ട്രസ്റ്റിന്റെ ഉടമ പങ്കജ് ഫഡ്‌നിസ് എന്നയാളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കേസില്‍ പുനഃരന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ്‌ക്യൂറിയായ അമനേന്ദ്ര സിങ് ജനുവരിയില്‍ കോടതിയെ അറിയിച്ചിരുന്നു. നാഥുറാം ഗോഡ്‌സെ തന്നെയാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്നും വിദേശ ഏജന്‍സികള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി തെളിവില്ലെന്നുമാണ് അമിക്കസ്‌ക്യൂറി കോടതിയില്‍ വ്യക്തമാക്കിയത്.
ഗാന്ധിവധം അന്വേഷിച്ച ജെഎല്‍ കപൂര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും വിചാരണക്കോടതിയിലെ രേഖകളുമുള്‍പ്പെടെ പരിശോധിച്ചെന്നും ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. മഹാത്മാ ഗാന്ധിയുടെ ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ടകള്‍, അവ ഏതു തോക്കില്‍നിന്ന്, വധത്തിനു പിന്നിലെ ഗൂഢാലോചന, അതിലേക്കു നയിച്ച പ്രത്യയശാസ്ത്രം തുടങ്ങിയവയെല്ലാം വ്യക്തമായിട്ടുള്ളതാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.
വിചാരണ കോടതിയുടെ 4000 പേജ് വരുന്ന രേഖകളും 1969 ലെ ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏഴ് മാസമായി 12 തവണയാണ് സുപ്രിം കോടതി കേസ് പരിഗണിച്ചത്.

Photo Courtesy: The Wire

Related News